Saturday, 7 September 2013

സ്വാഭാവികം അസ്വഭാവികം

ഇന്ന് കടയിൽ പോയി മടങ്ങും വഴി ഒരു കാഴ്ച്ച കണ്ടു. കാർ ട്രാഫിക്‌ സിഗ്നലിനായി കാത്ത്‌ കിടക്കുമ്പോഴാണത്‌ കണ്ടത്‌. ഒരാൾ ഫുട്പാത്തിൽ നൃത്തം ചെയ്യുന്നു. ഒരു തിരുത്തുണ്ട്‌..നൃത്തം എന്നു പറഞ്ഞാൽ നമ്മൾ കണ്ടു ശീലിച്ച നൃത്തമല്ല. കണ്ടു ശീലിച്ചതിനൊക്കെ ഒരു പേരുണ്ട്‌. അല്ലെങ്കിൽ ഏതെങ്കിലും ഒരു പേരിട്ട്‌ അതിനെ ഒരു സമ്പ്രദായമാക്കാനും നമുക്കറിയാം. കൈകാലുകൾ താളത്തിൽ ചലിപ്പിക്കുക, മുഖത്ത്‌ പലവിധ ഭാവങ്ങൾ വരുത്തുക, ഒരു പ്രത്യേക ക്രമത്തിൽ മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ നീങ്ങിക്കൊണ്ടിരിക്കുക, കൂട്ടത്തിൽ സംഗീതവും വാദ്യോപകരങ്ങളുടെ അകമ്പടിയുമായാൽ സാധാരണക്കാർക്ക്‌ നൃത്തമായി. ഇതിലൊക്കെ ഉപരി, എന്തെങ്കിലും വികാരം  അല്ലെങ്കിൽ ഭാവം അതിൽ ഉൾപ്പെട്ടിരിക്കും എന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. അതു സന്തോഷമോ, സങ്കടമോ, ക്രോധമോ..അങ്ങനെ എന്തെങ്കിലും.

പറയാൻ വന്നതു വിട്ടു!. ഇവിടെ ഇയാൾ ചില പ്രത്യേക 'മുദ്രകൾ' കാണിക്കുന്നുണ്ട്‌. പ്രത്യക്ഷത്തിൽ ബോക്സിംഗ്‌ (മുഷ്ടിയുദ്ധം) എന്നു തോന്നും. മതിലിനപ്പുറത്ത്‌ നിന്നും തലനീട്ടി നിന്ന ചെടികളിലെ പൂക്കളുടെ പുറത്താണിദ്ദേഹത്തിന്റെ പ്രയോഗം എന്നു മാത്രം. ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, ഈ കലാപ്രകടനം ഞാൻ മാത്രമല്ല മറ്റു വാഹങ്ങളിലിരിക്കുന്നവരും വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്. കലാകാരനു ഏകദേശം 60-65 (ചിലപ്പോൾ 70ഉം ആകാം) വയസ്സ്‌ പ്രായമുണ്ടാകണം. കമ്പിളി കൊണ്ടുള്ള ഒരു ജാക്കറ്റ്‌ ധരിച്ചിട്ടുണ്ട്‌. ചുവപ്പ്‌ നിറമുള്ള ഷർട്ട്‌ തെളിഞ്ഞു കാണാം. തലയിൽ കമ്പിളി തൊപ്പി. സാമാന്യം നല്ല താടിയുണ്ട്‌. തൊപ്പി കാരണം മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. 'എന്തുവാ സംഭവം?' എന്നു നോക്കിയപ്പോൾ ചെവിയിൽ ഇയർ പ്ലഗ്ഗുകൾ തിരുകി വെച്ചിരിക്കുന്നത്‌ കണ്ടു. പുള്ളി പാട്ട്‌ കേട്ട്‌, നിയന്ത്രണം വിട്ട്‌ നൃത്തം ചെയ്യുകയാണ്‌. ചുറ്റുപാടും ആരൊക്കെയുണ്ട്‌, എന്തൊക്കെ സംഭവിക്കുന്നു എന്നൊന്നും അറിയുന്നതേയില്ല.

പുള്ളിക്ക്‌ മാനസികമായി എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു. ഇതാണാദ്യം തോന്നിയത്‌. തൊട്ടടുത്ത നിമിഷം അത്‌ സ്വയം തിരുത്തി. ഭൂരിപക്ഷത്തിനു അനുയോജ്യമല്ലെന്നോ, വിചിത്രമെന്നോ, സ്വാഭാവികമല്ലെന്നോ തോന്നുന്ന പ്രവൃത്തികളെ നമ്മൾ എത്ര വേഗമാണ്‌ മാനസിക രോഗമായി വിലയിരുത്തുന്നത്‌!. അയാൾക്ക്‌ സന്തോഷം തോന്നി. അയാളത്‌ പ്രകടിപ്പിച്ചു. അത്രയേ ഉണ്ടായിട്ടുണ്ടാവൂ. അതു കാരണം ആ വഴിപോകുന്നവർക്ക്‌ ഒരു ശല്ല്യവുമുണ്ടായില്ല. എന്നിട്ടും അയാളെ കുറിച്ച്‌ ഒരു നിമിഷം അങ്ങനെ ചിന്തിക്കാൻ എന്തു കൊണ്ട്‌ ഞാനിടയായി?. എന്റെ ആദ്യത്തെ വിചാരമായിരിക്കും അസ്വാഭാവികമായത്‌ എന്നു പോലും തോന്നി. ഒരു പക്ഷെ ഇതു വായിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും എനിക്ക്‌ തോന്നിയ പോലെ 'എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇല്ലേ?' എന്നായിരിക്കും ആദ്യം തോന്നിയിട്ടുണ്ടാവുക.

സ്വാഭാവികവും അസ്വഭാവികവും തമ്മിലുള്ള അകലം അല്ലെങ്കിൽ അടുപ്പം..അതേക്കുറിച്ച്‌ നിങ്ങൾക്കും ചിന്തിക്കാം. ചിലപ്പോൾ ഇതു രണ്ടും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം ഇഴപിരിഞ്ഞു കിടക്കുകയാവും..ജീവിതം പോലെ..

ഇനി നാളെ..

Friday, 6 September 2013

വായന

പലപ്പോഴും കുഴപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്‌ എങ്ങനെയാണ്‌ വായിക്കേണ്ടത്‌ എന്നത്‌. വളരെ ലളിതമെന്നു തോന്നുമെങ്കിലും, സംഗതി ഗൗരവമുള്ളതാണ്‌. പ്രത്യേകിച്ചും വിദേശ ഭാഷയിലുള്ള കൃതികൾ വായിക്കുമ്പോൾ. എഴുതാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത്‌ വേണം ചിലത്‌ വായിക്കേണ്ടത്‌. എന്നാൽ ചിലതോ എഴുതിവെച്ചതു തന്നെ പലവട്ടം വായിക്കുകയും വേണം!.

ഒരേ ആൾ തന്നെയാണ്‌ വായിക്കുന്നത്‌. ഒരേയാൾ എഴുതിയത്‌ തന്നെയാണ്‌ വായിക്കുന്നത്‌. പക്ഷെ പലപ്പോഴായി വായിക്കുമ്പോൾ പല വായനയാണ്‌ നടക്കുന്നത്‌. എന്തുകൊണ്ടാണങ്ങനെ?. വായിക്കുമ്പോൾ (എന്തു ചെയ്യുമ്പോഴും) തലച്ചോറിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുന്നു എന്നു പറയപ്പെടുന്നു. ചില സിഗ്നലുകൾ (ഇലക്ട്രിക്‌ സിഗ്നലുകൾ തന്നെ) അതിവേഗത്തിൽ സഞ്ചരിക്കുന്നു. വെറുതെ മനസ്സിലാക്കുക മാത്രമല്ല ചെയ്യപ്പെടുന്നത്‌. ചില രംഗങ്ങൾ, ചില രൂപങ്ങൾ, ചില ശബ്ദങ്ങൾ പോലും നമ്മൾ മനസ്സിൽ കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. എഴുതി വെച്ചയാൾ മനസ്സിൽ കണ്ട പോലെയാവണമെന്നില്ല വായനക്കാരന്റെ മനസ്സിൽ തെളിയുക. എത്രത്തോളം തീവ്രത (കഥകളുടെ കാര്യത്തിൽ) വായനക്കാരിൽ ഉണ്ടാവുക എന്നത്‌ വായിക്കുന്നയാളുടെ മനോധർമ്മം, അയാൾ ജീവിച്ച ചുറ്റുപാട്‌, അയാളുടെ ദർശനങ്ങൾ, ചിന്തകൾ എന്നിവയും ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു. പണക്കാരനായ ഒരുവൻ പാവപ്പെട്ട ഒരളുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു കഥ വായിച്ചാൽ, അതിൽ എത്രത്തോളം മുഴുകാൻ കഴിയും എന്നു പറയാൻ പറ്റില്ല. ഈശ്വരവാദത്തെ എതിർക്കുന്ന ഒരാൾ ഈശ്വരമഹിമ വർണ്ണിക്കുന്നത്‌ വായിച്ചാൽ എന്താവും?. അത്‌ എത്രത്തോളം ആസ്വാദ്യമാകും എന്നു പറയാൻ കഴിയില്ല. മറ്റൊന്ന് - എഴുതുന്നയാൾ പറയാതെ ചിലത്‌ പറയാൻ ശ്രമിക്കുന്നുണ്ട്‌. ഗ്രാമത്തെക്കുറിച്ച്‌ ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ, ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നയാൾക്ക്‌ അതെല്ലാം മുന്നിൽ കാണുന്നത്‌ പോലെ തോന്നാം. എന്നാൽ ഒരു വിദേശ രാജ്യത്ത്‌ ജനിച്ച്‌ വളർന്നയാൾക്ക്‌ ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും അത്രയും കുറച്ച്‌ വരികളിൽ മനസ്സിലാക്കാൻ കഴിയുമോ എന്നു സംശയമുണ്ട്‌. അതു പോലെയാണ്‌ കഥാപാത്രങ്ങളെ കുറിച്ച്‌ പറയുമ്പോൾ (കഥകളിൽ). ഒരോ കഥാപാത്രത്തിനും ഒരു രൂപം വായനക്കാരൻ കൊടുക്കുന്നുണ്ട്‌. പുരുഷനായാലും, സ്ത്രീയായാലും, കുട്ടിയായാലും ആ കഥാപാത്രത്തിന്റെ ഉയരം, വണ്ണം, നടക്കുന്ന രീതി, ചിലപ്പോൾ വസ്ത്രധാരണം പോലും മനസ്സിൽ കാണുന്നുണ്ട്‌. ഇതേക്കുറിച്ചെല്ലാം ആലോചിക്കുമ്പോൾ വായന, കരുതുന്ന പോലെ വളരെ ലളിതമല്ലെന്നു തോന്നുന്നു. വായനയെ കുറിച്ച്‌ ധാരാളം പഠനങ്ങളും, ചർച്ചകളും, ഗവേഷണങ്ങളും, നിരീക്ഷണങ്ങളും നടന്നിട്ടുണ്ടാവാം (അതേക്കുറിച്ചും സമയം കണ്ടെത്തി വായിക്കണമെന്നുണ്ട്‌!).

ഈ വിഷയത്തെക്കുറിച്ച്‌ എന്റെ ചിന്തയിൽ കൂടി കടന്നു പോയത്‌ മുഴുവനും ഈ കുറിപ്പിൽ ഉൾപ്പെടുത്താൻ പോയാൽ സമയവും, അധ്വാനവും ഒരുപാട്‌ വേണ്ടി വരും..

ചുരുക്കത്തിൽ..
പൂർണ്ണമായ വായന എന്ന സത്യം ഒരിക്കലും സംഭവിക്കുന്നില്ല!.
ഒരോരുത്തർക്കും ഓരോ വായനയാണ്‌!. അതും ഒരോ തവണയും ഒരോ വായന!

ഇതേക്കുറിച്ച്‌ എനിക്ക്‌ തോന്നിയ മറ്റുചില കാര്യങ്ങൾ പിന്നൊരിക്കൽ പങ്കുവെയ്ക്കാം.
അതു വരെ നിങ്ങളും അതേക്കുറിച്ച്‌ ചിന്തിച്ചു കൊണ്ടേയിരിക്കൂ.. വായിച്ചു കൊണ്ടേയിരിക്കൂ..

ഇനി നാളെ..

Thursday, 5 September 2013

ഇലക്ഷനുകൾ

ഇവിടെയിപ്പോൾ കൗൺസിൽ തിരഞ്ഞെടുപ്പാണ്‌ (മേയർ സ്ഥാനത്തേക്കും). പ്രചാരണം തുടങ്ങിയതേയുള്ളൂ. പലയിടത്തും ചെറിയ ചെറിയ ബോർഡുകൾ കാണാം. നോട്ടീസ്‌ വിതരണം, ഉച്ചഭാഷിണി ബഹളങ്ങൾ, കവല പ്രസംഗം ഇതൊന്നുമില്ല. ശാന്തം. സുന്ദരം.

പ്രചാരണം ഇങ്ങനെയാണിവിടെ..
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ്‌ ഓർക്കുന്നു. റോഡ്‌ സൈഡിൽ അവർ (അവരെന്നു പറഞ്ഞാൽ സ്ഥനാർത്ഥിയും ചിലപ്പോൾ അയാളുടെ ഒന്നോ രണ്ടൊ അനുകൂലികളും) നിൽക്കും. നടന്നു പോകുന്നവർക്ക്‌ ഹസ്തദാനം ചെയ്യുക, കാറിൽ പോകുന്നവരുടെ നേർക്ക്‌ കൈ വീശി കാണിക്കുക, തങ്ങളുടെ ബോർഡ്‌ ഉയർത്തി കാണിക്കുക..അത്ര തന്നെ.

വോട്ടെടുപ്പ്‌ ദിവസം ഇതിലും ശാന്തമാണ്‌. ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്നു പോലും ഇവിടുള്ളവരല്ലാതെ ആരും അറിയില്ല. ഒരു പോലീസുകാരനെ പോലും ഞാൻ പോളിംഗ്‌ ബൂത്തുകളിൽ ഇതു വരെ കണ്ടതായി ഓർക്കുന്നില്ല. ഓർക്കുക ഇതു ടൂറിസ്റ്റ്‌ രാജ്യമാണ്‌. അതു കൊണ്ട്‌ തന്നെ 'അതിഥികൾക്ക്‌' ഒരു ശല്യവും ഉണ്ടാകാതെയിരിക്കാൻ ഇവിടുള്ളവർ പരമാവധി ശ്രമിക്കുന്നു.

എന്നെ ആകർഷിച്ചത്‌ ഇതൊന്നുമല്ല!. ജയിച്ച ആളുടെ നന്ദി അറിയിക്കലാണ്‌. കാണേണ്ടതു തന്നെയാണാ കാഴ്ച്ച. റോഡരികിൽ ജയിച്ച ആൾ പഴയ പോലെ ഒരു കാർഡും പിടിച്ച്‌ നിൽപ്പുണ്ടാവും!. ഒരു വ്യത്യാസം മാത്രം. കാർഡിൽ വലിയ അക്ഷരത്തിൽ 'THANK YOU' എന്നെഴുതിയിട്ടുണ്ടാവും :). വഴിയിൽ കൂടി പോകുന്നവരുടെ നേർക്ക്‌ കൈ വീശി കാണിച്ച്‌ അഭിവാദ്യം ചെയ്യും. എത്ര സുന്ദരമായ കാഴ്ച്ചയാണത്‌..

നമ്മുടെ നാട്ടിലെ തിരെഞ്ഞെടുപ്പുമായി ഒരു താരതമ്യവും ചെയ്യുന്നില്ല. അതു എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. ചിലപ്പോഴൊക്കെ ആലോചിക്കും..നാട്ടിലും ഇതു പോലെ ശാന്തസുന്ദരമായ തിരെഞ്ഞെടുപ്പായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്..

നമ്മൾ കുറച്ച്‌ കൂടി പക്വതയുള്ളവരാകേണ്ടിയിരിക്കുന്നു. തോന്നുന്നില്ലേ?

ഇനി നാളെ..

Wednesday, 4 September 2013

മനുഷ്യന്റെ സംശയം

മനുഷ്യനു സംശയം..
ദൈവം സ്വയംഭൂവല്ലേ?
ദൈവത്തിനോട്‌ തന്നെ ചോദിച്ചു കളയാം..

മനുഷ്യൻ: സത്യം പറയൂ, ദൈവം സ്വയംഭൂവല്ലേ?
ദൈവം (കണ്ണു തുറന്ന്): സത്യം പറഞ്ഞാൽ..അറിയില്ല..ചിലപ്പോൾ...എന്നേയും.. എന്റെ ദൈവം സൃഷ്ടിച്ചതാവും...
അതും പറഞ്ഞ്‌ ദൈവം കണ്ണടച്ചിരുന്നു..

Tuesday, 3 September 2013

മതം/മദം

മതങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

ഒന്നും തന്നെ സംഭവിക്കുകയില്ലായിരുന്നു!

ഉണ്ടായപ്പോൾ എന്തൊക്കെ സംഭവിച്ചു?
മനുഷ്യർക്കിടയിൽ സ്പർദ്ധയുണ്ടായി, ലഹളകൾ, കലാപങ്ങൾ, യുദ്ധങ്ങൾ, അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ..ലിസ്റ്റ്‌ നീണ്ടു നീണ്ടു പോവും!

ഒന്നു ആലോചിച്ചാൽ എല്ലാ മതങ്ങൾക്കും (മിക്ക മതങ്ങൾക്കും എന്നും പറയാം) പൊതുവായ ചില ഘടകങ്ങളുണ്ട്‌!
* ദൈവങ്ങൾ
* പുരോഹിതന്മാർ
* മതഗ്രന്ഥങ്ങൾ
* മതപണ്ഡിതർ
* മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ
* അനുഷ്ടാനങ്ങൾ
* ഉത്സവങ്ങൾ
* ചില കലാരൂപങ്ങൾ

ഇതെല്ലാം സംഘടിപ്പിക്കാമെങ്കിൽ ആർക്കും ഒരു പുതിയ മതമുണ്ടാക്കാവുന്നതേയുള്ളൂ!

ഒരു കാര്യം ശ്രദ്ധിക്കുക - മതങ്ങളില്ലാതെ ദൈവങ്ങൾക്ക്‌ കൂടി നിലനിൽപ്പില്ല!
ഒരു മതത്തിലും പെടാത്ത ഒരു 'ദൈവത്തെ' തിരഞ്ഞു ഞാൻ പരാജയപ്പെട്ടു :(
ഒരു മതത്തിലും പെടാത്ത, മനുഷ്യർക്ക്‌ മാത്രമായുള്ള ഒരു ദൈവവുമില്ല!. അതെന്താ അങ്ങനെ?.

അതു മാത്രമല്ല, ഈ സർവ്വസംഗപരിത്യാഗികൾ, ഈശ്വരചിന്ത മാത്രമുള്ളിൽ വെച്ചു നടക്കുന്നവർ - ഇവരെങ്ങനെയാണ്‌ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്നത്‌?.
കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുന്നത്‌?.

അവിടെയും ശ്രദ്ധിക്കുക - ഈ കുറ്റകൃത്യങ്ങളിൽ എത്രത്തോളമാണ്‌ പുറത്തറിയുന്നത്‌?
എത്ര പേരാണ്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌?.

ശാസ്ത്രത്തിന്റെ വളർച്ചയ്ക്കു പോലും മതങ്ങൾ എത്രത്തോളമാണ്‌ തടസ്സം നിൽക്കുന്നത്‌?

എല്ലാ വർഷവും വിവിധ മതവിഭാഗക്കാർ തമ്മിലുള്ള 'അടിപിടി' യിൽ എത്ര ആയിരങ്ങളാണ്‌ കൊല്ലപ്പെടുന്നത്‌?

രാജ്യങ്ങൾ കീറിമുറിക്കപ്പെടുന്നത്‌ (എങ്ങും പോണ്ട, ഇന്ത്യ തന്നെ ഉദാഹരണം)?.

എല്ലാ മതങ്ങങ്ങളിലേക്കും എപ്പോൾ വേണമെങ്കിലും ചേരാം.
പക്ഷെ ഒരു മതത്തിൽ നിന്നും ഇറങ്ങി പോരാൻ കഴിയില്ല.
ഒരു മതത്തിലും പെടാതെ നിൽക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌?

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കുറച്ച്‌ പ്രായം ചെല്ലുമ്പോൾ എല്ലാ മതക്കാരും പറയുന്നത്‌ ഒന്നു തന്നെ - 'എല്ലാ മതങ്ങളും ഒന്നു തന്നെ. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നു തന്നെ..' എന്നാൽ പിന്നെ താങ്കൾ മറ്റു മതത്തിന്റെ വഴിയേ പൊയ്ക്കൊള്ളൂ..അതു വഴി പോയാലും ഒരിടത്തല്ലേ എത്തുകയുള്ളൂ എന്നു പറഞ്ഞു നോക്കു..! എത്ര പേർ അതിനു സമ്മതിക്കും?.

ഇനി ഈ മതങ്ങൾ ഒന്നും ഇല്ലാതിരുന്നെകിൽ എന്തൊക്കെയാകാമായിരുന്നു?

മനുഷ്യൻ മനുഷ്യനെ വിശ്വസിക്കാൻ പഠിക്കുമായിരുന്നു..!

എല്ലാ മതങ്ങളും സ്നേഹത്തേക്കുറിച്ച്‌ പറയുന്നുണ്ട്‌. അടുത്ത ശ്വാസത്തിൽ തങ്ങളുടെ മതത്തിലുള്ളവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും പറയുന്നുണ്ട്‌!.
ഇതിന്റെ യുക്തി മനസ്സിലാവുന്നില്ല.
ഒരു പുരുഷനും സ്ത്രീക്കും വിവാഹം കഴിക്കാൻ കൂടി മതങ്ങൾ തടസ്സമാകുന്നു!.
രണ്ടു ജീവനുകൾ ഒന്നിച്ചു സ്നേഹത്തോടെ ജീവിച്ച്‌, കുറച്ച്‌ നാൾ കഴിയുമ്പോൾ മരിച്ചു പോകുന്നു (ഇത്രയേ ഉള്ളൂ ജീവിതം). അതു പോലും മതങ്ങൾ അനുവദിക്കുന്നില്ല..എന്തു തോന്നുന്നു? എന്തു തോന്നണം?.

മതങ്ങൾക്കായി വിനിയോഗിക്കപ്പെടുന്ന ധനം - അതിന്റെ 1% മതിയാവും ലോകത്തിലെ പട്ടിണി മുഴുവനും മാറ്റാൻ.

കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങൾ - ഹിന്ദുമതം, ഇസ്ലാം മതം, ക്രൈസ്തവ മതം.

ആദിവാസിക്കുട്ടികൾ പോഷകാഹാരകുറവ്‌ കാരണം മരിച്ചു വീണപ്പോൾ, സുനാമി വന്നപ്പോൾ, കർഷകർ ആത്മഹത്യ ചെയ്തപ്പോൾ.. എത്ര 'മതവിശ്വാസികൾ' മുന്നിട്ടിറങ്ങി വന്നു ?.. അപ്പോൾ ഈ 'ഭക്തരുടെ' പണമെല്ലാം ആരാണ്‌ കെട്ടിപിടിച്ച്‌ വെച്ചിരിക്കുന്നത്‌?
ഏതു സ്വർഗ്ഗരാജ്യമാണിവരൊക്കെ സ്വപ്നം കാണുന്നത്‌?!

സിഗററ്റ്‌, മദ്യം എന്നിവയല്ല ശരിക്കും നിരോധിക്കേണ്ടത്‌ - മതങ്ങളാണ്‌!

ഇനി നാളെ..

Monday, 2 September 2013

ചിത്രകാരൻ

ഇന്നു വൈകുന്നേരം ഒരു നല്ല കാഴ്ച്ച കാണാനുള്ള ഭാഗ്യമുണ്ടായി.
മൊബെയിലിൽ മാത്രമേ അതു ഫോട്ടോ എടുക്കാൻ പറ്റിയുള്ളൂ. നേരിട്ട്‌ കണ്ടതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോട്ടോയിൽ വെറും 10 ശതമാനം മാത്രമേ പതിഞ്ഞിട്ടുള്ളൂ എന്നു ദുഃഖപൂർവ്വം പറയട്ടെ.


ആകാശത്തിനു തീപിടിച്ച നിറമായിരുന്നു ഇന്നു വൈകുന്നേരം!

വല്ലപ്പോഴും മാത്രമാണ്‌ ഇത്ര തീവ്രതയുള്ള നിറങ്ങൾ കാണാൻ കഴിയുക.
ഇതു വരച്ച ചിത്രകാരനെ ഓർത്ത്‌ അത്ഭുതപ്പെട്ടു!
ഈ കാഴ്ച്ച കാണുവാൻ ഭാഗ്യം ലഭിച്ചതിൽ ആരോടാണ്‌ നന്ദി പറയേണ്ടത്‌?

പലപ്പോഴും കലാകരന്മാരോട്‌ നമ്മൾ നന്ദി പറയാറില്ല.
ഒരു നല്ല കഥ വായിച്ചാൽ, ഒരു നല്ല കവിത വായിച്ചാൽ, ഒരു നല്ല ശിൽപ്പം കണ്ടാൽ.. എന്താവും പറയുക?. ചിലപ്പോൾ ആ കലാകാരനെ അഭിനന്ദിക്കുകയോ, വിമർശിക്കുകയോ ചെയ്തേക്കാം. പക്ഷെ ആരും നന്ദി പറഞ്ഞു കാണാറില്ല..

നമ്മൾ അതും പഠിക്കേണ്ടിയിരിക്കുന്നു..

ഇനി നാളെ..

Sunday, 1 September 2013

മഹാബലിയും കേരളവും

ഇന്നു ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വായിച്ചു (ഫേസ്ബുക്ക്‌ ഒരു ചിന്ന വിജ്ഞാനകോശമാണ്‌). ഞാനിതു വരെ കേട്ടിട്ടു കൂടിയില്ലാത്തത്‌..

അതിപ്രകാരമായിരുന്നു.
മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തിയതായി ഭാഗവതത്തിൽ എവിടെയും പറയുന്നില്ല. 'സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരു സ്ഥലത്തേക്കയക്കുന്നു' എന്നാണത്രെ പറയുന്നത്‌.

വാമനാവതാരത്തിനു ശേഷമാണ്‌ പരശുരാമൻ അവതാരം വരുന്നത്‌. പരശുരാമൻ മഴുവെറിഞ്ഞാണ്‌ കേരളം സൃഷ്ടിച്ചത്‌ എന്ന് വിശ്വാസം (അല്ലെങ്കിലും വിശ്വാസത്തിനു എന്തും ആകാമല്ലോ).

അപ്പോൾ മഹാബലിയും കേരളവുമായി എന്തു ബന്ധം?
എന്തിനു മഹാബലി കേരളത്തിൽ ഓണത്തിനു വരണം?
അദ്ദേഹം നർമ്മദാ തീരത്ത്‌ ഒരു യാഗം നടത്തിയതായി പറയുന്നുണ്ടത്രെ..

കംബ്ലീറ്റ്‌ കൺഫിയൂഷൻ ആയില്ലേ?
എനിക്കും ആയി. അല്ലെങ്കിലും മഹാബലി എന്ന പേരു കേട്ടപ്പോൾ പണ്ടു മുതലെ എനിക്ക്‌ ആ സംശയമുണ്ടായിരുന്നു. അതു ഒരു മലയാളിയുടെ പേരാവാൻ ഒരു സാധ്യതയുമില്ല!
(ബാഹുബലി എന്നൊക്കെ കേട്ടിട്ടുണ്ട്‌)

അപ്പോഴാണ്‌ ഒരു മിന്നൽ ചിന്ത വന്നത്‌.
വാമനൻ പറഞ്ഞത്‌ ഒരിക്കൽ കൂടി വായിച്ചു നോക്കുക..
സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരിടം - അതു കേരളമല്ലാതെ ഏതിടം?.
അങ്ങനെ കേരളം സൃഷ്ടിക്കാൻ മഹാവിഷ്ണു ഒരു അവതാരം തന്നെ എടുത്തു!. (ഇങ്ങനെയാണ്‌ കെട്ടുകഥകൾ ഉണ്ടാവുന്നത്‌. വളരെ എളുപ്പമാണത്‌. കുറച്ച്‌ ഭാവനയും കുറച്ച്‌ നുണയും സമാസമം ചേർത്താൽ മതി. സംഗതി തയ്യാർ). അതു കൊണ്ടാണൊ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്നു നമ്മൾ തന്നെ പറയുന്നത്‌? (വാസ്തവവിരുദ്ധമാണെങ്കിലും!).

'GOD's own country' എന്നു വിശേഷിപ്പിക്കാവുന്ന, വിശേഷിപ്പിക്കപ്പെട്ട ഒരു രാജ്യമേയുള്ളൂ - അതു ന്യൂസീലാന്റാണ്‌!. കളി പറയുന്നതല്ല. സംശയമുള്ളവർ വിക്കീ പീഡിയ എടുത്തു നോക്കു!.

നമ്മുടെ കേരളാ ടൂറിസം ബോർഡ്‌ ന്യൂസീലാന്റിന്റെ 'സ്ലോഗൻ' മോഷ്ടിച്ചതാണ്‌!
സ്വന്തമായി ഒരു സ്ലോഗൻ പോലും ഉണ്ടാക്കാൻ കഴിയാത്ത മലയാളി. അല്ലേ?. പക്ഷെ അതാണ്‌ വാസ്തവം..

മഹാബലി എല്ലാ വർഷവും വരുന്നത്‌ എന്തിനാ?.
സിമ്പിൾ. ഈ വർഷമെങ്കിലും ഇവന്മാർ നാന്നായോ എന്നു നോക്കാനായിരിക്കും ;)

ഇനി നാളെ..