Saturday, 31 August 2013

സർഗ്ഗശക്തി

ഒരു രാജ്യത്തിലുള്ളവരെ നന്നായി മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അവരോടൊപ്പം കുറച്ച്‌ നാൾ കഴിയുക എന്നതാണ്‌. ന്യൂസീലാന്റിൽ വന്ന ആദ്യ നാളുകളിൽ ഒരു കിവി വനിതയുടെ കൂടെ ആയിരുന്നു താമസം (paying guest). അവിവാഹിതയായ ഒരു മധ്യവസ്ക. അവർ ഒരു ഗവൺമന്റ്‌ ഉദ്യോഗസ്ഥയായിരുന്നു (ഇപ്പോൾ റിട്ടയർ ചെയ്തു). നല്ല ഉയരവും സദാ പ്രസന്നവദനയുമായ ഒരു സ്ത്രീ. അവരുടെ ജീവിത രീതികൾ കണ്ടപ്പോഴാണ്‌ ഒരു ശരാശരി കിവിയുടെ ജീവിത രീതികൾ എന്തൊക്കെയാണെന്നു മനസ്സിലായത്‌.

ഒഴിവു വേളകൾ അവർ സമയം ചിലവഴിച്ചിരുന്നത്‌ ചിത്രം വരച്ചും, കളിമ്മൺ രൂപങ്ങൾ നിർമ്മിച്ചും, ചില പ്രത്യേകതരം പാത്രങ്ങൾ നിർമ്മിച്ചുമായിരുന്നു. അവരുടെ സൃഷ്ടികളുടെ പ്രദർശനങ്ങൾ ഓൿലന്റിൽ പലയിടത്തായി നടത്തിയിട്ടുമുണ്ട്‌. അവർക്ക്‌ ഒരു നല്ല പുസ്തക ശേഖരമുണ്ട്‌ (ഇവിടുള്ളവരുടെ വായനയെ പറ്റി പിന്നൊരിക്കൽ പറയാം). കിവി സാഹിത്യം, അവരുടെ സാഹിത്യത്തോടുള്ള താത്പര്യം ഇതൊക്കെ അറിയാൻ ഞാൻ ഇടയ്ക്കിടെ അവരോട്‌ സംസാരിക്കുമായിരുന്നു. അവരുടെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരു പുസ്തകം എന്റെ ശ്രദ്ധ ആകർഷിച്ചു. പുസ്തകത്തിന്റെ തലക്കെട്ടും എഴുതിയ ആളുടെ പേരും ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. പക്ഷെ അതു ഏകദേശം ഇപ്രകാരമായിരുന്നു - 'എങ്ങനെ നിങ്ങളുടെ സർഗ്ഗശക്തി വർദ്ധിപ്പിക്കാം?'. സർഗ്ഗശക്തി വർദ്ധിപ്പിക്കുന്നതിനേക്കുറിച്ചും പുസ്തകങ്ങൾ ലഭ്യമാണ്‌ എന്നതൊരു പുതിയ അറിവായിരുന്നു. സർസ്സശക്തി ജന്മനാ കിട്ടിയാൽ മാത്രം പോര, അതു വേണ്ടവിധം വളർത്തിക്കൊണ്ടു വരികയും വേണം. വേണ്ട 'പോഷകം' സമയാസമയം കൊടുക്കുകയും വേണം എന്നത്‌ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സമയാസമയം കൊടുക്കേണ്ട 'പോഷകത്തെ' കുറിച്ചുള്ള ഏകദേശ അറിവ്‌ പകരാൻ സഹായിക്കുന്ന ഒരു പുസ്തകമായിരുന്നു അത്‌. അതിൽ കണ്ടത്‌ ചില അഭ്യാസങ്ങളെ കുറിച്ചുള്ള ചില വിവരണങ്ങളായിരുന്നു. ചില ചിത്രങ്ങൾ..ചില വാക്കുകൾ..ചില പ്രത്യേക ക്രമത്തിൽ വരുന്ന വാക്കുകൾ ഉപയോഗിച്ച്‌ ചില വാചകങ്ങൾ എഴുതുക, ചില ചിത്രങ്ങളുടെ ഭാഗങ്ങൾ ചേർത്ത്‌ മറ്റൊരു ചിത്രമ ഉണ്ടാക്കുക..അങ്ങനെ പലതും!. ചുരുക്കത്തിൽ ഒരു 'ബ്രയിൻ എക്സർസൈസ്‌' !

ഇതൊക്കെ ചെയ്താൽ സർഗ്ഗശക്തി എങ്ങനെ കൂടുമെന്നും, സർഗ്ഗശക്തി എങ്ങനെ അളന്നു നോക്കും എന്നൊക്കെ എനിക്കു സംശയമായി (സംശയം ഒരു രോഗമല്ലെന്നു തോന്നുന്നു!).

ഇന്ന് എന്തു കൊണ്ടോ ഇതൊക്കെ വെറുതെ ഓർക്കാനിട വന്നു. അപ്പോൾ മറ്റൊരു ഏണി ഇറങ്ങി വന്നു. അതിൽ കയറി പോയപ്പോഴാണ്‌ പണ്ടു എവിടെയോ വായിച്ച ചില കാര്യങ്ങൾ ഓർമ്മ വന്നത്‌. അതു ഇതൊക്കെയാണ്‌.. നമ്മുടെ മസ്തിഷക്കത്തിന്റെ കഴിവിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. അതും നേരാം വിധം ഉപയോഗിക്കുന്നില്ല! (അതിലാർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല). മസ്തിഷ്ക്കത്തിനു 'പണി' കൊടുത്തു കൊണ്ടേയിരുന്നാൽ ഓർമ്മശക്തിക്കും ചിന്താശക്തിക്കും ഗണ്യമായ ചില പുരോഗതികളുണ്ടാവും. ഉദാഹരണത്തിന്‌ - ഇടതു കൈ കൊണ്ട്‌ എഴുതാൻ ശ്രമിക്കുക, കുളിക്കുമ്പോൾ വലതു കൈ കൊണ്ടാണ്‌ നിങ്ങൾ മഗ്ഗ്‌ ഉപയോഗിക്കുന്നെങ്കിൽ ഇടതു കൈ കൊണ്ട്‌ ശ്രമിച്ചു നോക്കുക. നിങ്ങളുടെ സ്വന്തം ശരീര ഭാഗങ്ങൾ പോലും നിങ്ങൾ എത്രത്തോളം കുറച്ചു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്ന് ഒരു ഞെട്ടലോടെ നിങ്ങൾ മനസ്സിലാക്കും (പിന്നെയാ ബ്രെയിൻ).. ഷർട്ടിടുമ്പോൾ ഇടതു കൈയാണോ ആദ്യം കുപ്പായത്തിന്റെ ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കുന്നത്‌? എങ്കിൽ വലതു കൈ ആദ്യം പ്രവേശിപ്പിക്കാൻ ശ്രമിച്ചു  നോക്കു..

അതു പോലെ പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, പുതിയ കളികൾ ശ്രമിച്ചു നോക്കുക..അങ്ങനെ പലതും ഇതു ഓർമ്മ ശക്തി വർദ്ധിപ്പിക്കും എന്നു പറയപ്പെടുന്നു.. പലതും മാറി ചിന്തിക്കാൻ സ്വമേധയാ ശ്രമിക്കുന്നത്‌ സർഗ്ഗശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു (കുറഞ്ഞ പക്ഷം ഈയുള്ളവനെങ്കിലും).

ഈ വിഷയത്തെ കുറിച്ച് ‌ ഒരുപാട്‌ എഴുതണമെന്നുണ്ട്‌. ഇനി വരുന്ന പോസ്റ്റുകളിൽ കൂടുതലായി എഴുതാം. മറ്റൊരിക്കൽ.

അപ്പോൾ നിങ്ങളുടെ സ്വന്തം ബ്രെയിനിനു നിങ്ങൾ തന്നെ 'പണി' കൊടുത്തു നോക്കു..
ആദ്യം നമുക്ക്‌ നമ്മളെ തന്നെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം..

ഇനി നാളെ..

Thursday, 29 August 2013

വിശ്വാസം

ഇന്നലത്തെ ചിന്തയുടെ തുടർച്ച.

പലരും ചോദിക്കാറുണ്ട്‌, "ദൈവത്തിൽ വിശ്വാസമുണ്ടോ?".
അതാണോ ശരിയായ ചോദ്യം?. ആണെന്നു തോന്നുന്നില്ല.

ശരിയായ ചോദ്യമിതാണ്‌.
"ദൈവത്തിനു നിങ്ങളെ വിശ്വസിക്കാമോ?"

ചിന്തിച്ചു നോക്കൂ..
നിങ്ങളെ നിങ്ങൾക്ക്‌ വിശ്വസിക്കാമോ?
എത്ര പേർ നിങ്ങളെ വിശ്വസിക്കുന്നു?
നിങ്ങൾ ആരാധിക്കുന്ന ഈശ്വരനു നിങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയുമോ?

അതിനുത്തരമായിരിക്കണം നിങ്ങളുടെ ജീവിതം...

ഇനി നാളെ..

Wednesday, 28 August 2013

ആർക്കാ വട്ട്‌?!

ഇവിടെ മനുഷ്യവിഗ്രഹങ്ങളെ കുറിച്ചല്ല എഴുതുന്നത്‌. ശരിക്കും ആരാധിക്കപ്പെടുന്ന, ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ശക്തിയുടെ വിഗ്രഹങ്ങളെ കുറിച്ചാണ്‌.

പശുവിൻ പാൽ വിഗ്രഹത്തിന്റെ തലയിലൂടെ ഒഴിക്കുക, പൂവ്‌ നുള്ളി എറിയുക, മണി ശബ്ദം മുഴക്കുക, മൃഗത്തിന്റെ തോൽ കൊണ്ടുണ്ടാക്കിയ വാദ്യം കൊണ്ട്‌ വലിയ ശബ്ദമുണ്ടാക്കുക (ഇക്കാലത്ത്‌ ഒരു മൃഗവും വയസ്സായി മരിക്കുന്നില്ല..കൊല്ലുകയാണ്‌ അതിനെയെല്ലാം), ചില സമയങ്ങളിൽ തലയിൽ കൂടി ഇടുക ചാണകം കരിച്ചുണ്ടാക്കിയ ഭസ്മമായിരിക്കും (ചാരം തന്നെ). ചിലപ്പോൾ നെയ്യ്‌. ചിലർ ഇതൊന്നും പോരാഞ്ഞിട്ട്‌, കോളാമ്പി കൊണ്ട്‌ വെച്ച്‌ അതിലൂടെ ശബ്ദ മലിനീകരണം നടത്തും.. ആട്‌, മാട്‌ ഇതിനെയൊക്കെ തല വെട്ടി ബലി നടത്തുന്നു..(പ്രീതിപ്പെടുത്താനാണ്‌!)

ചിലർ ഭൂമിയുടെ ഒരു ഭാഗത്ത്‌ നിന്നും മറ്റൊരു ഭാഗത്തേക്ക്‌ സഞ്ചരിക്കും..തീർത്ഥാടനമാണ്‌!. അതേ സമയം, അതേ ശ്വാസത്തിൽ പറയുകയും ചെയ്യും ശക്തി എല്ലായിടത്തും ഉണ്ടേന്നും!. എങ്കിലെന്തിനു തീർത്ഥാടനം?!.

ഇതു വരെ ആരും നേരിൽ കണ്ടിട്ടില്ലാത്ത, ശബ്ദം കേട്ടില്ലാത്ത, ശക്തി നേരിട്ടറിയാത്ത..ഒന്ന്.

ഭയമാണ്‌. ബഹുമാനിച്ചില്ലെങ്കിൽ നശിപ്പിച്ചു കളയും! എന്നാൽ സുഖിപ്പിച്ചാലോ എന്തും തരും! അങ്ങനെ എന്തും തരുമായിരുന്നെങ്കിൽ എന്നേ ലോകം സ്വർഗ്ഗമായേനെ! ഈ കോടിക്കണക്കിനു ആളുകൾ പ്രാർത്ഥിച്ചിട്ടും ലോകമെന്തെ ഇങ്ങനെ?.. എന്തേ ഇപ്പോഴും യുദ്ധങ്ങൾ? പട്ടിണി? പ്രകൃതി ദുരന്തങ്ങൾ?

വിഗ്രഹങ്ങൾക്ക്‌ മുന്നിൽ, അല്ലെങ്കിൽ ആരാധാനാലയങ്ങളുടെ മുന്നിൽ (മിക്ക മതക്കാരുടേയും) പെട്ടി വെച്ചിരിക്കും..അതിൽ പണം നിക്ഷേപിക്കാം. അതിലിടുന്ന പണം എവിടെ, എങ്ങനെ ചിലവഴിക്കപ്പെടും എന്ന് ഒരു തവണ പോലും ആലോചിക്കാതെ ഭക്തർ ഇടുന്നു.. എന്നാൽ വീട്ടിലെ കുട്ടി ഒരു പാവ വേണം, പന്തു വേണം എന്നു പറഞ്ഞാലോ അതിനെ കുറിച്ച്‌ രണ്ട്‌..മൂന്ന് വട്ടം ആലോചിക്കും..എന്നിട്ടൊടുവിൽ വേണ്ട എന്നു തീരുമാനിക്കും!.. മനുഷ്യൻ എത്ര ബുദ്ധിയുള്ള സൃഷ്ടി! അല്ലേ?

നമ്മൾ സൗരയൂഥത്തിലെ ഒരു കണിക മാത്രം. ക്ഷീരപഥങ്ങൾ കോടിക്കണക്കിനുണ്ടെന്നു കരുതപ്പെടുന്നു. അതിൽ ഭൂമി പോലുള്ള ഗ്രഹങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണ്‌. അതിൽ ജീവനുള്ള സൃഷ്ടികൾ ഉണ്ടാവനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പക്ഷെ നിലവിലുള്ള അറിവ്‌ വെച്ച്‌ ഈ ഒരു ഭൂമിയിൽ മാത്രം ജീവനുണ്ട്‌. കോടിക്കണക്കിനാളുകൾക്കിടയിൽ ഒരാൾ മാത്രമാണ്‌ ഈ ഞാനും. അങ്ങനെ കോടിക്കണക്കിനു ഗ്രഹങ്ങൾ ശൂന്യതയിൽ ഒഴുകി നടക്കുമ്പൊൾ, അതിലെ ഒരു ഗ്രഹത്തിലെ ഒരു ചെറിയ ജീവിയായ മനുഷ്യനെ നിയന്ത്രിക്കാനും, അവന്റെ ശിക്ഷിക്കുവാനും ഒരു ശക്തിയുണ്ടെന്നും, ആ ശക്തിയെ പ്രീതിപ്പെടുത്തണമെന്നും, ആരാധിക്കണമെന്നും അല്ലെങ്കിൽ ആ ചെറിയ ജീവന്റെ കണിക ശിക്ഷിക്കപ്പെടുമെന്നും (അതും മരണ ശേഷം മാത്രം!) പറയുമ്പോൾ..അതിൽ യുക്തിയുടെ ഒരു കണിക എങ്കിലും വേണം!

ഞാൻ ക്ഷീണിച്ചു..
ഒരു ചോദ്യം..അപ്പോ ആർക്കാ വട്ട്‌?!

ഇനി നാളെ..

ഇന്നത്തെ വരികൾ

ഇന്ന് ആവാഹിച്ച്‌ കടലാസിൽ ഇരുത്തിയത്‌..


സ്വയമെരിഞ്ഞൊരു തിരി തന്നെനിക്ക്‌
ഇരുളിലൊരു തുണ്ട്‌ വെട്ടം..

പൊട്ടിക്കുമ്പോൾ പൂവറിയുന്നില്ലല്ലോ
തന്റെ സഞ്ചാരപഥമേതെന്ന്..

'മണി'യടിച്ചാൽ വിളികേൾക്കും ദൈവങ്ങളത്രെ നമുക്കുള്ളത്‌..

ഒരോ മഴത്തുള്ളിക്കുമുണ്ട്‌,
ഒരു സാഗരത്തിൻ കഥ പറയാൻ..

വെളിച്ചപ്പാടിനുമുണ്ട്‌,
വെളിച്ചപ്പെടാനൊരു നേരവും കാലവും!

സ്നേഹത്തിനും വെറുപ്പിനുമിടയ്ക്കുണ്ട്‌,
മൗനത്തിന്റെയൊരു നീണ്ട പാത..

ഈ വരികളെല്ലാം ചില ചിന്തകളിൽ നിന്നൂറി വീണതാണ്‌.. ഇവ വായിക്കുമ്പോൾ ആ ചിന്തകളിൽ ചിലത്‌ നിങ്ങളിൽ പുനർജ്ജനിക്കുമായിരിക്കും..


ഇനി നാളെ...

Tuesday, 27 August 2013

മോഷണം

കുഞ്ഞ്‌ ജനിച്ച ഉടൻ തന്നെ തേനിൽ സ്വർണ്ണം അരച്ചു നാവിൽ വെച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലയിടങ്ങളിലുണ്ട്‌. അതിന്റെ പിന്നിൽ എന്താ കഥ എന്നറിയില്ല..(വിശ്വാസം..അതല്ലേ എല്ലാം?). എന്തായാലും ആ നിമിഷം മുതൽ ആ കുഞ്ഞ്‌ കള്ളനായി മാറി കഴിഞ്ഞിരിക്കുന്നു..
വളർന്ന് കുറച്ച്‌ കഴിയുമ്പോൾ പാൽ കുടിക്കാനാരംഭിക്കുന്നു..പിന്നീട്‌ മുട്ട..അങ്ങനെ അങ്ങനെ..

തേൻ തേനീച്ചയുടേതാണ്‌ (തേൻ ശേഖരിക്കുന്നത്‌ തേനീച്ചകൾക്ക്‌ ശൈത്യ കാലത്ത്‌ ഭക്ഷിക്കാനാണ്‌).
പാൽ പശുവിന്റേതാണ്‌ (അതിന്റെ കിടാവിനു വേണ്ടിയാണ്‌ പശു പാൽ ചുരത്തുന്നത്‌).
മുട്ട കോഴിയുടേതും (കോഴിക്ക്‌ കുഞ്ഞുങ്ങളുണ്ടാവാൻ. മുട്ട കഴിക്കുന്നത്‌ ഭ്രൂണ ഹത്യയായി വരുമോ?).

ഇതൊക്കെ കഴിച്ചു വളർന്ന മനുഷ്യൻ പിന്നെ എങ്ങനെ സത്യസന്ധനായി തീരും?!
ചൊട്ടയിലെ മോഷണം ചുടല വരെ..

ഇനി നാളെ..

Monday, 26 August 2013

രണ്ടു വരികൾ

"അറിയില്ല നിനക്കെന്റെയാത്മഹർഷം
വെറുതെ നീയെൻ നേർക്കു മിഴിനീട്ടുമ്പോൾ.."

ഇന്നൊരു പഴയ പുസ്തകമെടുത്തു നോക്കിയപ്പോൾ ഞാനെഴുതി വെച്ച ഈ വരികൾ കണ്ടു. എന്നോ, ഏതോ ഒരു നിമിഷം ഏതോ ഒരു പ്രചോദനത്തിന്റെ ചിറകിലിരുന്നെഴുതിയ വരികൾ.. പക്ഷെ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..

എന്തായാലും അതിവിടെ കിടക്കട്ടെ!
വീണ്ടും വായിക്കുമ്പോൾ ഒരു സുഖം..ചില പഴയ ഓർമ്മകൾ ചിറക്‌ വിരിച്ചു പറന്നു വരുന്നു..വായിക്കുന്ന ചിലർക്കെങ്കിലും ചിലത്‌ ഓർക്കാനുണ്ടാവും..

ഇനി നാളെ..

Sunday, 25 August 2013

മഞ്ഞു മലകൾ











മഞ്ഞു പുതപ്പണിഞ്ഞിരിക്കുന്ന മലനിരകൾ. അതു കാണാനുള്ള അവസരം കിട്ടുകയാണെങ്കിൽ പാഴാക്കരുത്‌. അതിലേക്ക്‌ നോക്കി നിന്നാൽ നമ്മൾ കുറച്ച്‌ നേരം നമ്മളെ തന്നെ മറന്നു പോകും.

ഇന്നലെ വീണ്ടും മഞ്ഞുമലയിലേക്ക്‌ ഒരു യാത്ര പോയി..(Mt.Ruapehu). കഴിഞ്ഞ വർഷം(?) പോയപ്പോൾ ഉണ്ടായിരുന്നതത്രയും മഞ്ഞുണ്ടായിരുന്നില്ല. പിന്നെ, മഴ വരുമോ എന്നൊരു പേടിയുമുണ്ടായിരുന്നു. ഭാഗ്യത്തിനു മഴ പെയ്തില്ല. ഒരാഴ്ച്ച മുൻപ്‌ അവിടെ മഞ്ഞു പൊഴിഞ്ഞിരുന്നു എന്നറിയാൻ കഴിഞ്ഞു. ആ 'സംഭവം' ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല :(
അടുത്ത യാത്രയിൽ അതു കാണാൻ കഴിയുമായിരിക്കും.
ഈ പ്രാവശ്യം സുഹൃത്തും കുടുംബവും കൂടെ ഉണ്ടായിരുന്നു. അതു കൊണ്ട്‌, യാത്ര കുറെ കൂടി രസമായി. ഒരു പകൽ മുഴുവനും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു!.

അവിടെ വെച്ചെടുത്ത ചില ചിത്രങ്ങൾ മുകളിൽ കാണാം. Canon 600D ഉപയോഗിച്ചാണ്‌ എടുത്തത്‌.

പറയാൻ വിട്ടു..മഞ്ഞു മലയിലേക്ക്‌ നോക്കി നിന്നപ്പോൾ തോന്നി - ഈ കാഴ്ച്ച, ഈ യാത്ര എല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണൊ എന്ന്..ചിലപ്പോൾ എന്റെ ജീവിത യാത്രയും അങ്ങനെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാവാം..എങ്കിൽ അതാരാവാം അതിനു പിന്നിൽ?

ഇനി നാളെ..