Wednesday, 21 August 2013

ഈന്തപ്പഴങ്ങൾ

ഈന്തപ്പഴങ്ങൾക്ക് എന്തു മധുരമാണ്‌!. ഇവിടെ(ന്യൂസീലാന്റിൽ) സൗദി അറേബ്യയിൽ നിന്നും, ടുണീഷ്യയിൽ നിന്നും (കാലിഫോർണിയയിൽ നിന്നും?) വരുന്ന ഈന്തപ്പഴങ്ങൾ വാങ്ങാൻ കിട്ടും. അറബ് രാജ്യങ്ങളിൽ നിന്നും മാത്രം കൊണ്ട് വന്ന് വിൽപനയ്ക്ക് വെച്ചിരിക്കുന്ന ചില കടകളുമുണ്ട്. ചിലപ്പോഴൊക്കെ ഈന്തപ്പഴങ്ങൾ വാങ്ങാറുണ്ട്. അപ്പോഴൊക്കെ ഒരു കാര്യമോർത്ത് അത്ഭുതപ്പെടാറുണ്ട്. മരുഭൂമികളിൽ അല്ലെങ്കിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലാണ്‌ ഈ ‘സംഭവം’ വളരുന്നത്.

എന്തു കൊണ്ടാണ്‌ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വളരുന്ന ഈന്തപ്പഴത്തിനു ധാരാളം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന പഴങ്ങളുടെയത്രയും അല്ലെങ്കിൽ അതിനേക്കാളും മധുരമുള്ളത്?.

നാട്ടിലുള്ള എന്റെ വീടിനു മുന്നിൽ ഒരു ജാമ്പയ്ക്ക മരമുണ്ട്. അതിൽ മധുരമുള്ള വെളുത്ത ജാമ്പയ്ക്കകൾ ‘അതിനു ഉണ്ടാവണമെന്നു തോന്നുന്ന സമയത്ത്’ ഉണ്ടാവാറുണ്ട് (കുറച്ച് വികൃതിയുള്ള കൂട്ടത്തിലാണെന്നു കൂട്ടിക്കോ!). ചിലപ്പോൾ നല്ലൊരു മഴ കഴിഞ്ഞാവും അങ്ങനെ ജാമ്പയ്ക്കകൾ ഉണ്ടാവുക. ചിലപ്പോൾ മഴയില്ലാത്തപ്പോഴും. മഴയ്ക്ക് ശേഷമുണ്ടാവുന്ന ജാമ്പയ്ക്കകൾക്ക് മധുരം കുറവായിരിക്കും(വവ്വാലുകൾ പോലും തിന്നില്ല). എന്നാൽ മഴ കുറഞ്ഞ സമയത്തുണ്ടാവുന്ന ജാമ്പയ്ക്കക്ക് നല്ല മധുരമുണ്ടാവും. മധുരം കുറയാൻ കാരണമായി കേട്ടിട്ടുള്ളത് - ‘അത് വെള്ളം കുടിച്ചിട്ടാണ്‌‘ എന്നതാണ്‌. അതായത് ധാരാളം വെള്ളം കുടിച്ച് ഉണ്ടായ ജാമ്പയ്ക്കകൾക്ക് വലുപ്പം ഉണ്ടാവുമെങ്കിലും മധുരം കുറവായിരിക്കും..അതെന്താ അങ്ങനെ?. ഇഷ്ടം പോലെ വെള്ളം കിട്ടുമ്പോൾ നല്ല പോലെ ’പ്രൊഡക്ഷൻ‘ നടക്കേണ്ടതല്ലെ?..എവിടെയോ ഒരു പിഴവ് പറ്റുന്നുണ്ട്..എവിടെ? (’മിക്സിംഗ് ശരിയായിട്ടുണ്ടാവില്ല?).

അവിടെ നിന്നും ചിന്തകൾ വന്നു വീഴുന്നത് മറ്റൊന്നിലാണ്‌ - വജ്രം. വെട്ടിത്തിളങ്ങുന്ന വജ്രമുണ്ടാവുന്നത് 1050 ഡിഗ്രി സെൽഷ്യസ് ചൂടിലാണ്‌..അതും ഭൂമിക്ക് 150 കിലോമീറ്റർ താഴെ..(പലരും കരുതി വെച്ചിരിക്കുന്നത് പോലെ കൽക്കരിയിൽ നിന്നല്ല..അത് മറ്റൊരു കഥ). ഇത്രയുമധികം ചൂടിലാണ്‌ വജ്രം ഉണ്ടാവുന്നത്. അല്ലാതെ നല്ല കാറ്റും വെളിച്ചവുമുള്ളിടത്തല്ല. അങ്ങനെയുള്ളിടത്ത് വെട്ടിത്തിളങ്ങുന്ന ഒന്നും തന്നെ ഉണ്ടാവുന്നില്ല!.. എന്നാൽ വജ്രമുണ്ടാവുന്നതോ ഇരുട്ടിലും..കൊടിയ ചൂടിലും..

മനോഹരമായ താമരപ്പൂക്കളുണ്ടാവുന്നത് ചേറിലാണ്‌..ഇങ്ങനെ പലതും..

ഒരു കാര്യം കൂടി. വളരെ ദുർഘടമായ പരിതസ്ഥിതിയിൽ വളർന്ന് വരുന്ന കുട്ടികൾ വളരെ ഉയരത്തിൽ എത്തുന്നത് കാണാം. എന്നാൽ വളരെ സൗകര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ അങ്ങനെ ആവണമെന്നില്ല..

അപ്പോൾ പ്രകൃതി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..എന്താവാം?
‘സൗകര്യം കൂടിപ്പോയിട്ടാണ്‌..’ (ബാക്കി പൂരിപ്പിക്കാവുന്നതേയുള്ളൂ)
ഇതാണൊ പ്രകൃതി പറയുന്നത്?! ചിലപ്പോൾ ആയിരിക്കാം..

എന്തായാലും ഇനി ഈന്തപ്പഴങ്ങൾ കഴിക്കുമ്പോൾ ഇതോർക്കുന്നത് ഒരു രസമായിരിക്കും.

ഇനി നാളെ..

കാത്തിരിക്കുന്നവർ

അതിരാവിലെ ആരും കാണാതെ വിരിഞ്ഞ് നമ്മുടെ വരവും കാത്തിരിക്കുന്ന ചില പൂക്കളുണ്ട്..

നമ്മൾ തൊടുമ്പോൾ സന്തോഷത്താൽ തലയാട്ടും, സൂക്ഷിച്ചു നോക്കിയാൽ ചിരിക്കുന്നതും കാണാം.
അവരെ നോക്കാതെ, അവരെ കടന്നു പോകുന്നത്..ക്രൂരതയാണ്‌..

ചില കൊച്ചു കുട്ടികളെ കണ്ടിട്ടില്ലെ?. ഒരു ചിത്രം വരച്ചു  കഴിഞ്ഞ് (മിക്കവാറും ആ കുട്ടിയും കുട്ടിയുടെ മാതാപിതാക്കളുടെയും ചിത്രമാവും) അച്ഛനും അമ്മയും അതു വന്നു കാണുന്നതും അതേക്കുറിച്ച് നല്ല വാക്ക് പറയുന്നതും കാത്തിരിക്കുന്നത്?..നല്ല പോലെ വസ്ത്രമണിഞ്ഞു, അച്ഛനും അമ്മയും അതേക്കുറിച്ച് അഭിപ്രായം പറയുന്നതും കേൾക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്..

അതു പോലെ ‘കണ്ടില്ലെ ഞാൻ വിരിഞ്ഞു നില്ക്കുന്നത്?’, ‘എന്റെ ഇതളുകളുടെ നിറം കണ്ടോ?’ ഇങ്ങനെ ചോദിക്കാതെ ചോദിച്ച് നമ്മെ കാത്തിരിക്കുന്ന പൂക്കളുണ്ടാവും നമ്മുടെ പൂന്തോട്ടത്തിൽ..അവരെ മറക്കാതിരിക്കുക..

അവരുടെ അടുത്തേക്ക് പോവുക, അവരോട് സംസാരിക്കുക, തലോടുക..അവരുടെ സന്തോഷം അനുഭവിക്കുക..അവരുടെ സന്തോഷത്തിന്റെ ഒരംശം നിങ്ങൾക്കും അനുഭവിക്കാം..

ഇനി നാളെ..

 

Tuesday, 20 August 2013

തിരിച്ചറിയുന്നത്

“ഒരേ മുറിയിൽ മൗനം കുടിച്ച് രണ്ടു പേർ..
ചിലരങ്ങനെയാവാം വാർദ്ധക്യത്തെ തിരിച്ചറിയുന്നത്..“

ഇതേക്കുറിച്ച് കൂടുതലായി വായനക്കാർക്ക് ചിന്തിക്കാവുന്നതേയുള്ളൂ..

ഇനി നാളെ.

Monday, 19 August 2013

ഓർമ്മകൾ

ഒരനുഭവം തൊട്ടടുത്ത നിമിഷം ഒരോർമ്മയായി മാറുന്നു. അതിനു ശേഷം നമ്മളെല്ലാം ഓർമ്മകളെയാണ്‌ ‘അനുഭവിക്കുക’. അനുഭവങ്ങൾക്ക് ആയുസ്സ് കുറവായതു കൊണ്ടാണല്ലോ അതു വീണ്ടും വീണ്ടും അനുഭവിക്കാൻ എല്ലാവരും പരക്കം പായുന്നത്.

ഓർമ്മകളിലൂടെ മുൻപോട്ടും പിന്നോട്ടും യാത്ര ചെയ്യുന്നവരണെല്ലാപേരും. ഓർമ്മകൾ എങ്ങനെയാണ്‌ മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്?. അതേക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ, ഓർമ്മകളുടെ ഒരു ‘ബാക്ക് അപ്പ്’ എടുത്തു വെയ്ക്കാമായിരുന്നു. എങ്കിൽ പല കാര്യങ്ങളും മറക്കാതിരിക്കാമായിരുന്നു.. വരും തലമുറയ്ക്ക് പലതും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഓർമ്മകൾ നോക്കി പഠിക്കാമായിരുന്നു!.. അങ്ങനെ ഒരു കാലം വരുമായിരിക്കും.

ഒരാളുടെ പ്രവൃത്തി, നിലപാടുകൾ, പെരുമാറുന്ന രീതി ഇതെല്ലാം തന്നെ ഓർമ്മകളുമായി ബന്ധപ്പെടുത്തിയല്ലെ?. ഒരാളെ കുറിച്ച്, അല്ലെങ്കിൽ അയാളുമായുള്ള മുൻ അനുഭവത്തെ മുൻനിർത്തിയാണ്‌ പിന്നീടുള്ള നമ്മുടെ പെരുമാറ്റം/സമീപനം. നമ്മുടെ വാക്കുകൾ പോലും അയാളെ കുറിച്ചുള്ള ഓർമ്മകളെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഇതേക്കുറിച്ചൊന്നും ഓർക്കാതെയാണ്‌ നമ്മൾ പലതും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത്..നമ്മൾ ഓർമ്മകളൊട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു.

ഒരു പ്രാവശ്യം ഒരു പഴയ കാര്യം ഓർക്കുമ്പോൾ, തലച്ചോറിൽ ചെറിയ രീതിയിലുള്ള വ്യൈദ്യുതി തരംഗങ്ങൾ ഉണ്ടാവുന്നു എന്നാണ്‌ ശാസ്ത്രം പറയുന്നത്. വൈദ്യുതി തരംഗങ്ങൾ ഉണ്ടാവുന്നിടത്ത് ചെറിയ ഒരു കാന്തിക വലയം രൂപപ്പെടുന്നു എന്നു എവിടെയോ വായിച്ചിട്ടുണ്ട് (ശരിയാണൊ എന്നറിയില്ല). അപ്പോൾ കൂടുതൽ ഓർക്കും തോറും, കൂടുതൽ ചിന്തിക്കും തോറും കൂടുതൽ കാന്തിക വലങ്ങൾ?!. അതു കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ?..

മതി! ഇന്നിത്രയും മതി!

ഇനി നാളെ..

കാക്കയും കുയിലും

കാക്ക കരയാറേയുള്ളൂ.. കാ കാ എന്ന്..
'കാക്ക കരഞ്ഞു' എന്നു പറഞ്ഞു കേട്ടിട്ടില്ലേ?
എന്നാൽ കുയിലോ? 'കുയിൽ കരഞ്ഞു' എന്നാരും പറയാറില്ല. അതെന്താ?.
കുയിലിനെന്താ കരയാനറിയില്ലേ?. മറ്റൊരു ചോദ്യം - കാക്കയ്ക്കെന്താ പാടാനറിയില്ലേ?

കുയിൽ പാടുക മാത്രമേയുള്ളു! എന്നാണ്‌ വെയ്പ്‌. കവികൾ പോലും കുയിൽ പാടുന്നതു മാത്രമെ വർണ്ണിച്ചതായി കാണുന്നുള്ളൂ. ചിലപ്പോൾ കുയിൽ ഒരിക്കലും കരയില്ലായിരിക്കും.. പക്ഷെ കാക്കയെ കുറിച്ച്‌ അധികം കവിതകൾ ഒന്നും എഴുതപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. എഴുതിയാൽ തന്നെ അതു ബലിക്കാക്കയെ കുറിച്ചായിരിക്കും. അതും മരണവുമായി ബന്ധപ്പെട്ട്‌!. അതെന്താ കാക്കയോട്‌ മാത്രം അങ്ങനെ?.

കുയിൽ കാക്കയുടെ കൂട്ടിലാണ്‌ മുട്ടയിടുക എന്നു കേട്ടിട്ടുണ്ട്‌. സത്യാവസ്ഥ അറിയില്ല..അതു സത്യമാണെങ്കിൽ കുയിൽ സംസ്കാരശൂന്യതയാണ്‌ കാണിക്കുന്നതെന്നു പറയേണ്ടി വരും. വല്ലാത്ത മര്യാദകേട്‌. സ്വന്തം കുഞ്ഞിനോട്‌ താത്പര്യമില്ലാത്ത കുയിലുകൾ..ഹൃദയശൂന്യർ..എന്നാൽ കാക്കയോ? കുയിലിന്റെ കുഞ്ഞിനേയും വളർത്തുന്നു..ഒരു പരാതിയുമില്ലാതെ..

കുയിലിനെ കുയിലമ്മ എന്നു വിളിച്ചു കേൾക്ക‍ാറുണ്ട്‌..എന്നാൽ കാക്കമ്മ എന്നാരും പറഞ്ഞു കേൾക്ക‍ാറില്ല.. കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു പോകുന്ന കുയിലിനെ കുയിലമ്മ എന്നും, കുയിലിന്റെ കുഞ്ഞിനെ വളർത്തുന്ന കാക്കയോട്‌ പുച്ഛവും!..എന്തൊരു മനുഷ്യരാണ്‌?

രാവിലെ വിളിച്ചുണർത്തുന്നത്‌ കാക്കയാണ്‌..കുയിലിനു അങ്ങനെ ഒരു പരോപകാര ചിന്തയൊന്നുമില്ല.
സിനിമകളിൽ കണ്ടിട്ടില്ലേ? ഒരു മൃതശരീരം കടപ്പുറത്തടിഞ്ഞാൽ, അവിടം മുഴുവനും കാക്കകളായിരിക്കും..പലപ്പോഴും കാക്കകളുടെ ശബ്ദം മാത്രം കേൾപ്പിച്ച്‌ മരണം സംഭവിച്ചു എന്നൊരു 'ഫീൽ' ഉണ്ടാക്കാൻ കഴിയും. ചത്തു കിടന്നാൽ പോലും തിരിഞ്ഞു നോക്കാത്ത പാർട്ടികളാ കുയിലുകൾ എന്നു ഈ അവസരത്തിൽ പറഞ്ഞു വെയ്ക്കട്ടെ!

കാക്കകൾക്കിടയിൽ നല്ല ഒത്തൊരുമ കണ്ടിട്ടുണ്ട്‌.. അവർ കൂട്ടത്തോടെ വരുന്നു, കൂട്ടത്തോടെ ചേക്കേറുന്നു.. അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എല്ലാവരും കൂട്ടത്തോടെ വന്നു പ്രതിരോധിക്കുന്നു.. പക്ഷെ കുയിലുകളെ ശ്രദ്ധിച്ചിട്ടുണ്ടൊ? അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവരുടെ പൊടി പോലും കണ്ടു പിടിക്കാൻ കഴിയില്ല..

ഇത്രയും പറഞ്ഞു കൊണ്ട്‌, ഒരു കാര്യം ഊന്നി പറയട്ടെ - നമുക്ക്‌ കാക്കകളെ കണ്ടു പഠിക്കാം..
കൂട്ടത്തിലുള്ളവരെ സഹായിക്കാൻ മുന്നിൽ നിൽക്കാം.

ഇവിടെ ന്യൂസിലാന്റിൽ കാക്കകളില്ല..പക്ഷെ ഒന്നെനിക്കുറപ്പാണ്‌ കാക്കകൾ പാടാറുണ്ട്‌..കാക്കകൾ മാത്രമല്ല, പക്ഷികളായ പക്ഷികളൊക്കേയും.. അതിനായി നമുക്ക്‌ കാതോർക്കാം.

ഇനി നാളെ..

Sunday, 18 August 2013

അമ്പമ്പട രാഭണാ!

ചിലർ ഇതു കേട്ടിട്ടുണ്ടാവും. കുട്ടിക്കാലത്ത്‌ അച്ഛനുമമ്മയും ധാരാളം കഥകളെനിക്ക്‌ പറഞ്ഞു തരുമായിരുന്നു. (ആ ശേഖരത്തിൽ നിന്ന് ചിലതെടുത്താണ്‌ എന്റെ മകന്‌ ഞാനിപ്പോൾ വിളമ്പാറുള്ളത്‌). ഈ 'അമ്പമ്പട രാഭണാ' കാളിദാസനെ കുറിച്ചുള്ള കഥയിലെ ഒരു ഭാഗമാണ്‌.  അച്ഛൻ പറഞ്ഞു തന്നതാണ്‌. ആ കഥയിലെ വിശദാംശങ്ങൾ ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല (തന്മാത്രകളുടെ എണ്ണത്തിൽ കുറവ്‌ വന്നിട്ടുണ്ടോ എന്നൊരു സംശയമില്ലാതില്ല). കാളിദാസനെ രാജകുമാരിയുടെ അടുത്ത്‌ കൊണ്ടു പോകുന്ന ഭാഗമാണ്‌. അപ്പോൾ കാളിദാസൻ 'കാളി'ദാസൻ ആയിട്ടില്ല. കൊട്ടാരത്തിൽ വെച്ച്‌ കാളിദാസൻ ഇങ്ങനെ പറയുന്നു (സന്ദർഭവും മറന്നു പോയി). പണ്ഢിതൻ എന്നു പറഞ്ഞു കൊണ്ടു വന്നയാൾ പാമരനോ എന്നു അതു കേട്ടവർക്ക്‌ സംശയം തോന്നി. അപ്പോൾ കാളിദാസനെ കൂട്ടിക്കൊണ്ടു വന്നവർ പറയുന്നു. 'പണ്ഡിതൻ പറഞ്ഞതിൽ തെറ്റില്ലെന്നു തോന്നുന്നു. ചിലപ്പോൾ അതാവണം ശരി. കാരണം രാവണന്റെ സഹോദരങ്ങളുടെ പേരുകൾ നോക്കൂ. വിഭീഷണൻ, കുഭകർണ്ണൻ. രണ്ടു പേരുടേയും പേരുകളിൽ 'ഭ' എന്നക്ഷരമുണ്ട്‌. അതു കൊണ്ട്‌ രാവണൻ എന്നതിനേക്കാൾ രാഭണൻ എന്നതാവണം ശരി'. അതു കേട്ട്‌ 'അതു ശരിയാവണമല്ലോ' എന്നു എല്ലാവരും ചിന്തിച്ചു തുടങ്ങുകയും ചെയ്തു..
ഇതു കഥ.

ഇനി രാമായണത്തിലേക്ക്‌..രാമയണ മാസത്തിൽ ശരിക്ക്‌ പറഞ്ഞാൽ ഞാൻ ഓർക്കുന്നത്‌ രാമനേയല്ല! രാവണെനെയാണ്‌!..(കലികാലം എന്നു പറഞ്ഞാൽ മതി). രാമന്റെ അയനമാണെങ്കിലും ഓർമ്മയിൽ വരിക രാവണനെ.. അതിനു കാരണമുണ്ട്‌.

രാവണൻ പണ്ഡിതനാണെന്നാണ്‌ കേട്ടിട്ടുള്ളത്‌. രാവണനെഴുതിയ ഗ്രന്ഥങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌ (ഇപ്പോൾ ലഭ്യമാണൊ എന്നറിയില്ല). ശ്രദ്ധിക്കുക. രാമനെ കുറിച്ച്‌ അങ്ങനെ ആരും 'പണ്ഡിതൻ' എന്നു പറഞ്ഞിട്ടില്ല..രാമൻ ഗ്രന്ഥങ്ങൾ എഴുതിയെന്നും കേട്ടിട്ടില്ല. അങ്ങനെ പണ്ഢിതനായ രാവണൻ സീതയെ തട്ടിക്കൊണ്ട്‌ വരിക, സീതയോട്‌ വിവാഹഭ്യർത്ഥന നടത്തുക എന്നൊക്കെ പറഞ്ഞാൽ അതിൽ യുക്തിയില്ല. രാമാണത്തിന്റെ തന്റെ പല ഭാഷ്യങ്ങളുള്ളതായി കേട്ടിട്ടുണ്ട്‌. ചിലതിൽ രാവണന്റെ മകളാണ്‌ സീതയെന്നും. ചിലതിൽ രാവണനു രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു അറിയാമായിരുന്നുവെന്നും. അതു കൊണ്ട്‌ മോക്ഷത്തിനായി രാമന്റെ കൈ കൊണ്ട്‌ തന്നെ മരണം വരിക്കണം എന്നൊരാഗ്രഹം കൊണ്ട്‌ ഇതൊക്കെ ചെയ്തതാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌..താൻ തട്ടി കൊണ്ട്‌ വന്ന സീത ശരിക്കും 'മായാ സീത' ആണെന്നും രാവണനു അറിവുണ്ടായിരുന്നുവെന്നും.. ആ ഒരു ഭാഷ്യമാണ്‌ എനിക്ക്‌ സ്വീകാര്യമായി തോന്നിയത്‌.. പണ്ഡിതനല്ലേ? അങ്ങനെ ചെയ്യാനാവും സാധ്യത.. മറ്റൊന്ന്.. ഏതൊരു കഥയിലും നായകനു തുല്യമായ, തുല്യബലമുള്ള ഒരു പ്രതിനായകനുണ്ടാവും.. അല്ലെങ്കിൽ പിന്നെ എങ്ങനെ നായകനു ആ 'ഹീറോ' പരിവേഷം കിട്ടും?.. അപ്പോൾ രാവണൻ രാമനു തുല്യനായ ഒരു കഥാപാത്രം തന്നെ..

ഇരുട്ടുണ്ടെങ്കിലല്ലേ വെളിച്ചത്തിനു വിലയുള്ളൂ?..
അങ്ങനെ പറഞ്ഞാൽ വെളിച്ചം ഇരുട്ടിനോട്‌ കടപ്പെട്ടിരിക്കുന്നു!

രാവണെ കുറിച്ച്‌ ഇങ്ങനെ ഒരു കാര്യം നമ്മുടെ പഴയ ആൾക്കാർക്ക്‌ അറിവുണ്ടായിരിക്കണം.
'അവനാളു രാവണനാ'  എന്നു കേട്ടിട്ടില്ലേ?. അവൻ അത്ര ബുദ്ധിയുള്ള ഒരാളാണ്‌ എന്നു പറയുന്നതാണ്‌. ഈ പത്തു തല എന്നൊക്കെ പറയുന്നത്‌ അത്രയും ബുദ്ധി എന്നു സൂചിപ്പിക്കാനാവണം അല്ലാതെ..

'അവനാളു രാമനാ' എന്നാരും പറയുന്നതു കേട്ടിട്ടില്ല..എന്നാൽ 'അവനൊരു മര്യാദരാമൻ' എന്നു പറയുന്നത്‌ കേട്ടിട്ടുണ്ട്‌. പലപ്പോഴും പുച്ഛരസത്തിൽ..അതെന്താ അങ്ങനെ?

കേരളത്തിൽ അധികം രാമന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങളില്ല (കൃഷനും ശിവനും പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ)..എന്താവാം അതിനു കാരണം?
കൃഷ്ണനും രാമനും മഹാവിഷ്ണുവിന്റെ തന്നെ അവതാരങ്ങൾ പക്ഷെ കൃഷ്ണൻ എന്തു കൊണ്ട്‌ കൂടുതൽ സ്വീകാര്യനായി മാറി?.. അറിവുള്ളവർക്ക്‌ പങ്കുവെയ്ക്കാം..കൂട്ടത്തിൽ രാവണൻ എഴുതിയ ഗ്രന്ഥങ്ങളെ കുറിച്ചും.

ഇനി നാളെ..

Saturday, 17 August 2013

സ്വപ്നം കാണുന്ന ചെടികൾ

പല ചിന്തകളും ഒരു വരിയിലേക്ക്‌ ആവാഹിച്ചിരുത്താൻ ശ്രമിക്കുക വളരെ രസകരമായ ഒരു പ്രവൃത്തിയാണ്‌!.

അങ്ങനെ ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമാണ്‌ താഴെയുള്ള ഒരു വരി.
'സ്വപ്നം കാണുന്നുണ്ടോരോ ചെടിയും ഒരു പൂവിനെ!'.

ഒരു പുൽക്കൊടിക്കു പോലും ഒരു സ്വപ്നമുണ്ടാകും. ഒരു റോസാച്ചെടി നടുമ്പോൾ, നമ്മൾ ഒരു റോസാപുഷ്പത്തെ കാണുന്നുണ്ട്‌. പക്ഷെ ഇതൊന്നുമറിയാതെ, ആ ചെടി ഒരു റോസാപുഷ്പത്തെ കണ്ടു തുടങ്ങിയിട്ടുണ്ടാവും. ഇതെന്റെ വെറും തോന്നൽ മാത്രമാണ്‌ :)

ചെടികൾക്ക്‌ വേദനയറിയാൻ കഴിയുമെന്നും, സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞത്‌ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനല്ലേ? ജഗദീശ്‌ ചന്ദ്ര ബോസ്‌. എനിക്ക്‌ തോന്നുന്നത്‌ ഓരോ ഇന്ത്യാക്കാരന്റെയുമുള്ളിൽ കുറച്ച്‌ ആത്മീയത കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്‌!. മറ്റു രാജ്യക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച്‌ കൂടുതൽ. അതെന്താ അങ്ങനെ?. ഒരു പക്ഷെ നമ്മുടെ പാരമ്പര്യമാവാം. മറ്റു രാജ്യങ്ങളിൽ ജീവിച്ചിരുന്ന മുനിമാരെ പറ്റിയോ, ഋഷിമാരെ പറ്റിയോ ഏതെങ്കിലും ചരിത്ര പുസ്തങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ എന്നറിയില്ല.

ചെടികൾക്ക്‌ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും മറ്റും പറയുമ്പോൾ ന്യായമായും ഒരു സംശയം വരും - ചെടികൾ ചിന്തിക്ക‍ാറുണ്ടോ?. ഉണ്ടാവില്ല, അതിനു ഒരു നാഢീവ്യൂഹമില്ല, തലച്ചോറില്ല എന്നൊക്കെ പലരും വാദിക്കുന്നു.. അങ്ങനെ വരുമ്പോൾ രസകരമായ ഒരു ചിന്ത വരും..നമ്മുടെ പാവം യക്ഷികൾ? ഗന്ധർവ്വന്മാർ?.. സ്പർശിക്കാവുന്ന ഒരു രൂപം കൂടി ഇല്ലാത്തവർക്ക്‌ എന്തു ചിന്ത?! എന്തു പ്രതികാരം?!

ഇനി ആദ്യമെഴുതിയ വരിയിലേക്ക്‌ തിരിച്ചു വരാം. അതൊന്നു മാറ്റിയെഴുതി നോക്കാം.

'സ്വപ്നം കാണുന്നുണ്ടോരോ സ്ത്രീയും ഒരു കുഞ്ഞിനെ!'.
ശരിയാണോ? അതു ഒരു സ്ത്രീക്കല്ലേ പറയാൻ കഴിയൂ.. എങ്കിലും അതേക്കുറിച്ച്‌ വായനക്കാർക്കും ചിന്തിക്കാവുന്നതാണ്‌..

ഇനി നാളെ..