Saturday, 7 September 2013

സ്വാഭാവികം അസ്വഭാവികം

ഇന്ന് കടയിൽ പോയി മടങ്ങും വഴി ഒരു കാഴ്ച്ച കണ്ടു. കാർ ട്രാഫിക്‌ സിഗ്നലിനായി കാത്ത്‌ കിടക്കുമ്പോഴാണത്‌ കണ്ടത്‌. ഒരാൾ ഫുട്പാത്തിൽ നൃത്തം ചെയ്യുന്നു. ഒരു തിരുത്തുണ്ട്‌..നൃത്തം എന്നു പറഞ്ഞാൽ നമ്മൾ കണ്ടു ശീലിച്ച നൃത്തമല്ല. കണ്ടു ശീലിച്ചതിനൊക്കെ ഒരു പേരുണ്ട്‌. അല്ലെങ്കിൽ ഏതെങ്കിലും ഒരു പേരിട്ട്‌ അതിനെ ഒരു സമ്പ്രദായമാക്കാനും നമുക്കറിയാം. കൈകാലുകൾ താളത്തിൽ ചലിപ്പിക്കുക, മുഖത്ത്‌ പലവിധ ഭാവങ്ങൾ വരുത്തുക, ഒരു പ്രത്യേക ക്രമത്തിൽ മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ നീങ്ങിക്കൊണ്ടിരിക്കുക, കൂട്ടത്തിൽ സംഗീതവും വാദ്യോപകരങ്ങളുടെ അകമ്പടിയുമായാൽ സാധാരണക്കാർക്ക്‌ നൃത്തമായി. ഇതിലൊക്കെ ഉപരി, എന്തെങ്കിലും വികാരം  അല്ലെങ്കിൽ ഭാവം അതിൽ ഉൾപ്പെട്ടിരിക്കും എന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. അതു സന്തോഷമോ, സങ്കടമോ, ക്രോധമോ..അങ്ങനെ എന്തെങ്കിലും.

പറയാൻ വന്നതു വിട്ടു!. ഇവിടെ ഇയാൾ ചില പ്രത്യേക 'മുദ്രകൾ' കാണിക്കുന്നുണ്ട്‌. പ്രത്യക്ഷത്തിൽ ബോക്സിംഗ്‌ (മുഷ്ടിയുദ്ധം) എന്നു തോന്നും. മതിലിനപ്പുറത്ത്‌ നിന്നും തലനീട്ടി നിന്ന ചെടികളിലെ പൂക്കളുടെ പുറത്താണിദ്ദേഹത്തിന്റെ പ്രയോഗം എന്നു മാത്രം. ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, ഈ കലാപ്രകടനം ഞാൻ മാത്രമല്ല മറ്റു വാഹങ്ങളിലിരിക്കുന്നവരും വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്. കലാകാരനു ഏകദേശം 60-65 (ചിലപ്പോൾ 70ഉം ആകാം) വയസ്സ്‌ പ്രായമുണ്ടാകണം. കമ്പിളി കൊണ്ടുള്ള ഒരു ജാക്കറ്റ്‌ ധരിച്ചിട്ടുണ്ട്‌. ചുവപ്പ്‌ നിറമുള്ള ഷർട്ട്‌ തെളിഞ്ഞു കാണാം. തലയിൽ കമ്പിളി തൊപ്പി. സാമാന്യം നല്ല താടിയുണ്ട്‌. തൊപ്പി കാരണം മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. 'എന്തുവാ സംഭവം?' എന്നു നോക്കിയപ്പോൾ ചെവിയിൽ ഇയർ പ്ലഗ്ഗുകൾ തിരുകി വെച്ചിരിക്കുന്നത്‌ കണ്ടു. പുള്ളി പാട്ട്‌ കേട്ട്‌, നിയന്ത്രണം വിട്ട്‌ നൃത്തം ചെയ്യുകയാണ്‌. ചുറ്റുപാടും ആരൊക്കെയുണ്ട്‌, എന്തൊക്കെ സംഭവിക്കുന്നു എന്നൊന്നും അറിയുന്നതേയില്ല.

പുള്ളിക്ക്‌ മാനസികമായി എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു. ഇതാണാദ്യം തോന്നിയത്‌. തൊട്ടടുത്ത നിമിഷം അത്‌ സ്വയം തിരുത്തി. ഭൂരിപക്ഷത്തിനു അനുയോജ്യമല്ലെന്നോ, വിചിത്രമെന്നോ, സ്വാഭാവികമല്ലെന്നോ തോന്നുന്ന പ്രവൃത്തികളെ നമ്മൾ എത്ര വേഗമാണ്‌ മാനസിക രോഗമായി വിലയിരുത്തുന്നത്‌!. അയാൾക്ക്‌ സന്തോഷം തോന്നി. അയാളത്‌ പ്രകടിപ്പിച്ചു. അത്രയേ ഉണ്ടായിട്ടുണ്ടാവൂ. അതു കാരണം ആ വഴിപോകുന്നവർക്ക്‌ ഒരു ശല്ല്യവുമുണ്ടായില്ല. എന്നിട്ടും അയാളെ കുറിച്ച്‌ ഒരു നിമിഷം അങ്ങനെ ചിന്തിക്കാൻ എന്തു കൊണ്ട്‌ ഞാനിടയായി?. എന്റെ ആദ്യത്തെ വിചാരമായിരിക്കും അസ്വാഭാവികമായത്‌ എന്നു പോലും തോന്നി. ഒരു പക്ഷെ ഇതു വായിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും എനിക്ക്‌ തോന്നിയ പോലെ 'എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇല്ലേ?' എന്നായിരിക്കും ആദ്യം തോന്നിയിട്ടുണ്ടാവുക.

സ്വാഭാവികവും അസ്വഭാവികവും തമ്മിലുള്ള അകലം അല്ലെങ്കിൽ അടുപ്പം..അതേക്കുറിച്ച്‌ നിങ്ങൾക്കും ചിന്തിക്കാം. ചിലപ്പോൾ ഇതു രണ്ടും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം ഇഴപിരിഞ്ഞു കിടക്കുകയാവും..ജീവിതം പോലെ..

ഇനി നാളെ..

2 comments:

  1. ആരെങ്കിലും സ്വന്തം വികാരങ്ങളെ മറയില്ലാതെ പ്രകടിപ്പിച്ചാല്‍ അതിനെ ഭ്രാന്തായി കാണുന്ന ഒരു കൂട്ടര്‍ മലയാളി ആണ് .. ഇവിടെ പരിചയമില്ലാത്തവരെ ആണെങ്കിലും കണ്ടാല്‍ പുഞ്ചിരിച്ച് വന്ദനം ചെയ്തു മാത്രമേ വഴിനടക്കാരു പോലും കടന്നു പോകൂ .. അത് പോലെ തലയാട്ടി പാട്ട് ആസ്വദിച്ചു ചിരിച്ചു കൊണ്ട് ബസ്സിലും മറ്റും ഇരിക്കുന്നവരെ കാണാം ..
    ആദ്യമൊക്കെ എനിക്കും ഇങ്ങനെ ചിരിക്കുന്നവരെ കാണുമ്പോള്‍ ഒരു വല്ലായ്മ തോന്നിയിരുന്നു ..

    ReplyDelete
  2. മാണിക്യം ചേച്ചിയോട് ഞാനും യോജിക്കുന്നു,, ചിന്തിപ്പിക്കുന്ന സംഭവം.

    ReplyDelete