Monday, 18 November 2013

‘പര പരാന്ന്’

“നേരം ‘പര പരാന്ന്’ വെളുത്തു..”

എന്തുവാ ഈ ‘പര പരാ’ ?!
അറിയാവുന്നവർക്ക് അറിവ് പങ്കുവെയ്ക്കാം..

സംഭവാമീ യുഗെ യുഗെ

സംഭവാമീ യുഗെ യുഗെ എന്നു പറഞ്ഞിട്ട്..
ഞാനിതാ, ഇവിടെയെയിപ്പോഴും കാത്തിരിക്കുന്നു..

‘സ്വാതന്ത്ര്യം!’

വൃത്തത്തിനകത്ത് അക്ഷരങ്ങളെ അടുക്കി വെച്ചതായിരുന്നു..
‘സ്വാതന്ത്ര്യം!’ എന്നുറക്കെ പറഞ്ഞവ ഇറങ്ങി പോയി..

ഇപ്പോൾ പലയിടത്തും ചെന്ന്,
കൂട്ടം കൂടി നിന്ന് കവിത പാടുന്നു എന്നു കേൾക്കുന്നു..

വികൃതികൾ!!


Saturday, 16 November 2013

പ്രാർത്ഥന

ഒരോ പ്രാർത്ഥനയും എവിടെയോ തട്ടി തിരിച്ചു വരുന്നുണ്ട്..

ദൈവം

രണ്ടു വിശ്വാസികൾക്ക് നടുവിൽ ദൈവം മരിച്ചു കിടക്കുന്നു..

Thursday, 14 November 2013

നേട്ടം

കുട്ടികൾ വലിയവരാകനും, വലിയവർ കുട്ടികളാവാനും കൊതിക്കുന്നു.. എന്താണതിന്റെ മനശ്ശാസ്ത്രം?.

നേടുമ്പോഴാണോ നഷ്ടപ്പെട്ടതിന്റെ വിലയറിയുന്നത്‌?..അപ്പോൾ എന്താണ്‌ നേട്ടം?!

മത്സരാർത്ഥി

ഒരാൾ തോൽക്കുന്നത്‌ സ്വയം തോൽവി സമ്മതിക്കുമ്പോൾ മാത്രമാണ്‌.
അതു വരെ അവൻ മത്സരാർത്ഥി തന്നെയാണ്‌. അവനു ജയിക്കാൻ അവസരങ്ങൾ ബാക്കി..

Tuesday, 12 November 2013

പ്രണയം

പ്രാണന്റെ മുറിഞ്ഞു പോയ ഭാഗത്തെയാവാം പ്രണയമെന്നു പറയുന്നത്..

എഴുതുന്ന ഒരോ കഥയും

എഴുതുന്ന ഒരോ കഥയും എഴുതാൻ പോകുന്ന ഏതൊ ചില കഥകളുടെ തയ്യാറെടുപ്പാണ്‌..

Sunday, 10 November 2013

തിരിച്ചറിയേണ്ടതെങ്ങനെ ?

പ്രണയിക്കുന്നവരെ തിരിച്ചറിയുക എളുപ്പമാണ്‌!.
അവരുടെ കണ്ണുകൾക്ക്‌ തിളക്കമുണ്ടാവും.
ശരീരം മിനുസമുള്ളതാവുകയും,
ശബ്ദം സംഗീതതുല്യമാവുകയും ചെയ്യും..
നമുക്കവരോട്‌ ഒന്നേ ചെയ്യേണ്ടതുള്ളൂ - അവരെ വെറുതെ വിട്ടേക്കുക!

Saturday, 9 November 2013

അതും നിങ്ങളുടെ തീരുമാനമാണ്‌!

ഏറ്റവും അധിക സമയവും നിങ്ങളുടെ ശത്രുക്കളെ/വെറുക്കപ്പെടുന്നവരെയാണോ ഓർത്തുകൊണ്ടിരിക്കുന്നത്‌?
എങ്കിൽ നിങ്ങൾ നിങ്ങളറിയാതെ നിങ്ങളുടെ ശത്രുക്കളെയാണ്‌ സ്നേഹിക്കുന്നതെന്നു പറയേണ്ടി വരും!
സ്നേഹിക്കുന്നവരെയല്ലേ ഏറ്റവുമധികം സമയം ഓർക്കാറ്‌?..ഓർക്കേണ്ടത്‌?
ആരെ/എന്തിനെ യാണ്‌ ഓർക്കേണ്ടത്‌ - അതും നിങ്ങളുടെ തീരുമാനമാണ്‌!

വഴികൾ

അപരിചിതമുഖങ്ങൾ പരിചിതമുഖങ്ങളായേക്കാം..
എന്നാൽ പരിചിതമുഖങ്ങൾ അപരിചിതങ്ങളാകണമെങ്കിൽ..
അഭിനയിക്കുകയേ വഴിയുള്ളൂ..
ചില വഴികൾ തിരിച്ചു പോകാനാകാത്ത വഴികളാണ്‌

Friday, 8 November 2013

ജീവിതത്തിന്റെ കുപ്പായം

ഭാഗ്യനിർഭാഗ്യങ്ങൾ ഇഴച്ചേർത്ത്‌ തുന്നിയ ഒരു കുപ്പായമാണ്‌ ജീവിതം ധരിക്കുന്നത്‌!

Thursday, 7 November 2013

‘നോ’

ഏതേങ്കിലും കാര്യത്തിനു ‘നോ’ എന്നു ഇന്ത്യക്കാർ പറയുമോ? - പ്രോജക്ട് മായി ബന്ധപ്പെട്ട് നമ്മ മാനേജർ ചോദിച്ചതാണ്‌.. അതൊന്നു മനസ്സിരുത്തി ആലോചിച്ചു നോക്കി.. നമ്മൾ എന്തിനെങ്കിലും ‘നോ’ എന്നു പറയാറുണ്ടോ?. ‘നോ’ പറയേണ്ടിടത്ത് അങ്ങനെ പറയാത്തതാണ്‌ ഇന്ത്യയുടെ സകല പ്രശ്നങ്ങളുടേയും കാരണം എന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?.

Wednesday, 6 November 2013

മറക്കാൻ ഓർത്തു വെച്ചത്

മറക്കാനോർത്തു വെച്ചതും മറന്നു പോയാലെന്തു ചെയ്യും?!

Tuesday, 5 November 2013

അലയുന്നുണ്ട്‌

വെളിച്ചം തേടി അലയുന്നുണ്ട്‌ വെളിച്ചവും ചില ഇടനാഴികളിൽ..
മനുഷ്യനെ തേടി അലയുന്നുണ്ട്‌ ചില മനുഷ്യരും മനുഷ്യർക്കിടയിൽ..


Sunday, 3 November 2013

ഈ കുട്ടികൾ.

ദൈവമെ, ഈ കുട്ടികൾ..
ഇവർക്കറിയില്ല ടിവി കാണുമ്പോഴാണൊ ഭക്ഷണം കഴിക്കേണ്ടത് എന്നും
ഭക്ഷണം കഴിക്കുമ്പോഴാണൊ ടിവി കാണേണ്ടതെന്നും.
ഇവരോട് പൊറുക്കേണമെ..

സഞ്ചാരി

കടുകുമണിയോളം ചെറുതാകറുണ്ട്‌ ഞാൻ പലപ്പോഴും.
ആകാശത്തോളം ഉയരം വെയ്ക്കാറുമുണ്ട്‌..
ഞാൻ എന്നാണ്‌ ഞാനെന്ന ഗ്രഹത്തിനു പുറത്ത്‌ പോവുക?
കാത്തിരിക്കുന്നു..ഒരു സഞ്ചാരിയായി മാറാൻ..

Saturday, 2 November 2013

വെറും തോന്നലാവും

വാർത്തകളുണ്ടാവുന്നത്‌ കേൾവിക്കാരുടെ ആവശ്യമനുസരിച്ചാണെന്നു തോന്നുന്നു..ചിലപ്പോൾ വെറും തോന്നലാവും..

Friday, 1 November 2013

ശക്തി

മുതുമുത്തച്ഛന്റെ പേരന്വേഷിച്ച്‌ നടക്കുമ്പോഴാണ്‌ മറവിയുടെ മായ്ക്കാനുള്ള ശക്തിയേക്കുറിച്ച്‌ ബോധവാനാകുന്നത്‌..