Tuesday, 17 September 2013

ഉപ്പും മധുരവും

ഇവിടുള്ളവർ ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ഏതു മധുരപലഹാരം ഉണ്ടാക്കുമ്പോഴും അതിൽ ഒരു നുള്ള്‌ ഉപ്പ്‌ ചേർക്കും! എന്നു വെച്ചാൽ, ഒരു നുള്ളു മാത്രം. ഒരേയൊരു നുള്ള്‌. നമ്മുടെ നാട്ടിലെ അമ്മമാർക്കും ഈ സൂത്രമറിയാമെന്നു തോന്നുന്നു (ഉപ്പു ചേർക്കുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ല. ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്‌). നാരങ്ങാ വെള്ളത്തിൽ പഞ്ചസാരയിട്ടിളക്കുന്നതിനൊപ്പം ഒരു നുള്ളു ഉപ്പു കൂടി ചേർക്കുമ്പോൾ അതിന്റെ സ്വാദ്‌ വർദ്ധിക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ നാട്ടിൽ 'ബോഞ്ചി' എന്നാണ്‌ പറയുക. അതാണ്‌ നാരങ്ങാ വെള്ളത്തിനു ഏറ്റവും യോജിച്ച്‌ പേര്‌ എന്നു തോന്നിയിട്ടുണ്ട്‌. എത്ര സുന്ദരമായ പേര്‌!. ആ പേരിട്ടയാൾക്ക്‌ എന്റെ വകയും അഭിനന്ദനങ്ങൾ!

ഓ! പറയാൻ വന്നതു മറന്നു! (എന്നെ കൊണ്ട്‌ ഞാൻ തോറ്റു!).
ഈ ഉപ്പു ചേർക്കലിനു കാരണമന്വേഷിച്ചപ്പോൾ കിട്ടിയ 'കിവി' മറുപടി ഇതായിരുന്നു:
"മധുരത്തിന്റെ മധുരം പൂർണ്ണമാവണമെങ്കിൽ അതിലൽപ്പം ഉപ്പ്‌ ചേർക്കണം!"

എന്റെ ചിന്ത അതിൽ നിന്നും നേരെ ഉരുണ്ട്‌ പോയത്‌ മറ്റൊരു കാര്യത്തിലാണ്‌. മധുരത്തിനു പൂർണ്ണത വരും പോലെയല്ലേ പുരുഷനു സ്ത്രീയും?. ഏതൊരു പുരുഷനും പൂർണ്ണനായി തീരണമെങ്കിൽ സ്ത്രീ കൂടിയെ തീരു?. ഈ പൂർണ്ണതയെ അല്ലേ മാമുനികൾ 'ശിവശക്തി' എന്നു വിളിച്ചത്‌? ആയിരിക്കാം..

ഇത്രയുമായപ്പോൾ എന്റെ ചിന്തകൾ നേരെ എതിർ ദിശയിലേക്ക്‌ ഉരുളാൻ തുടങ്ങി.
അപ്പോൾ ഉപ്പിന്റെ കാര്യമോ?

ഉപ്പിന്റെ കൂടെ അൽപ്പം മധുരം ചേർത്താൽ നന്നാവാറില്ല. അതെന്താ?.
ഇതാ കാരണം!
ഉപ്പ്‌ സ്വയം പൂർണ്ണമാണ്‌!.
അതു പോലെയല്ലേ ശക്തിയും?.
അതു പോലെയല്ലേ സ്ത്രീയും?.

ഒരു നുള്ള്‌ ഉപ്പിൽ നിന്ന് ഇവിടം വരെയെത്തി. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ;)

പക്ഷെ മറ്റൊരു സത്യമുണ്ട്‌..ഏതൊരു സ്ത്രീയും പൂർണ്ണയാവുന്നത്‌ അമ്മയാകുമ്പോഴാണ്‌. ഒരു പക്ഷെ ആ ഒരു കാര്യത്തിൽ മാത്രമാവും പുരുഷനു എന്തെങ്കിലും അവകാശപ്പെടാൻ കഴിയുക!

ഇനി ചിന്തകൾക്ക്‌ അൽപ്പം വിശ്രമം..

ഇനി നാളെ..
അതു വരെ നിങ്ങൾ ജീവിതത്തിലെ ഉപ്പും മധുരവും എന്തൊക്കെ, ഏതൊക്കെ എന്നു കണ്ടുപിടിക്കൂ!

1 comment:

  1. ഉപ്പുചേർത്ത മധുരമുള്ള ചിന്തകൾ

    ReplyDelete