Wednesday, 2 October 2013

എങ്ങനെ?

പ്രമുഖമതങ്ങളെല്ലാം ഏക ദൈവം എന്ന വിശ്വാസത്തിലൂന്നിയാണ്‌ നിൽക്കുന്നത്‌. ഈ പ്രമുഖമതങ്ങളിലെ ജ്ഞാനികൾ എന്നു പറയപ്പെടുന്നവർ പറയുന്നത്‌ എല്ലാ മതങ്ങളിലെ ദൈവവും യഥാർത്ഥത്തിൽ ഒരു ദൈവമാണെന്നും. ഒരുപാട്‌ ദൈവങ്ങൾ ഉണ്ടായാലും ഒരു ദൈവം മാത്രം ഉണ്ടായാലും ചില കാര്യങ്ങളിൽ എല്ലാരും ഒരേ സ്വരക്കാരാണ്‌. ദൈവം സർവ്വവ്യാപിയാണ്‌. കരുണാമയനാണ്‌ (എന്തു തെറ്റും ചെയ്താലും ക്ഷമിച്ചു കൊടുക്കും). ഞൊടിയിടയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ്‌. പോരാഞ്ഞിട്ട്‌. എല്ലാ ദൈവങ്ങളും സ്നേഹത്തിനെ നിറകുടങ്ങളുമാണ്‌. അപ്പോൾ എന്തു കൊണ്ട്‌ ഈ ദൈവത്തെ ആരാധിക്കുന്നവർ തമ്മിൽ തല്ലു കൂടുന്നു?!. ഒന്നുകിൽ അവർ വിശ്വസിക്കുന്നു എന്നു പറയുന്ന ദൈവത്തെ അവർ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ അവർ വിശ്വസിക്കുന്ന ദൈവത്തെ വിശ്വസിക്കാത്തവരെ അവർ വിശ്വസിക്കുന്നില്ല!. വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത്‌(ഉണ്ടാകുകയല്ല) വിശ്വാസികൾ ആണെന്ന് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്‌.

ഇന്നാലോചിച്ചപ്പോൾ ഒന്നു തെളിഞ്ഞു വന്നു. വെറും രണ്ടു കൂട്ടരെ ഉള്ളൂ - വിശ്വാസികളും അവിശ്വാസികളും.

വിശ്വാസികൾ ഭൂരിപക്ഷമാണ്‌. വിശ്വാസികൾക്ക്‌ പല ദൈവങ്ങളുണ്ട്‌. അവർ തമ്മിൽ അവിശ്വസിക്കുകയും, അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാത്തവരെ തള്ളിപ്പറയുകയും ചെയ്യുന്നു.

എന്നാൽ അവിശ്വാസികൾ ന്യൂനപക്ഷമാണ്‌ - അവർക്ക്‌ ഒരു വിശ്വാസമേയുള്ളൂ - അവർ ഈ പറയുന്ന മതങ്ങളിൽ പെട്ട ദൈവങ്ങളിൽ ഒന്നിലും വിശ്വസിക്കുന്നില്ല എന്ന കാര്യത്തിൽ മാത്രം. അവർ തമ്മിൽ അഭിപ്രായവ്യത്യാസവുമില്ല.

അപ്പോൾ വിശ്വാസികളെക്കാൾ ഒരു പടി അവിശ്വാസികളല്ലേ മുന്നിൽ?
അവർ ഒരു വിഭാഗം മാത്രം. അവർക്ക്‌ തമ്മിൽ തല്ലു കൂടാൻ കാരണങ്ങളില്ല. അവർ കാരണം ലോകത്ത്‌ ഒരിടത്തും ഒരു ചോരപ്പുഴയും ഇതുവരെ ഉണ്ടായിട്ടില്ല. അവർക്ക്‌ ആചാരങ്ങളുമില്ല, അനാചാരങ്ങളുമില്ല, അന്ധവിശ്വാസങ്ങളില്ല, അനുയായികളില്ല, ആൾദൈവങ്ങളില്ല, ആരാധാനാലയങ്ങളില്ല, അവരെ തിരിച്ചറിയാൻ വേഷം കൊണ്ടോ, രൂപം കൊണ്ടോ സാധിക്കില്ല. അങ്ങനെ മനുഷ്യനെ മനുഷ്യനിൽ നിന്നു വേർതിരിക്കുന്ന ഒന്നും അവർ ചെയ്യുന്നില്ല, കൊണ്ടു നടക്കുന്നുമില്ല.

നമ്മൾ വിശ്വാസികളെക്കാൾ അവിശ്വാസികളെ വിശ്വസിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. അവിശ്വാസികളാകാൻ പഠിക്കേണ്ടിയിരിക്കുന്നു.

ഇനി നാളെ..

No comments:

Post a Comment