Wednesday 18 September 2013

അപരിചിതർ

ഇന്നു ക്യാമറ കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തു. ബാംഗ്ലൂരിൽ വെച്ച്‌ നടന്നത്‌. അവിടെ ഒരു കമ്പനിയിൽ ജോലിയിൽ ചേർന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ കസിന്റെ കൂടെ ബൈക്കിൽ ഒരു ശനിയാഴ്ച്ച ദിവസം നഗരപ്രദക്ഷിണം നടത്തി വരുന്ന വഴിയായിരുന്നു. കൈയിൽ കൊഡാക്ക്‌ ക്യാമറയുണ്ട്‌ (ഡിജിറ്റൽ അല്ല. അന്നു ഡിജിറ്റൽ വിപ്ലവം തുടങ്ങിയിട്ടെ ഉണ്ടയിരുന്നുള്ളൂ). ഇടയ്ക്ക്‌ വീട്ടിലേക്ക്‌ ഫോൺ വിളിക്കാൻ ഒരു ബൂത്തിൽ കയറി. പൈസ കൊടുത്ത്‌ തിരിച്ച്‌ പോകുമ്പോഴാണറിഞ്ഞത്‌ - ക്യാമറ കൈയ്യിലില്ല!. അതു ഫോൺ വിളിക്കാൻ കയറിയ ഇടത്ത്‌ വെച്ച്‌ മറന്നു പോയിരുന്നു. തിരിച്ച്‌ ബൈക്കിൽ ചെന്നു ബൂത്തിനകത്ത്‌ നോക്കി. ശൂന്യം. ശരിക്കും വല്ലാണ്ട്‌ വിഷമിച്ചു. എടുത്ത ഫോട്ടോകൾ പോയെന്ന വിഷമമല്ലായിരുന്നു - എന്റെ ആദ്യത്തെ ശമ്പളത്തിൽ വാങ്ങിച്ച ക്യാമറയായിരുന്നു അത്‌. (ആദ്യത്തെ ശമ്പളം ക്യാമറ വാങ്ങിക്കാൻ ചിലവാക്കിയ എത്ര പേരുണ്ടെന്നറിയില്ല). മാത്രവുമല്ല, ആ ക്യാമറയുമായി എന്തോ ഒരു ബന്ധം ഉള്ളതു പോലെയും എനിക്ക്‌ തോന്നിയിരുന്നു.

ഞാൻ കടയിൽ കയറി ഉടമസ്ഥനോട്‌ ഒരു കറുത്ത ക്യാമറ ബാഗിൽ വെച്ച ക്യാമറ കണ്ടോ എന്നു ചോദിച്ചു. അതിന്റെ മോഡൽ നമ്പറും മറ്റും പറഞ്ഞു. അപ്പോഴേക്കും ഞാൻ ചെറുതായി വിയർത്തു തുടങ്ങിയിരുന്നു. അയാൾ ചില ചോദ്യങ്ങൾ ചോദിച്ചെന്നാണോർമ്മ. അതിനു ശേഷം ഒരു വലിപ്പിൽ നിന്നും ക്യാമറ എടുത്തു തന്നു!. എന്നിട്ടൊരു കാര്യം പറഞ്ഞു. തമിഴും ഇംഗ്ലീഷും കലർത്തിയാണത്‌ പറഞ്ഞതെന്നാണോർമ്മ.
'സത്യമായ പൈസ കൊണ്ട്‌ വാങ്ങിയത്‌ ഒരിക്കലും നഷ്ടപ്പെടില്ല. അതു നിങ്ങളുടെ അടുത്ത്‌ തിരിച്ചു വരും'.

എന്തെങ്കിലും കളഞ്ഞു പോകുമ്പോൾ, അതു തിരിച്ചു കിട്ടുമ്പോഴൊക്കെ ഞാനിതോർക്കും. ചില സമയങ്ങളിൽ അപരിചിതർ പറയുന്ന കാര്യങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും ഓർമ്മയിൽ കൊത്തി വെച്ചത്‌ പോലെ നിലനിൽക്കും.

ആ വ്യക്തിയുടെ മുഖമെനിക്കോർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ ആ വാക്കുകൾ ഇന്നും നല്ല പോലെ മനസ്സിലുണ്ട്‌. ഇതു പോലെ അപരിചിതരായ പലരുടെയും ഉപദേശങ്ങൾ..വാക്കുകൾ..

ചിലപ്പോൾ തോന്നും, പലരും പലതും പറഞ്ഞു തരാനായി, ഒരു നിമിത്തം പോലെ ജീവിതത്തിന്റെ വഴിയിൽ പലയിടങ്ങളിലായി നമ്മെ കാത്തു നിൽക്കുകയാണെന്ന്. നമ്മൾ അവരുടെ വാക്കുകൾക്കായി കാതോർക്കുകയെ വേണ്ടൂ..

ഇനി നാളെ..

1 comment:

  1. രാവിലെതന്നെ വായിച്ചപ്പോൾ ഇതുപോലെ പല അനുഭവങ്ങളും ഓർത്തുപോയി. എത്രയെത്ര സാഹായങ്ങളാണ് അപരിചിതരിൽ നിന്ന് ലാഭേച്ഛയില്ലാതെ എനിക്ക് ലഭിച്ചത്. നല്ല ലേഖനം.

    ReplyDelete