Saturday, 31 August 2013

സർഗ്ഗശക്തി

ഒരു രാജ്യത്തിലുള്ളവരെ നന്നായി മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അവരോടൊപ്പം കുറച്ച്‌ നാൾ കഴിയുക എന്നതാണ്‌. ന്യൂസീലാന്റിൽ വന്ന ആദ്യ നാളുകളിൽ ഒരു കിവി വനിതയുടെ കൂടെ ആയിരുന്നു താമസം (paying guest). അവിവാഹിതയായ ഒരു മധ്യവസ്ക. അവർ ഒരു ഗവൺമന്റ്‌ ഉദ്യോഗസ്ഥയായിരുന്നു (ഇപ്പോൾ റിട്ടയർ ചെയ്തു). നല്ല ഉയരവും സദാ പ്രസന്നവദനയുമായ ഒരു സ്ത്രീ. അവരുടെ ജീവിത രീതികൾ കണ്ടപ്പോഴാണ്‌ ഒരു ശരാശരി കിവിയുടെ ജീവിത രീതികൾ എന്തൊക്കെയാണെന്നു മനസ്സിലായത്‌.

ഒഴിവു വേളകൾ അവർ സമയം ചിലവഴിച്ചിരുന്നത്‌ ചിത്രം വരച്ചും, കളിമ്മൺ രൂപങ്ങൾ നിർമ്മിച്ചും, ചില പ്രത്യേകതരം പാത്രങ്ങൾ നിർമ്മിച്ചുമായിരുന്നു. അവരുടെ സൃഷ്ടികളുടെ പ്രദർശനങ്ങൾ ഓൿലന്റിൽ പലയിടത്തായി നടത്തിയിട്ടുമുണ്ട്‌. അവർക്ക്‌ ഒരു നല്ല പുസ്തക ശേഖരമുണ്ട്‌ (ഇവിടുള്ളവരുടെ വായനയെ പറ്റി പിന്നൊരിക്കൽ പറയാം). കിവി സാഹിത്യം, അവരുടെ സാഹിത്യത്തോടുള്ള താത്പര്യം ഇതൊക്കെ അറിയാൻ ഞാൻ ഇടയ്ക്കിടെ അവരോട്‌ സംസാരിക്കുമായിരുന്നു. അവരുടെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരു പുസ്തകം എന്റെ ശ്രദ്ധ ആകർഷിച്ചു. പുസ്തകത്തിന്റെ തലക്കെട്ടും എഴുതിയ ആളുടെ പേരും ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. പക്ഷെ അതു ഏകദേശം ഇപ്രകാരമായിരുന്നു - 'എങ്ങനെ നിങ്ങളുടെ സർഗ്ഗശക്തി വർദ്ധിപ്പിക്കാം?'. സർഗ്ഗശക്തി വർദ്ധിപ്പിക്കുന്നതിനേക്കുറിച്ചും പുസ്തകങ്ങൾ ലഭ്യമാണ്‌ എന്നതൊരു പുതിയ അറിവായിരുന്നു. സർസ്സശക്തി ജന്മനാ കിട്ടിയാൽ മാത്രം പോര, അതു വേണ്ടവിധം വളർത്തിക്കൊണ്ടു വരികയും വേണം. വേണ്ട 'പോഷകം' സമയാസമയം കൊടുക്കുകയും വേണം എന്നത്‌ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സമയാസമയം കൊടുക്കേണ്ട 'പോഷകത്തെ' കുറിച്ചുള്ള ഏകദേശ അറിവ്‌ പകരാൻ സഹായിക്കുന്ന ഒരു പുസ്തകമായിരുന്നു അത്‌. അതിൽ കണ്ടത്‌ ചില അഭ്യാസങ്ങളെ കുറിച്ചുള്ള ചില വിവരണങ്ങളായിരുന്നു. ചില ചിത്രങ്ങൾ..ചില വാക്കുകൾ..ചില പ്രത്യേക ക്രമത്തിൽ വരുന്ന വാക്കുകൾ ഉപയോഗിച്ച്‌ ചില വാചകങ്ങൾ എഴുതുക, ചില ചിത്രങ്ങളുടെ ഭാഗങ്ങൾ ചേർത്ത്‌ മറ്റൊരു ചിത്രമ ഉണ്ടാക്കുക..അങ്ങനെ പലതും!. ചുരുക്കത്തിൽ ഒരു 'ബ്രയിൻ എക്സർസൈസ്‌' !

ഇതൊക്കെ ചെയ്താൽ സർഗ്ഗശക്തി എങ്ങനെ കൂടുമെന്നും, സർഗ്ഗശക്തി എങ്ങനെ അളന്നു നോക്കും എന്നൊക്കെ എനിക്കു സംശയമായി (സംശയം ഒരു രോഗമല്ലെന്നു തോന്നുന്നു!).

ഇന്ന് എന്തു കൊണ്ടോ ഇതൊക്കെ വെറുതെ ഓർക്കാനിട വന്നു. അപ്പോൾ മറ്റൊരു ഏണി ഇറങ്ങി വന്നു. അതിൽ കയറി പോയപ്പോഴാണ്‌ പണ്ടു എവിടെയോ വായിച്ച ചില കാര്യങ്ങൾ ഓർമ്മ വന്നത്‌. അതു ഇതൊക്കെയാണ്‌.. നമ്മുടെ മസ്തിഷക്കത്തിന്റെ കഴിവിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. അതും നേരാം വിധം ഉപയോഗിക്കുന്നില്ല! (അതിലാർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല). മസ്തിഷ്ക്കത്തിനു 'പണി' കൊടുത്തു കൊണ്ടേയിരുന്നാൽ ഓർമ്മശക്തിക്കും ചിന്താശക്തിക്കും ഗണ്യമായ ചില പുരോഗതികളുണ്ടാവും. ഉദാഹരണത്തിന്‌ - ഇടതു കൈ കൊണ്ട്‌ എഴുതാൻ ശ്രമിക്കുക, കുളിക്കുമ്പോൾ വലതു കൈ കൊണ്ടാണ്‌ നിങ്ങൾ മഗ്ഗ്‌ ഉപയോഗിക്കുന്നെങ്കിൽ ഇടതു കൈ കൊണ്ട്‌ ശ്രമിച്ചു നോക്കുക. നിങ്ങളുടെ സ്വന്തം ശരീര ഭാഗങ്ങൾ പോലും നിങ്ങൾ എത്രത്തോളം കുറച്ചു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്ന് ഒരു ഞെട്ടലോടെ നിങ്ങൾ മനസ്സിലാക്കും (പിന്നെയാ ബ്രെയിൻ).. ഷർട്ടിടുമ്പോൾ ഇടതു കൈയാണോ ആദ്യം കുപ്പായത്തിന്റെ ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കുന്നത്‌? എങ്കിൽ വലതു കൈ ആദ്യം പ്രവേശിപ്പിക്കാൻ ശ്രമിച്ചു  നോക്കു..

അതു പോലെ പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, പുതിയ കളികൾ ശ്രമിച്ചു നോക്കുക..അങ്ങനെ പലതും ഇതു ഓർമ്മ ശക്തി വർദ്ധിപ്പിക്കും എന്നു പറയപ്പെടുന്നു.. പലതും മാറി ചിന്തിക്കാൻ സ്വമേധയാ ശ്രമിക്കുന്നത്‌ സർഗ്ഗശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു (കുറഞ്ഞ പക്ഷം ഈയുള്ളവനെങ്കിലും).

ഈ വിഷയത്തെ കുറിച്ച് ‌ ഒരുപാട്‌ എഴുതണമെന്നുണ്ട്‌. ഇനി വരുന്ന പോസ്റ്റുകളിൽ കൂടുതലായി എഴുതാം. മറ്റൊരിക്കൽ.

അപ്പോൾ നിങ്ങളുടെ സ്വന്തം ബ്രെയിനിനു നിങ്ങൾ തന്നെ 'പണി' കൊടുത്തു നോക്കു..
ആദ്യം നമുക്ക്‌ നമ്മളെ തന്നെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം..

ഇനി നാളെ..

Thursday, 29 August 2013

വിശ്വാസം

ഇന്നലത്തെ ചിന്തയുടെ തുടർച്ച.

പലരും ചോദിക്കാറുണ്ട്‌, "ദൈവത്തിൽ വിശ്വാസമുണ്ടോ?".
അതാണോ ശരിയായ ചോദ്യം?. ആണെന്നു തോന്നുന്നില്ല.

ശരിയായ ചോദ്യമിതാണ്‌.
"ദൈവത്തിനു നിങ്ങളെ വിശ്വസിക്കാമോ?"

ചിന്തിച്ചു നോക്കൂ..
നിങ്ങളെ നിങ്ങൾക്ക്‌ വിശ്വസിക്കാമോ?
എത്ര പേർ നിങ്ങളെ വിശ്വസിക്കുന്നു?
നിങ്ങൾ ആരാധിക്കുന്ന ഈശ്വരനു നിങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയുമോ?

അതിനുത്തരമായിരിക്കണം നിങ്ങളുടെ ജീവിതം...

ഇനി നാളെ..

Wednesday, 28 August 2013

ആർക്കാ വട്ട്‌?!

ഇവിടെ മനുഷ്യവിഗ്രഹങ്ങളെ കുറിച്ചല്ല എഴുതുന്നത്‌. ശരിക്കും ആരാധിക്കപ്പെടുന്ന, ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ശക്തിയുടെ വിഗ്രഹങ്ങളെ കുറിച്ചാണ്‌.

പശുവിൻ പാൽ വിഗ്രഹത്തിന്റെ തലയിലൂടെ ഒഴിക്കുക, പൂവ്‌ നുള്ളി എറിയുക, മണി ശബ്ദം മുഴക്കുക, മൃഗത്തിന്റെ തോൽ കൊണ്ടുണ്ടാക്കിയ വാദ്യം കൊണ്ട്‌ വലിയ ശബ്ദമുണ്ടാക്കുക (ഇക്കാലത്ത്‌ ഒരു മൃഗവും വയസ്സായി മരിക്കുന്നില്ല..കൊല്ലുകയാണ്‌ അതിനെയെല്ലാം), ചില സമയങ്ങളിൽ തലയിൽ കൂടി ഇടുക ചാണകം കരിച്ചുണ്ടാക്കിയ ഭസ്മമായിരിക്കും (ചാരം തന്നെ). ചിലപ്പോൾ നെയ്യ്‌. ചിലർ ഇതൊന്നും പോരാഞ്ഞിട്ട്‌, കോളാമ്പി കൊണ്ട്‌ വെച്ച്‌ അതിലൂടെ ശബ്ദ മലിനീകരണം നടത്തും.. ആട്‌, മാട്‌ ഇതിനെയൊക്കെ തല വെട്ടി ബലി നടത്തുന്നു..(പ്രീതിപ്പെടുത്താനാണ്‌!)

ചിലർ ഭൂമിയുടെ ഒരു ഭാഗത്ത്‌ നിന്നും മറ്റൊരു ഭാഗത്തേക്ക്‌ സഞ്ചരിക്കും..തീർത്ഥാടനമാണ്‌!. അതേ സമയം, അതേ ശ്വാസത്തിൽ പറയുകയും ചെയ്യും ശക്തി എല്ലായിടത്തും ഉണ്ടേന്നും!. എങ്കിലെന്തിനു തീർത്ഥാടനം?!.

ഇതു വരെ ആരും നേരിൽ കണ്ടിട്ടില്ലാത്ത, ശബ്ദം കേട്ടില്ലാത്ത, ശക്തി നേരിട്ടറിയാത്ത..ഒന്ന്.

ഭയമാണ്‌. ബഹുമാനിച്ചില്ലെങ്കിൽ നശിപ്പിച്ചു കളയും! എന്നാൽ സുഖിപ്പിച്ചാലോ എന്തും തരും! അങ്ങനെ എന്തും തരുമായിരുന്നെങ്കിൽ എന്നേ ലോകം സ്വർഗ്ഗമായേനെ! ഈ കോടിക്കണക്കിനു ആളുകൾ പ്രാർത്ഥിച്ചിട്ടും ലോകമെന്തെ ഇങ്ങനെ?.. എന്തേ ഇപ്പോഴും യുദ്ധങ്ങൾ? പട്ടിണി? പ്രകൃതി ദുരന്തങ്ങൾ?

വിഗ്രഹങ്ങൾക്ക്‌ മുന്നിൽ, അല്ലെങ്കിൽ ആരാധാനാലയങ്ങളുടെ മുന്നിൽ (മിക്ക മതക്കാരുടേയും) പെട്ടി വെച്ചിരിക്കും..അതിൽ പണം നിക്ഷേപിക്കാം. അതിലിടുന്ന പണം എവിടെ, എങ്ങനെ ചിലവഴിക്കപ്പെടും എന്ന് ഒരു തവണ പോലും ആലോചിക്കാതെ ഭക്തർ ഇടുന്നു.. എന്നാൽ വീട്ടിലെ കുട്ടി ഒരു പാവ വേണം, പന്തു വേണം എന്നു പറഞ്ഞാലോ അതിനെ കുറിച്ച്‌ രണ്ട്‌..മൂന്ന് വട്ടം ആലോചിക്കും..എന്നിട്ടൊടുവിൽ വേണ്ട എന്നു തീരുമാനിക്കും!.. മനുഷ്യൻ എത്ര ബുദ്ധിയുള്ള സൃഷ്ടി! അല്ലേ?

നമ്മൾ സൗരയൂഥത്തിലെ ഒരു കണിക മാത്രം. ക്ഷീരപഥങ്ങൾ കോടിക്കണക്കിനുണ്ടെന്നു കരുതപ്പെടുന്നു. അതിൽ ഭൂമി പോലുള്ള ഗ്രഹങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണ്‌. അതിൽ ജീവനുള്ള സൃഷ്ടികൾ ഉണ്ടാവനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പക്ഷെ നിലവിലുള്ള അറിവ്‌ വെച്ച്‌ ഈ ഒരു ഭൂമിയിൽ മാത്രം ജീവനുണ്ട്‌. കോടിക്കണക്കിനാളുകൾക്കിടയിൽ ഒരാൾ മാത്രമാണ്‌ ഈ ഞാനും. അങ്ങനെ കോടിക്കണക്കിനു ഗ്രഹങ്ങൾ ശൂന്യതയിൽ ഒഴുകി നടക്കുമ്പൊൾ, അതിലെ ഒരു ഗ്രഹത്തിലെ ഒരു ചെറിയ ജീവിയായ മനുഷ്യനെ നിയന്ത്രിക്കാനും, അവന്റെ ശിക്ഷിക്കുവാനും ഒരു ശക്തിയുണ്ടെന്നും, ആ ശക്തിയെ പ്രീതിപ്പെടുത്തണമെന്നും, ആരാധിക്കണമെന്നും അല്ലെങ്കിൽ ആ ചെറിയ ജീവന്റെ കണിക ശിക്ഷിക്കപ്പെടുമെന്നും (അതും മരണ ശേഷം മാത്രം!) പറയുമ്പോൾ..അതിൽ യുക്തിയുടെ ഒരു കണിക എങ്കിലും വേണം!

ഞാൻ ക്ഷീണിച്ചു..
ഒരു ചോദ്യം..അപ്പോ ആർക്കാ വട്ട്‌?!

ഇനി നാളെ..

ഇന്നത്തെ വരികൾ

ഇന്ന് ആവാഹിച്ച്‌ കടലാസിൽ ഇരുത്തിയത്‌..


സ്വയമെരിഞ്ഞൊരു തിരി തന്നെനിക്ക്‌
ഇരുളിലൊരു തുണ്ട്‌ വെട്ടം..

പൊട്ടിക്കുമ്പോൾ പൂവറിയുന്നില്ലല്ലോ
തന്റെ സഞ്ചാരപഥമേതെന്ന്..

'മണി'യടിച്ചാൽ വിളികേൾക്കും ദൈവങ്ങളത്രെ നമുക്കുള്ളത്‌..

ഒരോ മഴത്തുള്ളിക്കുമുണ്ട്‌,
ഒരു സാഗരത്തിൻ കഥ പറയാൻ..

വെളിച്ചപ്പാടിനുമുണ്ട്‌,
വെളിച്ചപ്പെടാനൊരു നേരവും കാലവും!

സ്നേഹത്തിനും വെറുപ്പിനുമിടയ്ക്കുണ്ട്‌,
മൗനത്തിന്റെയൊരു നീണ്ട പാത..

ഈ വരികളെല്ലാം ചില ചിന്തകളിൽ നിന്നൂറി വീണതാണ്‌.. ഇവ വായിക്കുമ്പോൾ ആ ചിന്തകളിൽ ചിലത്‌ നിങ്ങളിൽ പുനർജ്ജനിക്കുമായിരിക്കും..


ഇനി നാളെ...

Tuesday, 27 August 2013

മോഷണം

കുഞ്ഞ്‌ ജനിച്ച ഉടൻ തന്നെ തേനിൽ സ്വർണ്ണം അരച്ചു നാവിൽ വെച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലയിടങ്ങളിലുണ്ട്‌. അതിന്റെ പിന്നിൽ എന്താ കഥ എന്നറിയില്ല..(വിശ്വാസം..അതല്ലേ എല്ലാം?). എന്തായാലും ആ നിമിഷം മുതൽ ആ കുഞ്ഞ്‌ കള്ളനായി മാറി കഴിഞ്ഞിരിക്കുന്നു..
വളർന്ന് കുറച്ച്‌ കഴിയുമ്പോൾ പാൽ കുടിക്കാനാരംഭിക്കുന്നു..പിന്നീട്‌ മുട്ട..അങ്ങനെ അങ്ങനെ..

തേൻ തേനീച്ചയുടേതാണ്‌ (തേൻ ശേഖരിക്കുന്നത്‌ തേനീച്ചകൾക്ക്‌ ശൈത്യ കാലത്ത്‌ ഭക്ഷിക്കാനാണ്‌).
പാൽ പശുവിന്റേതാണ്‌ (അതിന്റെ കിടാവിനു വേണ്ടിയാണ്‌ പശു പാൽ ചുരത്തുന്നത്‌).
മുട്ട കോഴിയുടേതും (കോഴിക്ക്‌ കുഞ്ഞുങ്ങളുണ്ടാവാൻ. മുട്ട കഴിക്കുന്നത്‌ ഭ്രൂണ ഹത്യയായി വരുമോ?).

ഇതൊക്കെ കഴിച്ചു വളർന്ന മനുഷ്യൻ പിന്നെ എങ്ങനെ സത്യസന്ധനായി തീരും?!
ചൊട്ടയിലെ മോഷണം ചുടല വരെ..

ഇനി നാളെ..

Monday, 26 August 2013

രണ്ടു വരികൾ

"അറിയില്ല നിനക്കെന്റെയാത്മഹർഷം
വെറുതെ നീയെൻ നേർക്കു മിഴിനീട്ടുമ്പോൾ.."

ഇന്നൊരു പഴയ പുസ്തകമെടുത്തു നോക്കിയപ്പോൾ ഞാനെഴുതി വെച്ച ഈ വരികൾ കണ്ടു. എന്നോ, ഏതോ ഒരു നിമിഷം ഏതോ ഒരു പ്രചോദനത്തിന്റെ ചിറകിലിരുന്നെഴുതിയ വരികൾ.. പക്ഷെ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..

എന്തായാലും അതിവിടെ കിടക്കട്ടെ!
വീണ്ടും വായിക്കുമ്പോൾ ഒരു സുഖം..ചില പഴയ ഓർമ്മകൾ ചിറക്‌ വിരിച്ചു പറന്നു വരുന്നു..വായിക്കുന്ന ചിലർക്കെങ്കിലും ചിലത്‌ ഓർക്കാനുണ്ടാവും..

ഇനി നാളെ..

Sunday, 25 August 2013

മഞ്ഞു മലകൾമഞ്ഞു പുതപ്പണിഞ്ഞിരിക്കുന്ന മലനിരകൾ. അതു കാണാനുള്ള അവസരം കിട്ടുകയാണെങ്കിൽ പാഴാക്കരുത്‌. അതിലേക്ക്‌ നോക്കി നിന്നാൽ നമ്മൾ കുറച്ച്‌ നേരം നമ്മളെ തന്നെ മറന്നു പോകും.

ഇന്നലെ വീണ്ടും മഞ്ഞുമലയിലേക്ക്‌ ഒരു യാത്ര പോയി..(Mt.Ruapehu). കഴിഞ്ഞ വർഷം(?) പോയപ്പോൾ ഉണ്ടായിരുന്നതത്രയും മഞ്ഞുണ്ടായിരുന്നില്ല. പിന്നെ, മഴ വരുമോ എന്നൊരു പേടിയുമുണ്ടായിരുന്നു. ഭാഗ്യത്തിനു മഴ പെയ്തില്ല. ഒരാഴ്ച്ച മുൻപ്‌ അവിടെ മഞ്ഞു പൊഴിഞ്ഞിരുന്നു എന്നറിയാൻ കഴിഞ്ഞു. ആ 'സംഭവം' ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല :(
അടുത്ത യാത്രയിൽ അതു കാണാൻ കഴിയുമായിരിക്കും.
ഈ പ്രാവശ്യം സുഹൃത്തും കുടുംബവും കൂടെ ഉണ്ടായിരുന്നു. അതു കൊണ്ട്‌, യാത്ര കുറെ കൂടി രസമായി. ഒരു പകൽ മുഴുവനും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു!.

അവിടെ വെച്ചെടുത്ത ചില ചിത്രങ്ങൾ മുകളിൽ കാണാം. Canon 600D ഉപയോഗിച്ചാണ്‌ എടുത്തത്‌.

പറയാൻ വിട്ടു..മഞ്ഞു മലയിലേക്ക്‌ നോക്കി നിന്നപ്പോൾ തോന്നി - ഈ കാഴ്ച്ച, ഈ യാത്ര എല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണൊ എന്ന്..ചിലപ്പോൾ എന്റെ ജീവിത യാത്രയും അങ്ങനെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാവാം..എങ്കിൽ അതാരാവാം അതിനു പിന്നിൽ?

ഇനി നാളെ..

Wednesday, 21 August 2013

ഈന്തപ്പഴങ്ങൾ

ഈന്തപ്പഴങ്ങൾക്ക് എന്തു മധുരമാണ്‌!. ഇവിടെ(ന്യൂസീലാന്റിൽ) സൗദി അറേബ്യയിൽ നിന്നും, ടുണീഷ്യയിൽ നിന്നും (കാലിഫോർണിയയിൽ നിന്നും?) വരുന്ന ഈന്തപ്പഴങ്ങൾ വാങ്ങാൻ കിട്ടും. അറബ് രാജ്യങ്ങളിൽ നിന്നും മാത്രം കൊണ്ട് വന്ന് വിൽപനയ്ക്ക് വെച്ചിരിക്കുന്ന ചില കടകളുമുണ്ട്. ചിലപ്പോഴൊക്കെ ഈന്തപ്പഴങ്ങൾ വാങ്ങാറുണ്ട്. അപ്പോഴൊക്കെ ഒരു കാര്യമോർത്ത് അത്ഭുതപ്പെടാറുണ്ട്. മരുഭൂമികളിൽ അല്ലെങ്കിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലാണ്‌ ഈ ‘സംഭവം’ വളരുന്നത്.

എന്തു കൊണ്ടാണ്‌ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വളരുന്ന ഈന്തപ്പഴത്തിനു ധാരാളം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന പഴങ്ങളുടെയത്രയും അല്ലെങ്കിൽ അതിനേക്കാളും മധുരമുള്ളത്?.

നാട്ടിലുള്ള എന്റെ വീടിനു മുന്നിൽ ഒരു ജാമ്പയ്ക്ക മരമുണ്ട്. അതിൽ മധുരമുള്ള വെളുത്ത ജാമ്പയ്ക്കകൾ ‘അതിനു ഉണ്ടാവണമെന്നു തോന്നുന്ന സമയത്ത്’ ഉണ്ടാവാറുണ്ട് (കുറച്ച് വികൃതിയുള്ള കൂട്ടത്തിലാണെന്നു കൂട്ടിക്കോ!). ചിലപ്പോൾ നല്ലൊരു മഴ കഴിഞ്ഞാവും അങ്ങനെ ജാമ്പയ്ക്കകൾ ഉണ്ടാവുക. ചിലപ്പോൾ മഴയില്ലാത്തപ്പോഴും. മഴയ്ക്ക് ശേഷമുണ്ടാവുന്ന ജാമ്പയ്ക്കകൾക്ക് മധുരം കുറവായിരിക്കും(വവ്വാലുകൾ പോലും തിന്നില്ല). എന്നാൽ മഴ കുറഞ്ഞ സമയത്തുണ്ടാവുന്ന ജാമ്പയ്ക്കക്ക് നല്ല മധുരമുണ്ടാവും. മധുരം കുറയാൻ കാരണമായി കേട്ടിട്ടുള്ളത് - ‘അത് വെള്ളം കുടിച്ചിട്ടാണ്‌‘ എന്നതാണ്‌. അതായത് ധാരാളം വെള്ളം കുടിച്ച് ഉണ്ടായ ജാമ്പയ്ക്കകൾക്ക് വലുപ്പം ഉണ്ടാവുമെങ്കിലും മധുരം കുറവായിരിക്കും..അതെന്താ അങ്ങനെ?. ഇഷ്ടം പോലെ വെള്ളം കിട്ടുമ്പോൾ നല്ല പോലെ ’പ്രൊഡക്ഷൻ‘ നടക്കേണ്ടതല്ലെ?..എവിടെയോ ഒരു പിഴവ് പറ്റുന്നുണ്ട്..എവിടെ? (’മിക്സിംഗ് ശരിയായിട്ടുണ്ടാവില്ല?).

അവിടെ നിന്നും ചിന്തകൾ വന്നു വീഴുന്നത് മറ്റൊന്നിലാണ്‌ - വജ്രം. വെട്ടിത്തിളങ്ങുന്ന വജ്രമുണ്ടാവുന്നത് 1050 ഡിഗ്രി സെൽഷ്യസ് ചൂടിലാണ്‌..അതും ഭൂമിക്ക് 150 കിലോമീറ്റർ താഴെ..(പലരും കരുതി വെച്ചിരിക്കുന്നത് പോലെ കൽക്കരിയിൽ നിന്നല്ല..അത് മറ്റൊരു കഥ). ഇത്രയുമധികം ചൂടിലാണ്‌ വജ്രം ഉണ്ടാവുന്നത്. അല്ലാതെ നല്ല കാറ്റും വെളിച്ചവുമുള്ളിടത്തല്ല. അങ്ങനെയുള്ളിടത്ത് വെട്ടിത്തിളങ്ങുന്ന ഒന്നും തന്നെ ഉണ്ടാവുന്നില്ല!.. എന്നാൽ വജ്രമുണ്ടാവുന്നതോ ഇരുട്ടിലും..കൊടിയ ചൂടിലും..

മനോഹരമായ താമരപ്പൂക്കളുണ്ടാവുന്നത് ചേറിലാണ്‌..ഇങ്ങനെ പലതും..

ഒരു കാര്യം കൂടി. വളരെ ദുർഘടമായ പരിതസ്ഥിതിയിൽ വളർന്ന് വരുന്ന കുട്ടികൾ വളരെ ഉയരത്തിൽ എത്തുന്നത് കാണാം. എന്നാൽ വളരെ സൗകര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ അങ്ങനെ ആവണമെന്നില്ല..

അപ്പോൾ പ്രകൃതി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..എന്താവാം?
‘സൗകര്യം കൂടിപ്പോയിട്ടാണ്‌..’ (ബാക്കി പൂരിപ്പിക്കാവുന്നതേയുള്ളൂ)
ഇതാണൊ പ്രകൃതി പറയുന്നത്?! ചിലപ്പോൾ ആയിരിക്കാം..

എന്തായാലും ഇനി ഈന്തപ്പഴങ്ങൾ കഴിക്കുമ്പോൾ ഇതോർക്കുന്നത് ഒരു രസമായിരിക്കും.

ഇനി നാളെ..

കാത്തിരിക്കുന്നവർ

അതിരാവിലെ ആരും കാണാതെ വിരിഞ്ഞ് നമ്മുടെ വരവും കാത്തിരിക്കുന്ന ചില പൂക്കളുണ്ട്..

നമ്മൾ തൊടുമ്പോൾ സന്തോഷത്താൽ തലയാട്ടും, സൂക്ഷിച്ചു നോക്കിയാൽ ചിരിക്കുന്നതും കാണാം.
അവരെ നോക്കാതെ, അവരെ കടന്നു പോകുന്നത്..ക്രൂരതയാണ്‌..

ചില കൊച്ചു കുട്ടികളെ കണ്ടിട്ടില്ലെ?. ഒരു ചിത്രം വരച്ചു  കഴിഞ്ഞ് (മിക്കവാറും ആ കുട്ടിയും കുട്ടിയുടെ മാതാപിതാക്കളുടെയും ചിത്രമാവും) അച്ഛനും അമ്മയും അതു വന്നു കാണുന്നതും അതേക്കുറിച്ച് നല്ല വാക്ക് പറയുന്നതും കാത്തിരിക്കുന്നത്?..നല്ല പോലെ വസ്ത്രമണിഞ്ഞു, അച്ഛനും അമ്മയും അതേക്കുറിച്ച് അഭിപ്രായം പറയുന്നതും കേൾക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്..

അതു പോലെ ‘കണ്ടില്ലെ ഞാൻ വിരിഞ്ഞു നില്ക്കുന്നത്?’, ‘എന്റെ ഇതളുകളുടെ നിറം കണ്ടോ?’ ഇങ്ങനെ ചോദിക്കാതെ ചോദിച്ച് നമ്മെ കാത്തിരിക്കുന്ന പൂക്കളുണ്ടാവും നമ്മുടെ പൂന്തോട്ടത്തിൽ..അവരെ മറക്കാതിരിക്കുക..

അവരുടെ അടുത്തേക്ക് പോവുക, അവരോട് സംസാരിക്കുക, തലോടുക..അവരുടെ സന്തോഷം അനുഭവിക്കുക..അവരുടെ സന്തോഷത്തിന്റെ ഒരംശം നിങ്ങൾക്കും അനുഭവിക്കാം..

ഇനി നാളെ..

 

Tuesday, 20 August 2013

തിരിച്ചറിയുന്നത്

“ഒരേ മുറിയിൽ മൗനം കുടിച്ച് രണ്ടു പേർ..
ചിലരങ്ങനെയാവാം വാർദ്ധക്യത്തെ തിരിച്ചറിയുന്നത്..“

ഇതേക്കുറിച്ച് കൂടുതലായി വായനക്കാർക്ക് ചിന്തിക്കാവുന്നതേയുള്ളൂ..

ഇനി നാളെ.

Monday, 19 August 2013

ഓർമ്മകൾ

ഒരനുഭവം തൊട്ടടുത്ത നിമിഷം ഒരോർമ്മയായി മാറുന്നു. അതിനു ശേഷം നമ്മളെല്ലാം ഓർമ്മകളെയാണ്‌ ‘അനുഭവിക്കുക’. അനുഭവങ്ങൾക്ക് ആയുസ്സ് കുറവായതു കൊണ്ടാണല്ലോ അതു വീണ്ടും വീണ്ടും അനുഭവിക്കാൻ എല്ലാവരും പരക്കം പായുന്നത്.

ഓർമ്മകളിലൂടെ മുൻപോട്ടും പിന്നോട്ടും യാത്ര ചെയ്യുന്നവരണെല്ലാപേരും. ഓർമ്മകൾ എങ്ങനെയാണ്‌ മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്?. അതേക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ, ഓർമ്മകളുടെ ഒരു ‘ബാക്ക് അപ്പ്’ എടുത്തു വെയ്ക്കാമായിരുന്നു. എങ്കിൽ പല കാര്യങ്ങളും മറക്കാതിരിക്കാമായിരുന്നു.. വരും തലമുറയ്ക്ക് പലതും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഓർമ്മകൾ നോക്കി പഠിക്കാമായിരുന്നു!.. അങ്ങനെ ഒരു കാലം വരുമായിരിക്കും.

ഒരാളുടെ പ്രവൃത്തി, നിലപാടുകൾ, പെരുമാറുന്ന രീതി ഇതെല്ലാം തന്നെ ഓർമ്മകളുമായി ബന്ധപ്പെടുത്തിയല്ലെ?. ഒരാളെ കുറിച്ച്, അല്ലെങ്കിൽ അയാളുമായുള്ള മുൻ അനുഭവത്തെ മുൻനിർത്തിയാണ്‌ പിന്നീടുള്ള നമ്മുടെ പെരുമാറ്റം/സമീപനം. നമ്മുടെ വാക്കുകൾ പോലും അയാളെ കുറിച്ചുള്ള ഓർമ്മകളെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഇതേക്കുറിച്ചൊന്നും ഓർക്കാതെയാണ്‌ നമ്മൾ പലതും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത്..നമ്മൾ ഓർമ്മകളൊട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു.

ഒരു പ്രാവശ്യം ഒരു പഴയ കാര്യം ഓർക്കുമ്പോൾ, തലച്ചോറിൽ ചെറിയ രീതിയിലുള്ള വ്യൈദ്യുതി തരംഗങ്ങൾ ഉണ്ടാവുന്നു എന്നാണ്‌ ശാസ്ത്രം പറയുന്നത്. വൈദ്യുതി തരംഗങ്ങൾ ഉണ്ടാവുന്നിടത്ത് ചെറിയ ഒരു കാന്തിക വലയം രൂപപ്പെടുന്നു എന്നു എവിടെയോ വായിച്ചിട്ടുണ്ട് (ശരിയാണൊ എന്നറിയില്ല). അപ്പോൾ കൂടുതൽ ഓർക്കും തോറും, കൂടുതൽ ചിന്തിക്കും തോറും കൂടുതൽ കാന്തിക വലങ്ങൾ?!. അതു കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ?..

മതി! ഇന്നിത്രയും മതി!

ഇനി നാളെ..

കാക്കയും കുയിലും

കാക്ക കരയാറേയുള്ളൂ.. കാ കാ എന്ന്..
'കാക്ക കരഞ്ഞു' എന്നു പറഞ്ഞു കേട്ടിട്ടില്ലേ?
എന്നാൽ കുയിലോ? 'കുയിൽ കരഞ്ഞു' എന്നാരും പറയാറില്ല. അതെന്താ?.
കുയിലിനെന്താ കരയാനറിയില്ലേ?. മറ്റൊരു ചോദ്യം - കാക്കയ്ക്കെന്താ പാടാനറിയില്ലേ?

കുയിൽ പാടുക മാത്രമേയുള്ളു! എന്നാണ്‌ വെയ്പ്‌. കവികൾ പോലും കുയിൽ പാടുന്നതു മാത്രമെ വർണ്ണിച്ചതായി കാണുന്നുള്ളൂ. ചിലപ്പോൾ കുയിൽ ഒരിക്കലും കരയില്ലായിരിക്കും.. പക്ഷെ കാക്കയെ കുറിച്ച്‌ അധികം കവിതകൾ ഒന്നും എഴുതപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. എഴുതിയാൽ തന്നെ അതു ബലിക്കാക്കയെ കുറിച്ചായിരിക്കും. അതും മരണവുമായി ബന്ധപ്പെട്ട്‌!. അതെന്താ കാക്കയോട്‌ മാത്രം അങ്ങനെ?.

കുയിൽ കാക്കയുടെ കൂട്ടിലാണ്‌ മുട്ടയിടുക എന്നു കേട്ടിട്ടുണ്ട്‌. സത്യാവസ്ഥ അറിയില്ല..അതു സത്യമാണെങ്കിൽ കുയിൽ സംസ്കാരശൂന്യതയാണ്‌ കാണിക്കുന്നതെന്നു പറയേണ്ടി വരും. വല്ലാത്ത മര്യാദകേട്‌. സ്വന്തം കുഞ്ഞിനോട്‌ താത്പര്യമില്ലാത്ത കുയിലുകൾ..ഹൃദയശൂന്യർ..എന്നാൽ കാക്കയോ? കുയിലിന്റെ കുഞ്ഞിനേയും വളർത്തുന്നു..ഒരു പരാതിയുമില്ലാതെ..

കുയിലിനെ കുയിലമ്മ എന്നു വിളിച്ചു കേൾക്ക‍ാറുണ്ട്‌..എന്നാൽ കാക്കമ്മ എന്നാരും പറഞ്ഞു കേൾക്ക‍ാറില്ല.. കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു പോകുന്ന കുയിലിനെ കുയിലമ്മ എന്നും, കുയിലിന്റെ കുഞ്ഞിനെ വളർത്തുന്ന കാക്കയോട്‌ പുച്ഛവും!..എന്തൊരു മനുഷ്യരാണ്‌?

രാവിലെ വിളിച്ചുണർത്തുന്നത്‌ കാക്കയാണ്‌..കുയിലിനു അങ്ങനെ ഒരു പരോപകാര ചിന്തയൊന്നുമില്ല.
സിനിമകളിൽ കണ്ടിട്ടില്ലേ? ഒരു മൃതശരീരം കടപ്പുറത്തടിഞ്ഞാൽ, അവിടം മുഴുവനും കാക്കകളായിരിക്കും..പലപ്പോഴും കാക്കകളുടെ ശബ്ദം മാത്രം കേൾപ്പിച്ച്‌ മരണം സംഭവിച്ചു എന്നൊരു 'ഫീൽ' ഉണ്ടാക്കാൻ കഴിയും. ചത്തു കിടന്നാൽ പോലും തിരിഞ്ഞു നോക്കാത്ത പാർട്ടികളാ കുയിലുകൾ എന്നു ഈ അവസരത്തിൽ പറഞ്ഞു വെയ്ക്കട്ടെ!

കാക്കകൾക്കിടയിൽ നല്ല ഒത്തൊരുമ കണ്ടിട്ടുണ്ട്‌.. അവർ കൂട്ടത്തോടെ വരുന്നു, കൂട്ടത്തോടെ ചേക്കേറുന്നു.. അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എല്ലാവരും കൂട്ടത്തോടെ വന്നു പ്രതിരോധിക്കുന്നു.. പക്ഷെ കുയിലുകളെ ശ്രദ്ധിച്ചിട്ടുണ്ടൊ? അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവരുടെ പൊടി പോലും കണ്ടു പിടിക്കാൻ കഴിയില്ല..

ഇത്രയും പറഞ്ഞു കൊണ്ട്‌, ഒരു കാര്യം ഊന്നി പറയട്ടെ - നമുക്ക്‌ കാക്കകളെ കണ്ടു പഠിക്കാം..
കൂട്ടത്തിലുള്ളവരെ സഹായിക്കാൻ മുന്നിൽ നിൽക്കാം.

ഇവിടെ ന്യൂസിലാന്റിൽ കാക്കകളില്ല..പക്ഷെ ഒന്നെനിക്കുറപ്പാണ്‌ കാക്കകൾ പാടാറുണ്ട്‌..കാക്കകൾ മാത്രമല്ല, പക്ഷികളായ പക്ഷികളൊക്കേയും.. അതിനായി നമുക്ക്‌ കാതോർക്കാം.

ഇനി നാളെ..

Sunday, 18 August 2013

അമ്പമ്പട രാഭണാ!

ചിലർ ഇതു കേട്ടിട്ടുണ്ടാവും. കുട്ടിക്കാലത്ത്‌ അച്ഛനുമമ്മയും ധാരാളം കഥകളെനിക്ക്‌ പറഞ്ഞു തരുമായിരുന്നു. (ആ ശേഖരത്തിൽ നിന്ന് ചിലതെടുത്താണ്‌ എന്റെ മകന്‌ ഞാനിപ്പോൾ വിളമ്പാറുള്ളത്‌). ഈ 'അമ്പമ്പട രാഭണാ' കാളിദാസനെ കുറിച്ചുള്ള കഥയിലെ ഒരു ഭാഗമാണ്‌.  അച്ഛൻ പറഞ്ഞു തന്നതാണ്‌. ആ കഥയിലെ വിശദാംശങ്ങൾ ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല (തന്മാത്രകളുടെ എണ്ണത്തിൽ കുറവ്‌ വന്നിട്ടുണ്ടോ എന്നൊരു സംശയമില്ലാതില്ല). കാളിദാസനെ രാജകുമാരിയുടെ അടുത്ത്‌ കൊണ്ടു പോകുന്ന ഭാഗമാണ്‌. അപ്പോൾ കാളിദാസൻ 'കാളി'ദാസൻ ആയിട്ടില്ല. കൊട്ടാരത്തിൽ വെച്ച്‌ കാളിദാസൻ ഇങ്ങനെ പറയുന്നു (സന്ദർഭവും മറന്നു പോയി). പണ്ഢിതൻ എന്നു പറഞ്ഞു കൊണ്ടു വന്നയാൾ പാമരനോ എന്നു അതു കേട്ടവർക്ക്‌ സംശയം തോന്നി. അപ്പോൾ കാളിദാസനെ കൂട്ടിക്കൊണ്ടു വന്നവർ പറയുന്നു. 'പണ്ഡിതൻ പറഞ്ഞതിൽ തെറ്റില്ലെന്നു തോന്നുന്നു. ചിലപ്പോൾ അതാവണം ശരി. കാരണം രാവണന്റെ സഹോദരങ്ങളുടെ പേരുകൾ നോക്കൂ. വിഭീഷണൻ, കുഭകർണ്ണൻ. രണ്ടു പേരുടേയും പേരുകളിൽ 'ഭ' എന്നക്ഷരമുണ്ട്‌. അതു കൊണ്ട്‌ രാവണൻ എന്നതിനേക്കാൾ രാഭണൻ എന്നതാവണം ശരി'. അതു കേട്ട്‌ 'അതു ശരിയാവണമല്ലോ' എന്നു എല്ലാവരും ചിന്തിച്ചു തുടങ്ങുകയും ചെയ്തു..
ഇതു കഥ.

ഇനി രാമായണത്തിലേക്ക്‌..രാമയണ മാസത്തിൽ ശരിക്ക്‌ പറഞ്ഞാൽ ഞാൻ ഓർക്കുന്നത്‌ രാമനേയല്ല! രാവണെനെയാണ്‌!..(കലികാലം എന്നു പറഞ്ഞാൽ മതി). രാമന്റെ അയനമാണെങ്കിലും ഓർമ്മയിൽ വരിക രാവണനെ.. അതിനു കാരണമുണ്ട്‌.

രാവണൻ പണ്ഡിതനാണെന്നാണ്‌ കേട്ടിട്ടുള്ളത്‌. രാവണനെഴുതിയ ഗ്രന്ഥങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌ (ഇപ്പോൾ ലഭ്യമാണൊ എന്നറിയില്ല). ശ്രദ്ധിക്കുക. രാമനെ കുറിച്ച്‌ അങ്ങനെ ആരും 'പണ്ഡിതൻ' എന്നു പറഞ്ഞിട്ടില്ല..രാമൻ ഗ്രന്ഥങ്ങൾ എഴുതിയെന്നും കേട്ടിട്ടില്ല. അങ്ങനെ പണ്ഢിതനായ രാവണൻ സീതയെ തട്ടിക്കൊണ്ട്‌ വരിക, സീതയോട്‌ വിവാഹഭ്യർത്ഥന നടത്തുക എന്നൊക്കെ പറഞ്ഞാൽ അതിൽ യുക്തിയില്ല. രാമാണത്തിന്റെ തന്റെ പല ഭാഷ്യങ്ങളുള്ളതായി കേട്ടിട്ടുണ്ട്‌. ചിലതിൽ രാവണന്റെ മകളാണ്‌ സീതയെന്നും. ചിലതിൽ രാവണനു രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു അറിയാമായിരുന്നുവെന്നും. അതു കൊണ്ട്‌ മോക്ഷത്തിനായി രാമന്റെ കൈ കൊണ്ട്‌ തന്നെ മരണം വരിക്കണം എന്നൊരാഗ്രഹം കൊണ്ട്‌ ഇതൊക്കെ ചെയ്തതാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌..താൻ തട്ടി കൊണ്ട്‌ വന്ന സീത ശരിക്കും 'മായാ സീത' ആണെന്നും രാവണനു അറിവുണ്ടായിരുന്നുവെന്നും.. ആ ഒരു ഭാഷ്യമാണ്‌ എനിക്ക്‌ സ്വീകാര്യമായി തോന്നിയത്‌.. പണ്ഡിതനല്ലേ? അങ്ങനെ ചെയ്യാനാവും സാധ്യത.. മറ്റൊന്ന്.. ഏതൊരു കഥയിലും നായകനു തുല്യമായ, തുല്യബലമുള്ള ഒരു പ്രതിനായകനുണ്ടാവും.. അല്ലെങ്കിൽ പിന്നെ എങ്ങനെ നായകനു ആ 'ഹീറോ' പരിവേഷം കിട്ടും?.. അപ്പോൾ രാവണൻ രാമനു തുല്യനായ ഒരു കഥാപാത്രം തന്നെ..

ഇരുട്ടുണ്ടെങ്കിലല്ലേ വെളിച്ചത്തിനു വിലയുള്ളൂ?..
അങ്ങനെ പറഞ്ഞാൽ വെളിച്ചം ഇരുട്ടിനോട്‌ കടപ്പെട്ടിരിക്കുന്നു!

രാവണെ കുറിച്ച്‌ ഇങ്ങനെ ഒരു കാര്യം നമ്മുടെ പഴയ ആൾക്കാർക്ക്‌ അറിവുണ്ടായിരിക്കണം.
'അവനാളു രാവണനാ'  എന്നു കേട്ടിട്ടില്ലേ?. അവൻ അത്ര ബുദ്ധിയുള്ള ഒരാളാണ്‌ എന്നു പറയുന്നതാണ്‌. ഈ പത്തു തല എന്നൊക്കെ പറയുന്നത്‌ അത്രയും ബുദ്ധി എന്നു സൂചിപ്പിക്കാനാവണം അല്ലാതെ..

'അവനാളു രാമനാ' എന്നാരും പറയുന്നതു കേട്ടിട്ടില്ല..എന്നാൽ 'അവനൊരു മര്യാദരാമൻ' എന്നു പറയുന്നത്‌ കേട്ടിട്ടുണ്ട്‌. പലപ്പോഴും പുച്ഛരസത്തിൽ..അതെന്താ അങ്ങനെ?

കേരളത്തിൽ അധികം രാമന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങളില്ല (കൃഷനും ശിവനും പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ)..എന്താവാം അതിനു കാരണം?
കൃഷ്ണനും രാമനും മഹാവിഷ്ണുവിന്റെ തന്നെ അവതാരങ്ങൾ പക്ഷെ കൃഷ്ണൻ എന്തു കൊണ്ട്‌ കൂടുതൽ സ്വീകാര്യനായി മാറി?.. അറിവുള്ളവർക്ക്‌ പങ്കുവെയ്ക്കാം..കൂട്ടത്തിൽ രാവണൻ എഴുതിയ ഗ്രന്ഥങ്ങളെ കുറിച്ചും.

ഇനി നാളെ..

Saturday, 17 August 2013

സ്വപ്നം കാണുന്ന ചെടികൾ

പല ചിന്തകളും ഒരു വരിയിലേക്ക്‌ ആവാഹിച്ചിരുത്താൻ ശ്രമിക്കുക വളരെ രസകരമായ ഒരു പ്രവൃത്തിയാണ്‌!.

അങ്ങനെ ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമാണ്‌ താഴെയുള്ള ഒരു വരി.
'സ്വപ്നം കാണുന്നുണ്ടോരോ ചെടിയും ഒരു പൂവിനെ!'.

ഒരു പുൽക്കൊടിക്കു പോലും ഒരു സ്വപ്നമുണ്ടാകും. ഒരു റോസാച്ചെടി നടുമ്പോൾ, നമ്മൾ ഒരു റോസാപുഷ്പത്തെ കാണുന്നുണ്ട്‌. പക്ഷെ ഇതൊന്നുമറിയാതെ, ആ ചെടി ഒരു റോസാപുഷ്പത്തെ കണ്ടു തുടങ്ങിയിട്ടുണ്ടാവും. ഇതെന്റെ വെറും തോന്നൽ മാത്രമാണ്‌ :)

ചെടികൾക്ക്‌ വേദനയറിയാൻ കഴിയുമെന്നും, സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞത്‌ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനല്ലേ? ജഗദീശ്‌ ചന്ദ്ര ബോസ്‌. എനിക്ക്‌ തോന്നുന്നത്‌ ഓരോ ഇന്ത്യാക്കാരന്റെയുമുള്ളിൽ കുറച്ച്‌ ആത്മീയത കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്‌!. മറ്റു രാജ്യക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച്‌ കൂടുതൽ. അതെന്താ അങ്ങനെ?. ഒരു പക്ഷെ നമ്മുടെ പാരമ്പര്യമാവാം. മറ്റു രാജ്യങ്ങളിൽ ജീവിച്ചിരുന്ന മുനിമാരെ പറ്റിയോ, ഋഷിമാരെ പറ്റിയോ ഏതെങ്കിലും ചരിത്ര പുസ്തങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ എന്നറിയില്ല.

ചെടികൾക്ക്‌ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും മറ്റും പറയുമ്പോൾ ന്യായമായും ഒരു സംശയം വരും - ചെടികൾ ചിന്തിക്ക‍ാറുണ്ടോ?. ഉണ്ടാവില്ല, അതിനു ഒരു നാഢീവ്യൂഹമില്ല, തലച്ചോറില്ല എന്നൊക്കെ പലരും വാദിക്കുന്നു.. അങ്ങനെ വരുമ്പോൾ രസകരമായ ഒരു ചിന്ത വരും..നമ്മുടെ പാവം യക്ഷികൾ? ഗന്ധർവ്വന്മാർ?.. സ്പർശിക്കാവുന്ന ഒരു രൂപം കൂടി ഇല്ലാത്തവർക്ക്‌ എന്തു ചിന്ത?! എന്തു പ്രതികാരം?!

ഇനി ആദ്യമെഴുതിയ വരിയിലേക്ക്‌ തിരിച്ചു വരാം. അതൊന്നു മാറ്റിയെഴുതി നോക്കാം.

'സ്വപ്നം കാണുന്നുണ്ടോരോ സ്ത്രീയും ഒരു കുഞ്ഞിനെ!'.
ശരിയാണോ? അതു ഒരു സ്ത്രീക്കല്ലേ പറയാൻ കഴിയൂ.. എങ്കിലും അതേക്കുറിച്ച്‌ വായനക്കാർക്കും ചിന്തിക്കാവുന്നതാണ്‌..

ഇനി നാളെ..

Friday, 16 August 2013

ഒരു കിളി

കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ പ്രശസ്ത എഴുത്തുകാരൻ Poulo Coelho യുടെ ബ്ലോഗ്‌ വായിക്കാനിടയായി (http://paulocoelhoblog.com/).

അദ്ദേഹത്തെ കുറിച്ച്‌ അധികം പറയേണ്ട കാര്യമില്ല. ലോകത്തിന്റെ പലഭാഗത്തുമുള്ള ആയിരങ്ങളുമായി നിരന്തരം ട്വിറ്ററിലൂടെയും, ബ്ലോഗിലൂടെയും അദ്ദേഹം സമ്പർക്കം പുലർത്തി കൊണ്ടിരിക്കുന്നു. ബ്രസീൽ എന്ന രാജ്യത്തെ കുറിച്ച്‌ ഓർക്കുമ്പോൾ പലപ്പോഴും അത്‌ 'കാൽപ്പന്ത്‌ കളിയുടെ നാട്‌' എന്ന കാര്യമാവും ഓർമ്മ വരിക. Paulo Coelho ബ്രസീലുകാരനാണ്‌. ഉപയോഗിക്കുന്ന ഭാഷ ബ്രസീലിയൻ ഡച്ച്‌ (പോർച്ചുഗീസ്‌ ഡച്ച്‌ വേറെ എന്നാണറിവ്‌). അദ്ദേഹത്തിന്റെ ബ്ലോഗിൽ പോയാൽ അവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോകൾ കാണാം, പുതിയ പുസ്തകത്തെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കാം. എഴുത്തിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേൾക്കാം.

Paulo Coelho എന്ന എഴുത്തുകാരന്റെ സാഹിത്യത്തെ കുറിച്ച്‌ ഭിന്നാഭിപ്രായമാണ്‌ വായനക്കാർക്കിടയിൽ. ചിലർക്ക്‌ അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടമാണ്‌. ചിലർക്ക്‌ 'അൽക്കെമിസ്റ്റ്‌' എന്ന പുസ്തകം മാത്രമാണിഷ്ടം. അതിനു ശേഷം വന്ന പുസ്തകങ്ങൾ എല്ലാം സമാന സ്വഭാവമോ, ശൈലിയോ ഉള്ളതാണെന്ന ആക്ഷേപവുമുണ്ട്‌. അദ്ദേഹം ധാരാളം എഴുതാറുണ്ട്‌ എന്നു ശ്രദ്ധയിൽ പെട്ടു. ശരിക്കു പറഞ്ഞാൽ ദിവസവും എഴുതാറുണ്ടെന്നു തോന്നുന്നു. അപ്പോൾ തോന്നി ആർക്കും ദിവസവും എഴുതാവുന്നതേയുള്ളൂ. അതിനൊരു താത്പര്യമുണ്ടായിരുന്നാൽ മതി!. എഴുതാൻ ഒരു ആവേശവും, എഴുതുന്നതെല്ലാം സ്വയം ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ ആർക്കും എഴുതാം. എനിക്കതൊന്നു ശ്രമിച്ച്‌ നോക്കണമെന്നു തോന്നി. അതാണീ ഈ പുതിയ ബ്ലോഗ്‌ തുടങ്ങാനുള്ള കാരണം. ഇവിടെ ഞാനെന്തെങ്കിലും ദിവസവും കുറിക്കും (ചിലപ്പോൾ ഒരു വരി മാത്രമായിരിക്കും..ചിലപ്പോൾ കുറച്ച്‌ കൂടുതൽ). ഇതെത്ര നാൾ നടത്താൻ കഴിയുമെന്നു ഒരു പിടിയുമില്ല. ഇടയ്ക്ക്‌ മുടങ്ങി പോകാനുള്ള സാദ്ധ്യത വളരെയധികമാണ്‌. എങ്കിലും ശ്രമിക്കുന്നത്‌ രസകരകമായ ഒരു സംഗതിയായിരിക്കുമെന്നു വിശ്വസിക്കുന്നു. ഒരു മാനസിക വ്യായാമമെങ്കിലും ആകുമല്ലോ എന്നൊരു ആശ്വാസവുമുണ്ട്‌!

ചിലർ ചോദിച്ചേക്കാം,
'ഇതിനും മാത്രം ചിന്തകളുണ്ടോ?'
'ഉണ്ടല്ലോ! എനിക്കു മാത്രമല്ല, എല്ലാവർക്കും. ചിന്തകളെ കുറിച്ച്‌ ആരും ചിന്തിക്കാത്തത്‌ കൊണ്ട്‌ അറിയുന്നില്ല എന്നേയുള്ളൂ!'

പല ചിന്തകളും വരികയും, മാഞ്ഞോ, മറഞ്ഞോ പോവുകയും ചെയ്യുന്നു! (എവിടെ പോകുന്നു എന്ന പ്രസക്തമായ ചോദ്യം സൗകര്യപൂർവ്വം വിടുന്നു!. ചില കാര്യങ്ങൾ സൗകര്യമനുസരിച്ച്‌ ഇങ്ങനെ വിട്ടു കളയാറുണ്ട്‌.).

ചില ചിന്തകൾ ആവർത്തിച്ചുണ്ടാവാറുണ്ട്‌. അതിലേറ്റവും രസകരമായ ഒരു ചിന്ത പങ്കു വെയ്ക്കുന്നു. ഇതു വായിച്ചു ചിലരെങ്കിലും (ആ വഴിക്ക്‌ ചിന്തിച്ചിട്ടില്ലാത്തവർ) ഇതേക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങുമെന്നു വെറുതെ ഒന്നാശിക്കുന്നു.

ഇതാണത്‌:
ചിന്തകളുടെ ഉത്ഭവസ്ഥാനത്തേക്കുറിച്ച്‌ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴെങ്കിലും?
ഇതുവരെയില്ലെങ്കിൽ ചിന്തിച്ചു നോക്കാവുന്നതാണ്‌. പിന്നിലേക്ക്‌ യാത്ര പോകുന്നതു പോലെയാണത്‌. കാലങ്ങളിലൂടെ, സമയത്തിലൂടെ..അനന്തതയിലേക്ക്‌!

ആദ്യത്തെ പോസ്റ്റ്‌ ഇന്നു കണ്ട ഒരു കിളിയെക്കുറിച്ചാണ്‌..തുടർന്നു വായിക്കൂ...
ഒരു ചെറിയ സംഭവമാണ്‌. ഇന്നു രാവിലെ സംഭവിച്ചതാണ്‌.

ഓഫീസിൽ പോകുന്ന വഴി. കാറിലാണ്‌ യാത്ര. ഒരു റൗണ്ട്‌ എബൗട്ടിനടുത്തെത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ണിൽ പെട്ടു. റോഡിൽ ഒരു ചെറിയ കിളി കിടക്കുന്നു. ആ കിടപ്പ്‌ കണ്ടാലറിയാം ആ കുഞ്ഞു ശരീരത്തിൽ നിന്നും ജീവൻ പോയ്ക്കഴിഞ്ഞിരിക്കുന്നു എന്ന്. അതിനു മുകളിൽ കൂടി ഒരു വാഹനം കയറി ഇറങ്ങിയോ എന്നൊരു സംശയവുമുണ്ട്‌. കുറച്ച്‌ മുൻപെ ഏതെങ്കിലും വാഹനം ഇടിച്ച്‌ അതു വീണു പോയതാവാം. ഞാനെന്റെ കാറിന്റെ വേഗത കുറച്ച്‌ അതിൽ നിന്നും മാറി വണ്ടി എടുക്കുകയായിരുന്നു. അപ്പോഴാണ്‌ മറ്റൊരു കാര്യം കണ്ടത്‌. അതിനു കുറച്ചപ്പുറം മാറി മറ്റൊരു കിളി ഇരിക്കുന്നു. അതേ നിറം, അതേ വലുപ്പം. അതു നിലത്ത്‌ വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കുകയാണ്‌. സാധാരണ ഇതു പോലുള്ള കിളികൾ വാഹനങ്ങൾ വരുമ്പോൾ, അപ്പോൾ തന്നെ പറന്നു പോവുകയാണ്‌ പതിവ്‌. എന്നാൽ ഈ കിളി അനങ്ങുന്നില്ല. ഞാൻ കൂടുതൽ ശ്രദ്ധാലുവായി. ഇതിന്റെ പുറത്ത്‌ വണ്ടി കയറാൻ പാടില്ലല്ലോ. ഇവിടെ ആരും ഹോൺ അടിക്ക‍ാറില്ല (നിശ്ശബ്ദ്ദത ഇഷ്ടപ്പെടുന്നവരാണിവിടെ). അതു കൊണ്ട്‌ ഹോൺ അടിക്കാനും തോന്നിയില്ല. വളരെ സൂക്ഷിച്ച്‌ ഞാൻ രണ്ടു കിളികളേയും സ്പർശിക്കാതെ വണ്ടിയെടുത്തു. റൗണ്ട്‌ എബൗട്ട്‌ കഴിഞ്ഞ്‌ റെയർ മിറർ വഴി നോക്കുമ്പോൾ എന്റെ പിന്നാലെ വരുന്ന വണ്ടികളും അതു പോലെ വളരെ ശ്രദ്ധിച്ച്‌ വണ്ടിയെടുക്കുന്നത്‌ കണ്ടു. അപ്പോഴും രണ്ടാമത്തെ കിളി റോഡിൽ തന്നെയുണ്ട്‌. അണുവിട മാറിയിട്ടില്ല.

എന്തിനാവും ആ കിളി അവിടെ തന്നെ ഇരിക്കുന്നത്‌? ഞാൻ അതേക്കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങി..
ആ കിളികൾ സുഹൃത്തുക്കൾ ആയിരിക്കാം, ചിലപ്പോൾ സഹോദരങ്ങൾ..ചിലപ്പോൾ പ്രണയിക്കുന്നവർ..ചിലപ്പോൾ കുറച്ച്‌ മുൻപ്‌ മാത്രം കണ്ടുമുട്ടിയവരായിരിക്കാം..ചിലപ്പോൾ അച്ഛനും മകനും, ചിൽപ്പോൾ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും..അവരുടെ കുഞ്ഞുങ്ങൾ കൂട്ടിൽ അവരെ കാത്തിരിപ്പുണ്ടാവാം.. എന്തായാലും അവർക്കിടയിൽ ഒരു ബന്ധമുണ്ട്‌. അതു തീർച്ചയാണ്‌. നിമിഷങ്ങൾക്ക്‌ മുൻപ്‌ അവർ ഒന്നിച്ച്‌ പറന്നിട്ടുണ്ടാവും. ചിലപ്പോൾ അന്യോന്യം എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും (അവർക്കും അവരുടേതായ ഒരു ഭാഷയുണ്ടെന്ന കാര്യത്തിൽ എനിക്ക്‌ സംശയമൊന്നുമില്ല). ഇപ്പോൾ അവരിരൊരാൾ താഴെ നിശ്ചലമായി കിടക്കുന്നു.. മണിക്കൂറുകൾക്കകം റോഡ്‌ വൃത്തിയാക്കുന്നവർ വന്ന് അതിനെ അവിടെ നിന്നും മാറ്റും. അതിനു ശേഷം അതിനേ കാണുവാനെ സാധിക്കില്ല. പക്ഷെ സ്വന്തം ജീവൻ പണയപ്പെടുത്തി ആ രണ്ടാമത്തെ കിളി എന്തിനു ഇത്രയും തിരക്കുള്ള ഒരു വഴിയുടെ മധ്യേ വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കണം?.. അവസാനമായി കുറച്ച്‌ നേരം കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തിരുന്നതാവുമോ?

എനിക്ക്‌ ഒരു സംശയം കൂടി തോന്നി. ഇതായിരുന്നു അത്‌ -  ചിലപ്പോൾ സ്വന്തം ജീവൻ വെടിയാൻ വേണ്ടി മനപ്പൂർവ്വം റോഡിൽ തന്നെ ഇരുന്നതാണെങ്കിലോ..?..മറ്റൊരു വാഹനം തന്റെ മേൽ വന്നു കയറുന്നതും കാത്ത്‌..

ആ ചിന്ത ഇന്നു പകൽ മുഴുവനും എന്നെ വേട്ടയാടി കൊണ്ടിരുന്നു..ഇപ്പോഴും എന്റെ കൂടെ ഉണ്ട്‌. ആ കാഴ്ച്ച ഇനി മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇനി അഥവാ മറന്നാലും, ഇടയ്ക്കിടെ തെളിഞ്ഞു വരാതിരിക്കില്ല..ചിലപ്പോൾ വലിയ കാര്യങ്ങളെക്കാൾ വളരെ ചെറിയ കാര്യങ്ങളാവും നമ്മെ ഉലച്ചു കളയുന്നത്‌..

എനിക്ക്‌ നോവുന്നു..ഇപ്പോഴും..