Thursday, 31 October 2013

കലാപരിപാടി

കോടതികളിൽ വിശുദ്ധപുസ്തകങ്ങളിൽ തൊട്ട്‌ സത്യം ചെയ്യിക്ക‍ാറില്ലേ?
കള്ളം പറഞ്ഞവന്‌, കള്ളം ചെയ്തവന്‌ ഈ പറയുന്ന പുസ്തകത്തിൽ തൊട്ട്‌ കൊണ്ട്‌ കള്ളം പറയാവുന്നതല്ലെയുള്ളൂ?. അതോ ഈ കലാപരിപാടി സിനിമകളിൽ മാത്രമേ ഉള്ളൂ?

Wednesday, 30 October 2013

ഒന്നെയുള്ളൂ

സ്പർശിക്കാതെ  തലോടാനും പ്രഹരിക്കാനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നെയുള്ളൂ - വാക്ക്‌

Tuesday, 29 October 2013

ഇല്ല

തേടി നടക്കുന്നുണ്ടിന്നും ചില രാധമാർ
കാലിമേയ്ക്കുമാ ഇടയചെറുക്കനെ..
...
ഇല്ല വരില്ലവനൊരിക്കലുമീ വഴി
ഇല്ല കേൾക്കില്ലയാരുമാ കുഴൾവിളി..

Monday, 28 October 2013

കുഴികൾ

കുഴിയിൽ വീണാൽ അതു നികത്തി അവിടെയൊരു മരം നടുക..
ജീവിതയാത്രയിലും കുഴികൾ ധാരാളം..

Sunday, 27 October 2013

ജീവിതം

വൃത്തത്തിനുള്ളിലെ ചതുരമത്രെ ജീവിതം..
നാലു കോണിലും ഒഴിഞ്ഞയിടങ്ങൾ ബാക്കി...

Saturday, 26 October 2013

ഇപ്പോഴും

ഊറി വരുന്നുണ്ടാ മിഠായിൻ മധുര
മിപ്പോഴുമെൻ നാവിൻ തുമ്പിൽ!

Friday, 25 October 2013

മനുജരെല്ലാം

പടഹധ്വനിയില്ലാതെ, പട്ടാളമില്ലാതെ,
പൊരുതുന്നു പലരുമീ മണ്ണിൽ..
ഒരുപിടി മണ്ണായി മാറുവാൻ മാത്രമോ
പിറക്കുന്നു ഭൂമിയിൽ മനുജരെല്ലാം?

Thursday, 24 October 2013

നീ കെട്ടിയിട്ടു!

കടമിഴിക്കൊണിലെ കയറുകൊണ്ടെന്റെയീ
ഹൃദയത്തെ മുറുകെ നീ കെട്ടിയിട്ടു!

Wednesday, 23 October 2013

എന്തേ?

'മതി'യെന്നു ചൊന്നിട്ടും തിരയെന്തേ വീണ്ടും,
പലവുരു ചുംബിച്ചു തീരത്തിനെ?

'ഒരുവേളയിനി നമ്മൾ കാണാതിരുന്നാൽ?'
തിരയപ്പോൾ ചോദിച്ചു മൗനമായ്‌..

Tuesday, 22 October 2013

എത്ര തവണ ജീവിക്കാം?

ഓ എൻ വി - എം ബി ശ്രീനിവാസ്‌ കൂട്ടുകെട്ടിൽ സൃഷ്ടിക്കപ്പെട്ട പാട്ടുകൾ - എത്ര കേട്ടാലും മതിവരാത്തവ.. പല പാട്ടുകളിലും പഴയ ഓർമ്മകൾ കെട്ടുപിണഞ്ഞു കിടക്കുന്നു..ഒരു ദിവസം ഓർമ്മകളിൽ കൂടി സഞ്ചരിച്ച്‌ എത്ര തവണ ജീവിക്കാം ?..എത്ര തവണ വേണമെങ്കിലും..

Monday, 21 October 2013

പ്രതീക്ഷകൾ

നാളെ കുറിച്ച്‌ പ്രതീക്ഷകളൊന്നുമ്മില്ല..മറ്റൊന്നുമല്ല കാരണം..ആയിരം വർഷങ്ങൾക്കു മുൻപും ഇതു പോലെ 'നല്ല നാളെ' കുറിച്ച്‌ പ്രതീക്ഷകളുമായി ആയിരങ്ങൾ കാത്തിരുന്നു..ആ നാളെ ഇന്നായിരുന്നു..ഇന്നും അതേ പോലെ ആയിരങ്ങൾ..പ്രതീക്ഷകൾക്ക്‌ പോലും പ്രതീക്ഷിക്കാനൊന്നുമില്ലാത്ത അവസ്ഥ...

Sunday, 20 October 2013

നല്ല പാട്ടുകൾ

വെറുതെ ഒന്നാലോചിച്ചു..2013 ഇൽ ഇതുവരെ ഇറങ്ങിയ സിനിമകളിലെ എത്ര ഗാനങ്ങളാണ്‌ മനസ്സിൽ തങ്ങി നിൽക്കുന്നതെന്ന്..ഒരു ചെറിയ കണക്കെടുപ്പ്‌..

ഒരു കാര്യം മനസ്സിലായി..ഒന്നുകിൽ അധികം നല്ല പാട്ടുകൾ ഉണ്ടായിട്ടില്ല..അല്ലെങ്കിൽ എനിക്ക്‌ ഓർമ്മപിശക്‌ സംഭവിച്ചിരിക്കുന്നു..

Saturday, 19 October 2013

ഭൂമി

ഭൂമി എത്ര വിലപ്പെട്ടതും സുരക്ഷിതവുമാണെന്ന് ഒരിക്കൽ കൂടി ബോദ്ധ്യമായി.. ഇന്നു GRAVITY എന്ന സിനിമ കണ്ടപ്പോൾ..കാണേണ്ട ചിത്രം. കണ്ടിരിക്കേണ്ട ചിത്രം.

Friday, 18 October 2013

ചെറിയ ചെറിയ സന്തോഷങ്ങൾ

ചോദിക്കുന്നത്‌ ചോദിക്കുന്നത്‌ അപ്പപ്പോൾ കിട്ടുമ്പോൾ കിട്ടുന്നതിലുള്ള വില നഷ്ടപ്പെടുന്നുണ്ടോ ഇപ്പോഴത്തെ ബാല്യത്തിനു?
ചെറിയ ചെറിയ സന്തോഷങ്ങൾ..എവിടെയോ നഷ്ടപ്പെട്ടു പോകുന്നുവോ അവർക്ക്‌ എന്നൊരു തോന്നൽ..

Thursday, 17 October 2013

രണ്ടു തരം മനുഷ്യർ

ഒരു പൂവ്‌ വിരിയുമ്പോൾ സന്തോഷിക്കുന്നത്‌?
- പൂവ്‌?
- ചെടി?
- മറ്റു ചെടികൾ?
- ഉദ്യാനപാലകൻ?
- തുമ്പികൾ?
- ചിത്രശലഭങ്ങൾ?
- വണ്ടുകൾ?
- കിളികൾ?
- തേനീച്ചകൾ?
- ഉദ്യാനത്തിന്റെ ഉടമ?
വെറുതെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കാൻ ശ്രമിച്ചതാണ്‌!
എനിക്ക്‌ തോന്നുന്നത്‌ ഈ പ്രപഞ്ചം മുഴുവനും സന്തോഷിക്കുന്നുണ്ടെന്നാണ്‌!

വെറും രണ്ടു തരം മനുഷ്യരെ ഉണ്ടാവാൻ വഴിയുള്ളൂ - ആണും പെണ്ണുമല്ല, സന്തോഷിക്കുന്നവരും, സങ്കടപ്പെടുന്നവരും..അത്രയേ ഉള്ളൂ.


Wednesday, 16 October 2013

അടിമ

ഇന്റർനെറ്റ്‌ നു അടിമയായോ?
എന്നൊരു സംശയം..
ലക്ഷണങ്ങളറിയാൻ ഗൂഗിൾ ചെയ്തെല്ലേ പറ്റൂ? ;)

Tuesday, 15 October 2013

ഭൂതകാലം

കഴിഞ്ഞ കാലത്തിനെ ഭൂതകാലം എന്നെന്തിനാ പറയുന്നത്‌?

ഒരു പക്ഷെ..കഴിഞ്ഞ കാലത്തെ ഓർമ്മകൾ ഭൂതങ്ങളെ പോലെ ആയതു കൊണ്ടാവാം..ഭൂതങ്ങൾക്ക്‌ മരണമില്ല..അവ നമ്മെ പിൻതുടർന്നു കൊണ്ടേയിരിക്കും..

Monday, 14 October 2013

വാർത്തകൾ

അമേരിക്കൻ കപ്പൽ 'കുത്തുപാള' തീരത്തിനടുത്തെത്തിയതായി ഇവിടത്തെ ടിവിയിലും റിപ്പോർട്ട്‌ വന്നു...ചിലപ്പോൾ ചില രാജ്യങ്ങൾ തോറ്റു പോകുന്നത്‌ യുദ്ധങ്ങളിലാവില്ല..ഒരു വെടിയുണ്ട പോലും ശത്രുക്കൾക്ക്‌ ഉപയോഗിക്കേണ്ടി വരികയുമില്ല..

മദ്ധ്യപ്രദേശിലെ മരണങ്ങൾ - അതും ടിവിയിൽ കാണിച്ചു. തിക്കും തിരക്കും...അച്ചടക്കമില്ലാത്ത ജനത ഒന്നും പഠിക്കുന്നില്ല..ഈ മാതിരി വാർത്തകൾ ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതായി ഓർക്കുന്നില്ല..

Sunday, 13 October 2013

ഒരു ഉപായം കൂടി


ഇന്നു ഒരു ഹൊറർ സിനിമ കണ്ടു. കുറച്ചു ഭാഗങ്ങൾ മാത്രം.
എന്തോ അബദ്ധത്തിൽ മ്യൂട്ടായിരുന്നു ടിവി. ഒരു ഹൊറർ സിനിമ എത്രത്തോളം വലിയ കോമഡി പടം ആകും എന്നത്‌ അപ്പോൾ മനസ്സിലായി!
മനസ്സു നിറയെ ചിരിക്കാൻ ഒരു ഉപായം കൂടി - ഒരു ഹൊറർ സിനിമ ശബ്ദം മ്യൂട്ട്‌ ചെയ്തിട്ട്‌ കാണുക. പരീക്ഷിച്ചു നോക്കു!

Friday, 11 October 2013

ചിലതും ചിലരും

മഴയ്ക്ക്‌ പെയ്യണമെന്നുണ്ട്‌..പെയ്യുന്നില്ല..
കുയിലിനു പാടണമെന്നുണ്ട്‌..പാടുന്നില്ല..
പൂവിനു വിരിയണമെന്നും, കായ്ക്ക്‌ പഴുക്കണമെന്നും..

ചിലർക്ക്‌ പ്രണയിക്കണമെന്നും,
ചിലർക്ക്‌ പിണങ്ങണമെന്നും..
ചിലർക്ക്‌ ജീവിക്കണമെന്നും,
ചിലർക്ക്‌ മരിക്കണമെന്നും..

പക്ഷെ
ആരോടും പറയാതെ,
ആരോടും ചോദിക്കാതെ,
പുഴയൊഴുകുന്നുണ്ട്‌..
സൂര്യനുദിക്കുന്നുണ്ട്‌,
കടൽ തിരമാലകളെ തള്ളി വിടുന്നുമുണ്ട്‌..
...
...
ചിലർ നിവൃത്തിയില്ലാതെ എഴുതുന്നുണ്ട്‌..
വായിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ ചിലർ വായിക്കുന്നുമുണ്ട്‌..

പരാതിയില്ലാതെ..

പരാതിയില്ലാതെ, പരിഭവമില്ലാതെ, പിണക്കമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്നു. അതും അവിശ്രമം എന്നു തന്നെ പറയാം. തീർന്നില്ല..മരണം വരെ..
മറ്റൊന്നുമല്ല, സ്വന്തം ഹൃദയം.

പുറത്തേക്ക്‌ നോക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാൻ കഴിയും 'അകത്തേക്ക്‌' നോക്കുമ്പോൾ..

Wednesday, 9 October 2013

ആദ്യത്തെ നന്ദി

ഹവ്വ ചെയ്തത്‌ ഒരു നല്ല കാര്യമല്ലേ? അല്ലെങ്കിൽ ഈ ഭൂമി മനുഷ്യരില്ലാതെ എത്ര വിരസമായേനെ!. എന്നിട്ടോ പഴി മുഴുവൻ ഹവ്വയ്ക്ക്‌ (പഴി കേൾക്കാൻ ഹവ്വമാരുടെ ജന്മം ബാക്കി?).

ഇനി ഹവ്വ പഴം പറിച്ചില്ലായിരുന്നെങ്കിലോ?. അവർ രണ്ടു പേരും വയസ്സായി മരിച്ചു പോയേനെ.. കഥ തീർന്നു.
കഥ എഴുതിയ ആൾക്കും കേട്ടയാൾക്കും ഒരു പോലെ മുഷിവ്‌ തോന്നിയേനെ..ഇതിപ്പോ എത്ര നല്ല തുടർക്കഥയാണ്‌!. ആദ്യത്തെ നന്ദി ഹവ്വയ്ക്ക്‌!

എവിടെയോ..

ചിത്രശലഭങ്ങളുടെ ചിറകുകൾക്കു വർണ്ണം പൂശാനും, മഴമേഘങ്ങളുടെ തലതുവർത്താനും ആരോ ഉണ്ടാവണം..എവിടെയോ..
ഇവിടെ നല്ല കാറ്റ്‌..എന്നു വെച്ചാൽ കൂര പറന്നു പോകും വിധം!
ആര്‌ എന്ത്‌ പ്രവചനങ്ങൾ നടത്തിയാലും, ആരും പ്രതീക്ഷിക്കാത്ത വാതിൽ തുറന്നവൻ വരും..
മഴയുടെ രൂപത്തിൽ, കാറ്റിന്റെ രൂപത്തിൽ...

Tuesday, 8 October 2013

സ്വസ്ഥം സമാധാനം

മതേതരത്വത്തിനു ഇന്നു മറ്റൊരു അർത്ഥമാണുള്ളതെന്നു തോന്നുന്നു.
സ്വന്തം മതത്തിലേയും മറ്റു മതത്തിലേയും കൊള്ളരുതായ്മകൾ കാണുമ്പോൾ നാവു കടിച്ച്‌, 'എന്തെങ്കിലും ചെയ്തു കൊള്ളട്ടെ. നമുക്കെന്തു ചേതം?' എന്നു വിചാരിച്ചിരിക്കുന്നതാണ്‌ ഇക്കാലത്തെ മതേതരത്വം.

Monday, 7 October 2013

നിറങ്ങൾ

സത്യത്തിനു നുണയുടെ നിറവും നുണയ്ക്ക്‌ സത്യത്തിന്റെ നിറവും ആരോ മാറി കൊടുത്തിരിക്കുന്നു.
നിറം മാറ്റി നോക്കുമ്പോൾ സത്യമേത്‌ നുണയേത്‌?.
ഇവിടെ അതുമല്ല.
നിറങ്ങൾ ഒന്നിനു പുറമെ ഒന്ന് എന്ന മട്ടിൽ മാറി മാറി പൂശിയാൽ എന്തു സംഭവിക്കും?
അതാണെന്നു തോന്നുന്നു ഇന്ന് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്‌..

Sunday, 6 October 2013

പിഹ

മനോഹരമായ ദിവസം.
മനോഹരമായ ഒരു സായാഹ്നം.
മനോഹരമായ ചില നിമിഷങ്ങൾ.
നന്ദിയാരോട്‌ ഞാൻ ചൊല്ലേണ്ടൂ?

നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ആരൊടാണ്‌ നന്ദി പറയേണ്ടത്‌?
കരയ്ക്കും കാറ്റിനും കടലിനും കാർമുകിലിനും..

സർവ്വപ്രപഞ്ചത്തിനും നന്ദി.

ഇന്നിവിടെ അടുത്തുള്ള 'പിഹ' എന്ന ബീച്ചിൽ പോയി (ചില സമയങ്ങളീൽ അവിടെ ഡോൾഫിനുകളെ കാണാമെന്നു പറയുന്നു). സ്വർഗ്ഗത്തിൽ നിന്നടർന്നു വീണു പോയൊരൊരിടം - അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരിടം!

നമ്മുടെ നാട്ടിലെ കടപ്പുറങ്ങളും എത്ര സുന്ദരമാണ്‌. ഒന്നു വൃത്തിയായി സൂക്ഷിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു!. കടപ്പുറത്തെ ഒരു സായാഹ്നം മനസ്സിൽ നിറയ്ക്കുന്ന ആനന്ദം - അതിനെങ്ങനെ വിലയിടും?. കടപ്പുറങ്ങൾ വൃത്തിയായി സൂക്ഷിക്കുവാൻ അധികാരപ്പെട്ടവർ ഉണ്ടാവും. എങ്കിൽ കൂടിയും പൊതുജനങ്ങളിൽ നിന്ന് ഒരു വലിയ അളവിൽ സഹകരണം വേണം. പ്ലാസ്റ്റിൽ ബോട്ടിലുകൾ, കപ്പലണ്ടി കടലാസുകൾ.

പല മന്ത്രിമാരും വിദേശയാത്രകൾ നടത്താറുണ്ട്‌. അവിടുള്ള മേന്മകൾ വിവരിക്കാറുമുണ്ട്‌. പക്ഷെ അതു സ്വന്തം നാട്ടിൽ നടപ്പിലാക്കാനുള്ള ആർജ്ജവത്വം - അതു പ്രകടിപ്പിച്ചു കാണാറില്ല :(

ചില ചിത്രങ്ങൾ ചുവടെ..Saturday, 5 October 2013

വാർത്ത

ഇന്നു ഒരു വാർത്ത വായിച്ച്‌ ചിന്തിക്കാൻ കഴിയാത്ത ഒരവസ്ഥയിലായി പോയി.. :(
ഇതാണാ വാർത്ത:
http://infomalayalee.com/index.php?page=newsDetail&id=36275

Friday, 4 October 2013

നീതി

പോക്കറ്റടിച്ചവനു സ്പോട്ടിലാണ്‌ അടി.

കോടികൾ അടിച്ചു മാറ്റിയാൽ, കേസ്‌ വല്ലതും നീങ്ങി തുടങ്ങണമെങ്കിൽ എട്ടും പത്തും വർഷം കഴിയണം. ചിലർ അപ്പോഴേക്കും മരിച്ചു പോയിട്ടുണ്ടാവും. ചിലർ ചെയ്ത കുറ്റകൃത്യങ്ങളുടെ തെളിവ്‌ ദുരൂഹമായി കാണാതെ പോവും. സാക്ഷികൾ അപ്രത്യക്ഷരാവും. അല്ലെങ്കിൽ കേസ്‌ പിൻവലിക്കും.. ഒരു കാര്യം മാത്രമേ ചെയ്യേണ്ടുള്ളൂ. വല്ല നക്കാപിച്ചയും മറ്റു കള്ളന്മാർക്കും കൂടി വീതിച്ചു കൊടുക്കണം. വിധി വിലയ്ക്ക്‌ കിട്ടുന്ന രാജ്യമാ.. ഇനി ശിക്ഷിച്ചാലോ? അപ്പോഴും ജീവിതം രാജകീയം തന്നെ. അപ്പോൾ അടിച്ചു മാറ്റിയ പണം? അത്‌ അതിന്റെ വഴിക്ക്‌ പോകും. അത്‌ വീണ്ടെടുക്കാൻ പറ്റില്ലല്ലോ!. ഒന്നു കൂടി പിടി പിടിച്ചാൽ പാതി വഴിയിൽ ശിക്ഷ അവസാനിപ്പിച്ച്‌ വീണ്ടും പുറത്ത്‌ വരാം..ഒത്താൽ പിന്നേം മോട്ടിക്കാം..

പക്ഷെ.. പോക്കറ്റടിക്കാരന്മാരെ കെട്ടിയിട്ട്‌ അടിക്കുക തന്നെ വേണം. അവന്മാരൊന്നും ശരിയല്ല. തെമ്മാടിത്തരമല്ലേ പോക്കറ്റടിക്കുക എന്നു വെച്ചാൽ?. കണ്ടു നിൽക്കാൻ പറ്റുവോ? കൈ വെച്ചു പോകും..ഹല്ല പിന്നെ!

ഹെൽമറ്റ്‌ ഇടാതെ പോയാലോ? പിറകെ ചേസ്‌ ചെയ്ത്‌ പിടിക്കണം. നല്ലത്‌ തന്നെ. വല്ലയിടത്തും പോയി തലയിടിച്ച്‌ വീണാലോ?. പോയില്ലേ?. പിന്നെ ആരോട്‌ സമാധാനം പറയും?.

അപ്പോൾ കോടികൾ കട്ടവരെ?..ഓ..അതു പിന്നെ.. അവരെ എല്ലാർക്കും ഭയമാണ്‌...എല്ലാർക്കും.


Thursday, 3 October 2013

ചിരി

കുട്ടികൾക്കെങ്ങനെ ഇത്ര നന്നായി ചിരിക്കാൻ കഴിയുന്നു?.

Wednesday, 2 October 2013

എങ്ങനെ?

പ്രമുഖമതങ്ങളെല്ലാം ഏക ദൈവം എന്ന വിശ്വാസത്തിലൂന്നിയാണ്‌ നിൽക്കുന്നത്‌. ഈ പ്രമുഖമതങ്ങളിലെ ജ്ഞാനികൾ എന്നു പറയപ്പെടുന്നവർ പറയുന്നത്‌ എല്ലാ മതങ്ങളിലെ ദൈവവും യഥാർത്ഥത്തിൽ ഒരു ദൈവമാണെന്നും. ഒരുപാട്‌ ദൈവങ്ങൾ ഉണ്ടായാലും ഒരു ദൈവം മാത്രം ഉണ്ടായാലും ചില കാര്യങ്ങളിൽ എല്ലാരും ഒരേ സ്വരക്കാരാണ്‌. ദൈവം സർവ്വവ്യാപിയാണ്‌. കരുണാമയനാണ്‌ (എന്തു തെറ്റും ചെയ്താലും ക്ഷമിച്ചു കൊടുക്കും). ഞൊടിയിടയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ്‌. പോരാഞ്ഞിട്ട്‌. എല്ലാ ദൈവങ്ങളും സ്നേഹത്തിനെ നിറകുടങ്ങളുമാണ്‌. അപ്പോൾ എന്തു കൊണ്ട്‌ ഈ ദൈവത്തെ ആരാധിക്കുന്നവർ തമ്മിൽ തല്ലു കൂടുന്നു?!. ഒന്നുകിൽ അവർ വിശ്വസിക്കുന്നു എന്നു പറയുന്ന ദൈവത്തെ അവർ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ അവർ വിശ്വസിക്കുന്ന ദൈവത്തെ വിശ്വസിക്കാത്തവരെ അവർ വിശ്വസിക്കുന്നില്ല!. വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത്‌(ഉണ്ടാകുകയല്ല) വിശ്വാസികൾ ആണെന്ന് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്‌.

ഇന്നാലോചിച്ചപ്പോൾ ഒന്നു തെളിഞ്ഞു വന്നു. വെറും രണ്ടു കൂട്ടരെ ഉള്ളൂ - വിശ്വാസികളും അവിശ്വാസികളും.

വിശ്വാസികൾ ഭൂരിപക്ഷമാണ്‌. വിശ്വാസികൾക്ക്‌ പല ദൈവങ്ങളുണ്ട്‌. അവർ തമ്മിൽ അവിശ്വസിക്കുകയും, അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാത്തവരെ തള്ളിപ്പറയുകയും ചെയ്യുന്നു.

എന്നാൽ അവിശ്വാസികൾ ന്യൂനപക്ഷമാണ്‌ - അവർക്ക്‌ ഒരു വിശ്വാസമേയുള്ളൂ - അവർ ഈ പറയുന്ന മതങ്ങളിൽ പെട്ട ദൈവങ്ങളിൽ ഒന്നിലും വിശ്വസിക്കുന്നില്ല എന്ന കാര്യത്തിൽ മാത്രം. അവർ തമ്മിൽ അഭിപ്രായവ്യത്യാസവുമില്ല.

അപ്പോൾ വിശ്വാസികളെക്കാൾ ഒരു പടി അവിശ്വാസികളല്ലേ മുന്നിൽ?
അവർ ഒരു വിഭാഗം മാത്രം. അവർക്ക്‌ തമ്മിൽ തല്ലു കൂടാൻ കാരണങ്ങളില്ല. അവർ കാരണം ലോകത്ത്‌ ഒരിടത്തും ഒരു ചോരപ്പുഴയും ഇതുവരെ ഉണ്ടായിട്ടില്ല. അവർക്ക്‌ ആചാരങ്ങളുമില്ല, അനാചാരങ്ങളുമില്ല, അന്ധവിശ്വാസങ്ങളില്ല, അനുയായികളില്ല, ആൾദൈവങ്ങളില്ല, ആരാധാനാലയങ്ങളില്ല, അവരെ തിരിച്ചറിയാൻ വേഷം കൊണ്ടോ, രൂപം കൊണ്ടോ സാധിക്കില്ല. അങ്ങനെ മനുഷ്യനെ മനുഷ്യനിൽ നിന്നു വേർതിരിക്കുന്ന ഒന്നും അവർ ചെയ്യുന്നില്ല, കൊണ്ടു നടക്കുന്നുമില്ല.

നമ്മൾ വിശ്വാസികളെക്കാൾ അവിശ്വാസികളെ വിശ്വസിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. അവിശ്വാസികളാകാൻ പഠിക്കേണ്ടിയിരിക്കുന്നു.

ഇനി നാളെ..

Tuesday, 1 October 2013

കാഴ്ച്ചകൾ

പകൽ മുഴുവൻ നടന്ന്, കാഴ്ച്ചകൾ കാണാൻ കുന്നിൻ മുകളിൽ എത്തുമ്പോഴേക്കും സൂര്യനസ്തമിച്ചു കഴിഞ്ഞിരിക്കും. കാഴ്ച്ചകൾ കുന്നു കയറുമ്പോഴേ കാണുക.

നിങ്ങൾ കുന്നു കയറിക്കൊണ്ടിരിക്കുവാണോ?.
ഇനി നാളെ..