Monday, 19 August 2013

കാക്കയും കുയിലും

കാക്ക കരയാറേയുള്ളൂ.. കാ കാ എന്ന്..
'കാക്ക കരഞ്ഞു' എന്നു പറഞ്ഞു കേട്ടിട്ടില്ലേ?
എന്നാൽ കുയിലോ? 'കുയിൽ കരഞ്ഞു' എന്നാരും പറയാറില്ല. അതെന്താ?.
കുയിലിനെന്താ കരയാനറിയില്ലേ?. മറ്റൊരു ചോദ്യം - കാക്കയ്ക്കെന്താ പാടാനറിയില്ലേ?

കുയിൽ പാടുക മാത്രമേയുള്ളു! എന്നാണ്‌ വെയ്പ്‌. കവികൾ പോലും കുയിൽ പാടുന്നതു മാത്രമെ വർണ്ണിച്ചതായി കാണുന്നുള്ളൂ. ചിലപ്പോൾ കുയിൽ ഒരിക്കലും കരയില്ലായിരിക്കും.. പക്ഷെ കാക്കയെ കുറിച്ച്‌ അധികം കവിതകൾ ഒന്നും എഴുതപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. എഴുതിയാൽ തന്നെ അതു ബലിക്കാക്കയെ കുറിച്ചായിരിക്കും. അതും മരണവുമായി ബന്ധപ്പെട്ട്‌!. അതെന്താ കാക്കയോട്‌ മാത്രം അങ്ങനെ?.

കുയിൽ കാക്കയുടെ കൂട്ടിലാണ്‌ മുട്ടയിടുക എന്നു കേട്ടിട്ടുണ്ട്‌. സത്യാവസ്ഥ അറിയില്ല..അതു സത്യമാണെങ്കിൽ കുയിൽ സംസ്കാരശൂന്യതയാണ്‌ കാണിക്കുന്നതെന്നു പറയേണ്ടി വരും. വല്ലാത്ത മര്യാദകേട്‌. സ്വന്തം കുഞ്ഞിനോട്‌ താത്പര്യമില്ലാത്ത കുയിലുകൾ..ഹൃദയശൂന്യർ..എന്നാൽ കാക്കയോ? കുയിലിന്റെ കുഞ്ഞിനേയും വളർത്തുന്നു..ഒരു പരാതിയുമില്ലാതെ..

കുയിലിനെ കുയിലമ്മ എന്നു വിളിച്ചു കേൾക്ക‍ാറുണ്ട്‌..എന്നാൽ കാക്കമ്മ എന്നാരും പറഞ്ഞു കേൾക്ക‍ാറില്ല.. കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു പോകുന്ന കുയിലിനെ കുയിലമ്മ എന്നും, കുയിലിന്റെ കുഞ്ഞിനെ വളർത്തുന്ന കാക്കയോട്‌ പുച്ഛവും!..എന്തൊരു മനുഷ്യരാണ്‌?

രാവിലെ വിളിച്ചുണർത്തുന്നത്‌ കാക്കയാണ്‌..കുയിലിനു അങ്ങനെ ഒരു പരോപകാര ചിന്തയൊന്നുമില്ല.
സിനിമകളിൽ കണ്ടിട്ടില്ലേ? ഒരു മൃതശരീരം കടപ്പുറത്തടിഞ്ഞാൽ, അവിടം മുഴുവനും കാക്കകളായിരിക്കും..പലപ്പോഴും കാക്കകളുടെ ശബ്ദം മാത്രം കേൾപ്പിച്ച്‌ മരണം സംഭവിച്ചു എന്നൊരു 'ഫീൽ' ഉണ്ടാക്കാൻ കഴിയും. ചത്തു കിടന്നാൽ പോലും തിരിഞ്ഞു നോക്കാത്ത പാർട്ടികളാ കുയിലുകൾ എന്നു ഈ അവസരത്തിൽ പറഞ്ഞു വെയ്ക്കട്ടെ!

കാക്കകൾക്കിടയിൽ നല്ല ഒത്തൊരുമ കണ്ടിട്ടുണ്ട്‌.. അവർ കൂട്ടത്തോടെ വരുന്നു, കൂട്ടത്തോടെ ചേക്കേറുന്നു.. അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എല്ലാവരും കൂട്ടത്തോടെ വന്നു പ്രതിരോധിക്കുന്നു.. പക്ഷെ കുയിലുകളെ ശ്രദ്ധിച്ചിട്ടുണ്ടൊ? അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവരുടെ പൊടി പോലും കണ്ടു പിടിക്കാൻ കഴിയില്ല..

ഇത്രയും പറഞ്ഞു കൊണ്ട്‌, ഒരു കാര്യം ഊന്നി പറയട്ടെ - നമുക്ക്‌ കാക്കകളെ കണ്ടു പഠിക്കാം..
കൂട്ടത്തിലുള്ളവരെ സഹായിക്കാൻ മുന്നിൽ നിൽക്കാം.

ഇവിടെ ന്യൂസിലാന്റിൽ കാക്കകളില്ല..പക്ഷെ ഒന്നെനിക്കുറപ്പാണ്‌ കാക്കകൾ പാടാറുണ്ട്‌..കാക്കകൾ മാത്രമല്ല, പക്ഷികളായ പക്ഷികളൊക്കേയും.. അതിനായി നമുക്ക്‌ കാതോർക്കാം.

ഇനി നാളെ..

2 comments:

 1. വളരെ ചെറുപ്പത്തില്‍ പാടി നടന്നത്

  “കാക്കേ, കാക്കേ, കൂടെവിടെ?
  കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
  കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
  കുഞ്ഞു കിടന്നു കരഞ്ഞീടും”

  “കുഞ്ഞേ, കുഞ്ഞേ, നീതരുമോ
  നിന്നുടെകയ്യിലെ നെയ്യപ്പം?”

  “ഇല്ല, തരില്ലീ നെയ്യപ്പം...
  അയ്യോ! കാക്കേ, പറ്റിച്ചോ!”
  ***********************************
  "കദളിവാഴക്കയ്യിലിരുന്ന്
  കാക്കയിന്നു വിരുന്നു വിളിച്ച്
  വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ മാരനാണു വരുന്നതെങ്കില്‍ മധുരപത്തിരി വെക്കേണം മാവു വേണം വെണ്ണ വേണം
  പൂവാലി പശുവേ പാല്‍ തരണം ..."

  കാക്കക്ക് വിരുന്നുകാരന്‍റെ വരവ് വിളിച്ചറിയിക്കുന്ന ഒരു ജോലിയും അന്ന് കല്പിച്ചു നല്‍കിയിരുന്നു :)

  ReplyDelete
 2. കാക്ക പുരാണം അസ്സലായി.
  എനിക്കിതു വായിച്ചപ്പ്പ്പോൾ തോന്നിയതെ..നമ്മൾ മനുഷ്യരുടേ ഐറ്റയിലും ഈ കാക്കകളും കുയിലുകളൂം ഉണ്ടെന്നാണ്

  ReplyDelete