Friday, 16 August 2013

ഒരു കിളി

കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ പ്രശസ്ത എഴുത്തുകാരൻ Poulo Coelho യുടെ ബ്ലോഗ്‌ വായിക്കാനിടയായി (http://paulocoelhoblog.com/).

അദ്ദേഹത്തെ കുറിച്ച്‌ അധികം പറയേണ്ട കാര്യമില്ല. ലോകത്തിന്റെ പലഭാഗത്തുമുള്ള ആയിരങ്ങളുമായി നിരന്തരം ട്വിറ്ററിലൂടെയും, ബ്ലോഗിലൂടെയും അദ്ദേഹം സമ്പർക്കം പുലർത്തി കൊണ്ടിരിക്കുന്നു. ബ്രസീൽ എന്ന രാജ്യത്തെ കുറിച്ച്‌ ഓർക്കുമ്പോൾ പലപ്പോഴും അത്‌ 'കാൽപ്പന്ത്‌ കളിയുടെ നാട്‌' എന്ന കാര്യമാവും ഓർമ്മ വരിക. Paulo Coelho ബ്രസീലുകാരനാണ്‌. ഉപയോഗിക്കുന്ന ഭാഷ ബ്രസീലിയൻ ഡച്ച്‌ (പോർച്ചുഗീസ്‌ ഡച്ച്‌ വേറെ എന്നാണറിവ്‌). അദ്ദേഹത്തിന്റെ ബ്ലോഗിൽ പോയാൽ അവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോകൾ കാണാം, പുതിയ പുസ്തകത്തെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കാം. എഴുത്തിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേൾക്കാം.

Paulo Coelho എന്ന എഴുത്തുകാരന്റെ സാഹിത്യത്തെ കുറിച്ച്‌ ഭിന്നാഭിപ്രായമാണ്‌ വായനക്കാർക്കിടയിൽ. ചിലർക്ക്‌ അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടമാണ്‌. ചിലർക്ക്‌ 'അൽക്കെമിസ്റ്റ്‌' എന്ന പുസ്തകം മാത്രമാണിഷ്ടം. അതിനു ശേഷം വന്ന പുസ്തകങ്ങൾ എല്ലാം സമാന സ്വഭാവമോ, ശൈലിയോ ഉള്ളതാണെന്ന ആക്ഷേപവുമുണ്ട്‌. അദ്ദേഹം ധാരാളം എഴുതാറുണ്ട്‌ എന്നു ശ്രദ്ധയിൽ പെട്ടു. ശരിക്കു പറഞ്ഞാൽ ദിവസവും എഴുതാറുണ്ടെന്നു തോന്നുന്നു. അപ്പോൾ തോന്നി ആർക്കും ദിവസവും എഴുതാവുന്നതേയുള്ളൂ. അതിനൊരു താത്പര്യമുണ്ടായിരുന്നാൽ മതി!. എഴുതാൻ ഒരു ആവേശവും, എഴുതുന്നതെല്ലാം സ്വയം ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ ആർക്കും എഴുതാം. എനിക്കതൊന്നു ശ്രമിച്ച്‌ നോക്കണമെന്നു തോന്നി. അതാണീ ഈ പുതിയ ബ്ലോഗ്‌ തുടങ്ങാനുള്ള കാരണം. ഇവിടെ ഞാനെന്തെങ്കിലും ദിവസവും കുറിക്കും (ചിലപ്പോൾ ഒരു വരി മാത്രമായിരിക്കും..ചിലപ്പോൾ കുറച്ച്‌ കൂടുതൽ). ഇതെത്ര നാൾ നടത്താൻ കഴിയുമെന്നു ഒരു പിടിയുമില്ല. ഇടയ്ക്ക്‌ മുടങ്ങി പോകാനുള്ള സാദ്ധ്യത വളരെയധികമാണ്‌. എങ്കിലും ശ്രമിക്കുന്നത്‌ രസകരകമായ ഒരു സംഗതിയായിരിക്കുമെന്നു വിശ്വസിക്കുന്നു. ഒരു മാനസിക വ്യായാമമെങ്കിലും ആകുമല്ലോ എന്നൊരു ആശ്വാസവുമുണ്ട്‌!

ചിലർ ചോദിച്ചേക്കാം,
'ഇതിനും മാത്രം ചിന്തകളുണ്ടോ?'
'ഉണ്ടല്ലോ! എനിക്കു മാത്രമല്ല, എല്ലാവർക്കും. ചിന്തകളെ കുറിച്ച്‌ ആരും ചിന്തിക്കാത്തത്‌ കൊണ്ട്‌ അറിയുന്നില്ല എന്നേയുള്ളൂ!'

പല ചിന്തകളും വരികയും, മാഞ്ഞോ, മറഞ്ഞോ പോവുകയും ചെയ്യുന്നു! (എവിടെ പോകുന്നു എന്ന പ്രസക്തമായ ചോദ്യം സൗകര്യപൂർവ്വം വിടുന്നു!. ചില കാര്യങ്ങൾ സൗകര്യമനുസരിച്ച്‌ ഇങ്ങനെ വിട്ടു കളയാറുണ്ട്‌.).

ചില ചിന്തകൾ ആവർത്തിച്ചുണ്ടാവാറുണ്ട്‌. അതിലേറ്റവും രസകരമായ ഒരു ചിന്ത പങ്കു വെയ്ക്കുന്നു. ഇതു വായിച്ചു ചിലരെങ്കിലും (ആ വഴിക്ക്‌ ചിന്തിച്ചിട്ടില്ലാത്തവർ) ഇതേക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങുമെന്നു വെറുതെ ഒന്നാശിക്കുന്നു.

ഇതാണത്‌:
ചിന്തകളുടെ ഉത്ഭവസ്ഥാനത്തേക്കുറിച്ച്‌ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴെങ്കിലും?
ഇതുവരെയില്ലെങ്കിൽ ചിന്തിച്ചു നോക്കാവുന്നതാണ്‌. പിന്നിലേക്ക്‌ യാത്ര പോകുന്നതു പോലെയാണത്‌. കാലങ്ങളിലൂടെ, സമയത്തിലൂടെ..അനന്തതയിലേക്ക്‌!

ആദ്യത്തെ പോസ്റ്റ്‌ ഇന്നു കണ്ട ഒരു കിളിയെക്കുറിച്ചാണ്‌..തുടർന്നു വായിക്കൂ...
ഒരു ചെറിയ സംഭവമാണ്‌. ഇന്നു രാവിലെ സംഭവിച്ചതാണ്‌.

ഓഫീസിൽ പോകുന്ന വഴി. കാറിലാണ്‌ യാത്ര. ഒരു റൗണ്ട്‌ എബൗട്ടിനടുത്തെത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ണിൽ പെട്ടു. റോഡിൽ ഒരു ചെറിയ കിളി കിടക്കുന്നു. ആ കിടപ്പ്‌ കണ്ടാലറിയാം ആ കുഞ്ഞു ശരീരത്തിൽ നിന്നും ജീവൻ പോയ്ക്കഴിഞ്ഞിരിക്കുന്നു എന്ന്. അതിനു മുകളിൽ കൂടി ഒരു വാഹനം കയറി ഇറങ്ങിയോ എന്നൊരു സംശയവുമുണ്ട്‌. കുറച്ച്‌ മുൻപെ ഏതെങ്കിലും വാഹനം ഇടിച്ച്‌ അതു വീണു പോയതാവാം. ഞാനെന്റെ കാറിന്റെ വേഗത കുറച്ച്‌ അതിൽ നിന്നും മാറി വണ്ടി എടുക്കുകയായിരുന്നു. അപ്പോഴാണ്‌ മറ്റൊരു കാര്യം കണ്ടത്‌. അതിനു കുറച്ചപ്പുറം മാറി മറ്റൊരു കിളി ഇരിക്കുന്നു. അതേ നിറം, അതേ വലുപ്പം. അതു നിലത്ത്‌ വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കുകയാണ്‌. സാധാരണ ഇതു പോലുള്ള കിളികൾ വാഹനങ്ങൾ വരുമ്പോൾ, അപ്പോൾ തന്നെ പറന്നു പോവുകയാണ്‌ പതിവ്‌. എന്നാൽ ഈ കിളി അനങ്ങുന്നില്ല. ഞാൻ കൂടുതൽ ശ്രദ്ധാലുവായി. ഇതിന്റെ പുറത്ത്‌ വണ്ടി കയറാൻ പാടില്ലല്ലോ. ഇവിടെ ആരും ഹോൺ അടിക്ക‍ാറില്ല (നിശ്ശബ്ദ്ദത ഇഷ്ടപ്പെടുന്നവരാണിവിടെ). അതു കൊണ്ട്‌ ഹോൺ അടിക്കാനും തോന്നിയില്ല. വളരെ സൂക്ഷിച്ച്‌ ഞാൻ രണ്ടു കിളികളേയും സ്പർശിക്കാതെ വണ്ടിയെടുത്തു. റൗണ്ട്‌ എബൗട്ട്‌ കഴിഞ്ഞ്‌ റെയർ മിറർ വഴി നോക്കുമ്പോൾ എന്റെ പിന്നാലെ വരുന്ന വണ്ടികളും അതു പോലെ വളരെ ശ്രദ്ധിച്ച്‌ വണ്ടിയെടുക്കുന്നത്‌ കണ്ടു. അപ്പോഴും രണ്ടാമത്തെ കിളി റോഡിൽ തന്നെയുണ്ട്‌. അണുവിട മാറിയിട്ടില്ല.

എന്തിനാവും ആ കിളി അവിടെ തന്നെ ഇരിക്കുന്നത്‌? ഞാൻ അതേക്കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങി..
ആ കിളികൾ സുഹൃത്തുക്കൾ ആയിരിക്കാം, ചിലപ്പോൾ സഹോദരങ്ങൾ..ചിലപ്പോൾ പ്രണയിക്കുന്നവർ..ചിലപ്പോൾ കുറച്ച്‌ മുൻപ്‌ മാത്രം കണ്ടുമുട്ടിയവരായിരിക്കാം..ചിലപ്പോൾ അച്ഛനും മകനും, ചിൽപ്പോൾ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും..അവരുടെ കുഞ്ഞുങ്ങൾ കൂട്ടിൽ അവരെ കാത്തിരിപ്പുണ്ടാവാം.. എന്തായാലും അവർക്കിടയിൽ ഒരു ബന്ധമുണ്ട്‌. അതു തീർച്ചയാണ്‌. നിമിഷങ്ങൾക്ക്‌ മുൻപ്‌ അവർ ഒന്നിച്ച്‌ പറന്നിട്ടുണ്ടാവും. ചിലപ്പോൾ അന്യോന്യം എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും (അവർക്കും അവരുടേതായ ഒരു ഭാഷയുണ്ടെന്ന കാര്യത്തിൽ എനിക്ക്‌ സംശയമൊന്നുമില്ല). ഇപ്പോൾ അവരിരൊരാൾ താഴെ നിശ്ചലമായി കിടക്കുന്നു.. മണിക്കൂറുകൾക്കകം റോഡ്‌ വൃത്തിയാക്കുന്നവർ വന്ന് അതിനെ അവിടെ നിന്നും മാറ്റും. അതിനു ശേഷം അതിനേ കാണുവാനെ സാധിക്കില്ല. പക്ഷെ സ്വന്തം ജീവൻ പണയപ്പെടുത്തി ആ രണ്ടാമത്തെ കിളി എന്തിനു ഇത്രയും തിരക്കുള്ള ഒരു വഴിയുടെ മധ്യേ വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കണം?.. അവസാനമായി കുറച്ച്‌ നേരം കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തിരുന്നതാവുമോ?

എനിക്ക്‌ ഒരു സംശയം കൂടി തോന്നി. ഇതായിരുന്നു അത്‌ -  ചിലപ്പോൾ സ്വന്തം ജീവൻ വെടിയാൻ വേണ്ടി മനപ്പൂർവ്വം റോഡിൽ തന്നെ ഇരുന്നതാണെങ്കിലോ..?..മറ്റൊരു വാഹനം തന്റെ മേൽ വന്നു കയറുന്നതും കാത്ത്‌..

ആ ചിന്ത ഇന്നു പകൽ മുഴുവനും എന്നെ വേട്ടയാടി കൊണ്ടിരുന്നു..ഇപ്പോഴും എന്റെ കൂടെ ഉണ്ട്‌. ആ കാഴ്ച്ച ഇനി മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇനി അഥവാ മറന്നാലും, ഇടയ്ക്കിടെ തെളിഞ്ഞു വരാതിരിക്കില്ല..ചിലപ്പോൾ വലിയ കാര്യങ്ങളെക്കാൾ വളരെ ചെറിയ കാര്യങ്ങളാവും നമ്മെ ഉലച്ചു കളയുന്നത്‌..

എനിക്ക്‌ നോവുന്നു..ഇപ്പോഴും..

20 comments:

  1. ഇണയായിരിക്കാം.. വേർപിരിഞ്ഞതിലുള്ള ദുഖം ..ഇന്ന് മനുഷ്യനു നഷ്ടമാവുന്നതും.

    ReplyDelete
  2. സാബു......ദിന ലേഖനങ്ങൾക്ക് ആശംസകൾ............. കിളി എന്നേയും ചിന്തിപ്പിക്കുന്നൂ... ഇന്ന് നീ നാളെ ഞാൻ.........

    ReplyDelete
  3. ദിവസവും എഴുതാന്‍ ഒരുങ്ങുന്നത് നല്ല കാര്യമാണ്.. ആ യത്നം നിര്‍വിഘ്നം നടക്കട്ടെ. കുഞ്ഞുക്കിളിയില്‍ നിന്ന് സ്നേഹത്തിന്‍റെ പാഠം പഠിക്കാന്‍ കഴിഞ്ഞു. വായിച്ചപ്പോള്‍ ആ സാധു ജീവിയെ ഓര്‍ത്ത് എനിക്കും ദുഖം തോന്നി.

    ReplyDelete
  4. ഓരോ ജീവജാലങ്ങൾക്കും അവരവരുടേതായ വികാരവിചാരങ്ങൾ ഉണ്ടാകും. അത് അവർ പ്രകടിപ്പിക്കും. അതിന് നമ്മുടെ ചിന്തകളുമായി സാമ്യം ഉണ്ടാകണമെന്നില്ല.

    ReplyDelete
  5. ദിവസവും ഒരു പോസ്റ്റ്‌ എന്നുള്ളത് അപ്രാപ്യമായ കാര്യമാണ് എന്ന് എനിക്ക് തോന്നുന്നു..... 365 ദിവസവും വിഷയങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.... ഇമെയില്‍ നോട്ടിഫിക്കേഷന്‍ ഇടുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.... നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഒരുപക്ഷെ ഞാന്‍ ഓര്‍ത്ത് ഇവിടെ വരാനുള്ള സാധ്യതയും കുറവാണ്.... അതുകൊണ്ട് തീര്‍ച്ചയായും നോട്ടിഫൈ ചെയ്യണം.....

    ഭൂമിയില്‍ ജനിച്ച് വീഴുന്ന ഒരു കുഞ്ഞിനു വരെ തന്‍റേതായ കാഴ്ച്ചപ്പാട്ടും നിലപാടുകളും ഉണ്ടന്നാണ് ശാസ്ത്രം പറയുന്നത്.... ഇതിലെ കിളി നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നു.... പുതിയ സംരംഭത്തിനും ഈ വ്യത്യസ്ഥ ചിന്തക്കും ഭാവുകങ്ങള്‍.....

    ReplyDelete
  6. സാധാരണ സമയങ്ങളിൽ ആഴ്ചയിലോ മറ്റോ മാത്രമാണ് പുതിയ പോസ്റ്റിട്ട് നോട്ടിഫൈ ചെയ്യാറുള്ളൂ. പക്ഷെ ആ സമയത്ത് ഇപ്പോൾ എല്ലാ ദിവസവും നോട്ടിഫിക്കേഷൻ വരുന്നത് രസകരമാണ്.
    അതൊരു വിശ്വാസവും ആശ്വാസവും കൂടിയാണ്,കാരണം എന്നും, എന്നെ ഒരാൾ ഓർക്കുന്നുണ്ട് എന്ന് ആശ്വസിക്കാമല്ലോ ? സാബ്വേട്ടന് ദിവസവും ഓരോ വിഷയങ്ങൾ കിട്ടാൻ ആശംസകൾ.

    ReplyDelete
  7. പുതിയ സംരംഭത്തിന് ആശംസകൾ. എനിക്കും ഒരു പ്രചോദനമാവുന്നു. കിളിചിന്തയുടെ ഒപ്പം ചേരുന്നു......സസ്നേഹം

    ReplyDelete
  8. പക്ഷെ ഇതു പോലെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍ ദിവസേന വായിക്കേണ്ടി വന്നാലോ?....ഞാന്‍ അശക്തനാണ്.....

    ReplyDelete
  9. മനുഷ്യനാണെങ്കില്‍ ഒരുപക്ഷെ പൊടിയും തട്ടി പോയിട്ടുണ്ടാവും. ദിനകുറിപ്പുകള്‍ കഴിയുന്നത്പോലെ വായിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  10. സാബു കിളിയെ ഇഷ്ടമായി ! ഇങ്ങനെയുള്ള പോസ്റ്റ് ആണെങ്കില്‍ ദിവസവും ഒന്നല്ല പലതായിക്കോട്ടേ :)
    പോസ്റ്റ്‌ ഇട്ടിട്ട് അറിയിച്ചാല്‍ വന്നു വായിച്ചു കൊള്ളാ൦.
    മിക്കദിവസവു൦ പോസ്റ്റ് വരുന്ന ഒരു ബ്ലോഗ്‌ ആണ് ആത്മയുടെ "താളുകള്‍ മറിയുമ്പോള്‍" വായിക്കുമ്പോള്‍ ആത്മ എന്നോടു പറയുന്നതായിട്ടാണ് തോന്നുന്നത് അത്രയ്ക്ക് ഒരു 'ഇന്‍റിമസി' അനുഭവപ്പെടുന്നുണ്ട് ആ എഴുത്തിന്, സമയം കിട്ടിയാല്‍ വായിച്ചു നോക്ക്. http://chippikkulmuththu.blogspot.ca/

    ReplyDelete
  11. സാബുവിന്റെ ചിന്തകള്‍ മറ്റുള്ളവരേയും ചിന്തിപ്പിക്കട്ടെ... പുതിയ സംരംഭത്തിന് ആശംസകള്‍ ...!

    ReplyDelete
  12. ജീവന്‍ വെടിഞ്ഞ കിളിയെ നടുറോഡില്‍ നിന്ന് മാറ്റാന്‍ ഉള്ള സൌമനസ്യം അന്ന് കാണിച്ചിരുന്നെങ്കില്‍ അതിന്റെ ഇണ കൂടി നടുറോഡില്‍ ഒടുങ്ങാവുന്നതിനെ ഒഴിവാക്കാമായിരുന്നു. എങ്കില്‍ താങ്കളുടെ മനസ്സിന്റെ നോവിനു ഇത്ര ആഴം ഉണ്ടാവുമായിരുന്നില്ല

    തുടരുക ഈ എഴുത്ത്
    ആശംസകള്‍

    ReplyDelete
  13. സാബു എന്ന എഴുത്തുക്കാരന്നെ ഇതിലൂടേയും ഞങ്ങൾക്ക് കാണണം

    ReplyDelete
  14. ഇന്നാണ് ഞാൻ ഈ 'ദിവസവും' കണ്ടത്.
    ഒരുതുള്ളി കണ്ണുനീർ വീഴ്ത്തിക്കൊണ്ടുള്ള തുടക്കം .........

    നിറഞ്ഞ സ്നേഹം.............കിളിസ്നേഹം
    സ്നേഹിക്കപ്പെടുവാനും സ്നേഹിക്കാനും കഴിയുക
    അസൂയതോന്നുന്നു എനിക്ക്

    ReplyDelete