Friday, 13 September 2013

വിധി

ഇന്നു ഒരു സുപ്രീം കോടതി വിധി വായിച്ച്‌, കേട്ട്‌ പ്രാന്തായിരിക്കുവാണ്‌. പ്രതീക്ഷിച്ച വിധിയാണെങ്കിലും കൂടുതൽ അതേക്കുറിച്ച്‌ ആലോചിച്ചപ്പോൾ..

ദളിത്‌ സ്ത്രീകൾ, ഗ്രാമങ്ങളിൽ നടക്കുന്ന പീഡനങ്ങൾ, ആദിവാസി പെൺകുട്ടികൾ, ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികൾ. അവരും സ്ത്രീ ജന്മങ്ങൾ തന്നെയല്ലേ?. മനുഷ്യ ശരീരങ്ങൾ തന്നെയല്ലേ?. അവർക്കുള്ളതും മനുഷ്യമനസ്സല്ലേ?. അവർക്കും മാതാപിതാക്കളില്ലേ?..

കുറഞ്ഞപക്ഷം അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും.. ഒരേ ഊർജ്ജമല്ലേ?.

ചിലപ്പോൾ ഇതൊരു മാറ്റമായിരിക്കും..സ്വാതന്ത്ര്യം കിട്ടിയിട്ട്‌ 40/41 വർഷമല്ലേ ആയുള്ളൂ..സമയമുണ്ട്‌..

മുന്നറിയിപ്പ്‌: ഒരേ കാര്യത്തിനെ കുറിച്ച്‌ തുടർച്ചയായി ചിന്തിച്ചു കൊണ്ടേയിരുന്നാൽ തലവേദനയുണ്ടാവും..

ഇനി നാളെ..

Thursday, 12 September 2013

R U OK?

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആർക്കെങ്കിലും എന്തെങ്കിലും അപകടം അല്ലെങ്കിൽ മനപ്രയാസം ഉണ്ടാകുമ്പോൾ പലപ്പോഴും അടുത്തുള്ളവർ (വേണ്ടപ്പെട്ടവരോ, സുഹൃത്തുക്കളൊ ചിലപ്പോൾ അപരിചിതരോ) ചോദിക്കുന്ന ഒരു സാധാരണ ചോദ്യം. ഇതു വായിക്കുന്ന ചിലർ ചിലപ്പോൾ ഈ ചോദ്യം കേട്ടിട്ടുണ്ടാവും (ഇംഗ്ലീഷിൽ തന്നെ ആവണമെന്നില്ല. അവരവരുടെ സ്വന്തം ഭാഷയിൽ).

എന്നാൽ R U OK? day എന്നൊരു ദിവസം ഉള്ള കാര്യം എത്ര പേർക്കറിയാം എന്നത്‌ സംശയമാണ്‌. ഇന്നു - സെപ്തംബർ പന്ത്രണ്ട്‌ R U OK? day ദേശീയ ദിനമായി ചില രാജ്യങ്ങൾ ആചരിക്കുന്നു (ആചരിക്കുന്നു എന്ന വാക്ക്‌ എത്രത്തോളം ഉചിതമെന്ന് സംശയമുണ്ട്‌). ന്യൂസീലാന്റിലും, ആസ്ത്രേലിയയിലും  ഈ ദിവസം പ്രധാനപ്പെട്ട ദിവസമാണ്‌. അമ്മയ്ക്കൊരു ദിവസം, അച്ഛനൊരു ദിവസം, പ്രണയിക്കാനൊരു ദിവസം, ഗുരുക്കന്മാരെ ഓർക്കാൻ ഒരു ദിവസം..എത്ര എത്ര ദിവസങ്ങൾ..ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും അവരെ അപമാനിക്കാൻ വേണ്ടി ദിവസങ്ങൾക്ക്‌ പേരിട്ടത്‌ പോലെയുണ്ടല്ലോ എന്നോർക്കും. അമ്മയെ ഓർക്കാൻ പ്രത്യേക ദിവസമോ?!. പ്രണയിക്കുന്നവർക്കായി ഒരു ദിവസമോ? പ്രണയിക്കുന്നവർ 24 മണിക്കൂറും പ്രണയിച്ചു കൊണ്ടെയിരിക്കും! അതിനു പ്രത്യേക ദിവസമോ സമയമോ വേണോ?! എന്നാൽ ഇതിനേക്കാളൊക്കെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ്‌ R U OK day. മനസ്സിന്റെ വേദന ശരീരത്തിന്റെ വേദനയേക്കാൾ എത്രയോ ഭീകരമാണ്‌. അങ്ങനെ വേദന തിന്നുന്നവർ ഒരു ഇടറിയ നിമിഷത്തിൽ ആത്മഹത്യ ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെ ആത്മഹത്യ ചെയ്യുവാൻ തീരുമാനമെടുത്തവർ ചുറ്റിലുമുള്ളവർക്ക്‌ താൻ സ്വയം ഇല്ലാതാക്കുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന കാര്യം ചില സൂചനകളിലൂടെ കൊടുക്കാറുമുണ്ട്‌.

R U OK? day അവർക്കായിട്ടുള്ളതാണ്‌.

സന്തോഷം പങ്കു വെയ്ക്കുന്നതു പോലെ ദുഃഖവും പങ്കുവെയ്ക്കറില്ല പലരും. പക്ഷെ അവരുടെ ചലനങ്ങളിൽ, മുഖഭാവങ്ങളിൽ, ശബ്ദത്തിൽ, ദുഃഖത്തിന്റെ നേരിയ നിറം പടർന്നിട്ടുണ്ടാവും. അതു അവർ എത്ര തന്നെ മറച്ചു വെയ്ക്കാൻ ശ്രമിച്ചാലും അവരറിയാതെ പുറത്തേക്ക്‌ വളരെ നേർത്ത അളവിൽ പ്രസരിച്ചു കൊണ്ടിരിക്കും.

ഇന്നു ഓഫീസിൽ R U OK day യെ കുറിച്ച്‌ ഒരു പ്രത്യേക മീറ്റിംഗ്‌ ഉണ്ടായിരുന്നു. ഒരു പ്രസന്റേഷൻ, ചില വീഡിയോകൾ, ചില ഹെൽപ്‌ ലൈൻ നമ്പറുകൾ..

നിങ്ങളുടെ ഉറ്റവരുടെ പെരുമാറ്റത്തിൽ, ഇടപെടലുകളിൽ മാറ്റങ്ങൾ കണ്ടാൽ ചോദിക്കാൻ മടിക്കേണ്ട. അവർ ആത്മഹത്യ ചെയ്യാൻ ഒരുമ്പെട്ട്‌ നടക്കുന്നവരാകില്ല പക്ഷെ അവരുടെ മനസ്സിന്റെ വിഷമം അൽപ്പമൊന്ന് അലിയിച്ച്‌ കൊടുക്കാൻ നിങ്ങൾ നിങ്ങളുടെ സമയം ചിലവിടുക. അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കാൻ നിങ്ങൾക്കായില്ലെന്നു വരാം. പക്ഷെ അവരെ മുറിപ്പെടുത്തുന്ന, വലിച്ചു മുറുക്കുന്ന കെട്ടുകളെ ഒന്നയച്ചു വിടാൻ നിങ്ങളുടെ ഒരു തലോടലോ, സ്നേഹം നിറഞ്ഞ വാക്കുകൾക്കൊ കഴിയും. അത്‌ എത്ര മാത്രം ഊർജ്ജമാണവർക്ക്‌ പകരുക എന്ന് നിങ്ങൾക്ക്‌ ഊഹിക്കാൻ കൂടി കഴിയില്ല.

ഇവിടെ പലതരം ഹെൽപ്‌ ലൈൻ നമ്പറുകൾ ഉണ്ട്‌. ജോലിയിൽ സമ്മർദ്ദം അനുഭവിക്കുന്നവർക്ക്‌ വിളിക്കാൻ ഒരു നമ്പർ, കുട്ടികൾക്ക്‌ മാത്രം വിളിക്കുവാൻ ഒരു നമ്പർ, വീട്ടു പ്രശ്നങ്ങൾ കൊണ്ട്‌ മനോ വിഷമം അനുഭവിക്കുന്നവർക്ക്‌ ഒരു നമ്പർ..അങ്ങനെയങ്ങനെ.. ചിലപ്പോൾ ഒരു സുഹൃത്തിനോട്‌ പറയാൻ മടിക്കുന്നവർ, ഫോണിലൂടെ അപരിചിതനായ ഒരാളോട്‌ തന്റെ ദുഃഖമെല്ലാം പറയാൻ തയ്യാറായെന്നു വരും. കേൾക്കാൻ ഒരു കാത്‌ - അതാവണം അവരെല്ലാം ആഗ്രഹിക്കുന്നത്‌.

കേരളത്തിൽ എത്രയോ പേർ ദിവസവും ആത്മഹത്യ ചെയ്യുന്നുണ്ട്‌. അവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരുവാൻ കഴിയുമായിരുന്നിരിക്കണം ഒരു പക്ഷെ അവരുടെ വാക്കുകൾക്ക്‌ ആരെങ്കിലും കാത്‌ കൊടുത്തിരുന്നെങ്കിൽ. ഒരാൾ നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാവുന്ന ശൂന്യത അടയ്ക്കുവാൻ അയാളുടെ ഉറ്റവർക്ക്‌ ഉടൻ കഴിയണമെന്നില്ല. ചിലപ്പോൾ അതൊരു തീരാ ദുഃഖമാകാനും മതി.

അപ്പോൾ മടി കൂടാതെ ചോദിക്കുക - R  U OK?. ആർക്കും അധികം സമയമൊന്നും ആയുസ്സിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടാവില്ല..

ഇനി നാളെ..
കൂടുതൽ വിവരങ്ങൾക്ക്‌ : https://www.ruokday.com/

Wednesday, 11 September 2013

ഒരു വെളുത്ത കടലാസ്‌

ഇന്നു നിന്നു തിരിയാനാകാത്ത വിധം പണിയായിരുന്നു. (സോഫ്റ്റ്‌വെയർ ജോലിയും, കുഴിവെട്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌).

മിക്കപ്പോഴും എഴുതാൻ ഇരിക്കും വരെ എന്താ എഴുതാൻ പോകുന്നതെന്ന് ഒരു പിടിയും ഉണ്ടാവില്ല. എന്നാലെഴുതി തുടങ്ങുമ്പോൾ ഒരു മലവെള്ളപ്പാച്ചിലാണ്‌. ഇതേ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവും (ലോകത്തിൽ എല്ലാം ഒരു പ്രാവശ്യമെ ഉണ്ടാവുന്നുള്ളൂ. ശേഷമെല്ലാം ആവർത്തനമാണ്‌. അതു കൊണ്ട്‌ നേരത്തെ പറഞ്ഞ കാര്യവും എനിക്കു മുൻപെ പോയവർക്കും ഇപ്പോൾ എന്നോടൊപ്പം യാത്ര ചെയ്യുന്നവർക്കും സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്‌).

അങ്ങനെയാണ്‌ വീണ്ടും ചിന്തകളെ കുറിച്ച്‌ തന്നെ ചിന്തിക്കാൻ തുടങ്ങിയത്‌. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ട വിഷയമാണ്‌ ചിന്തകളെ കുറിച്ചുള്ള ചിന്ത. ചിന്തകളെ കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ്‌ ഒരേ ചിന്ത തന്നെ എത്ര പ്രാവശ്യം നമ്മൾ ആവർത്തിച്ചു ചിന്തിക്കുന്നു എന്നൊക്കെ മനസ്സിലാവുന്നത്‌. ഒരു ചിന്തയുമില്ലാതെ എത്ര നേരമിരിക്കാം എന്ന് വിചാരിച്ചിട്ടുണ്ടോ?. അങ്ങനെ ഇരിക്കാൻ ശ്രമിക്കുമ്പോഴും ഒരു ചിന്ത ബാക്കിയാവും. അതു മറ്റൊന്നുമല്ല ഈ 'ഒരു ചിന്തയുമില്ലാതെ ഇരിക്കണം' എന്ന കാര്യത്തെക്കുറിച്ചുള്ള ചിന്ത തന്നെ! ആ ഒരു കാര്യത്തിലാവും നമ്മുടെ ശ്രദ്ധ മുഴുവനും!. ചിലയിടത്ത്‌ വായിച്ചിട്ടുണ്ട്‌.  മനസ്സ്‌ ഒരു വെളുത്ത കടലാസ്‌ പോലെയാക്കണം. അല്ലെങ്കിൽ മനസ്സിൽ കയറി വരുന്ന എല്ലാ ചിന്തകളേയും തുടരെ തുടരെ പുറത്താക്കി കൊണ്ടിരിക്കണം എന്നൊക്കെ. മറ്റൊന്നിനുമല്ല, മനസ്സിനു ഒരു വിശ്രമം കൊടുക്കാൻ വേണ്ടി തന്നെ.

മനസ്സ്‌ ശരിക്കും വിശ്രമിക്കാറുണ്ടോ?
ഹൃദയം ഒരോ പ്രാവശ്യം മിടിക്കുന്നതിനിടയിൽ ഒരു ചെറിയ സമയം (വളരെ ചെറിയ സമയം) വിശ്രമിക്കുന്നു എന്നു എവിടെയോ വായിച്ചിട്ടുണ്ട്‌. ജനിച്ച സമയം മുതൽ മരണം വരെ ആത്മാർത്ഥമായി പണി ചെയുന്ന ഒന്നേ ഒന്ന് - ഹൃദയം മാത്രം. ഒരു പക്ഷെ ജനിക്കുമ്പോൾ മുതൽ ഹൃദയത്തിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരു 'സംഭവം' മനസ്സ്‌ ആയിരിക്കും. മനസ്സിനെ കുറിച്ചുള്ള പഠനം - അതു ശൈശവദശ പോലുമായിട്ടില്ലെന്ന് തോന്നുന്നു..

ഒരാളും മറ്റൊരാളെ പോലെ ചിന്തിക്കുന്നില്ല. ഒരാളുടെ ചിന്തകളുടെ pattern ആയിരിക്കില്ല മറ്റൊരാളുടേത്‌. വിരലടയാളം പോലെ, ഭാവിയിൽ, ചിന്തകളുടെ pattern പാസ്‌വേഡ്‌ ആയി ഉപയോഗിക്കാൻ കഴിയുമെന്നു തോന്നുന്നു.

ചിന്തകൾ വായിക്കാൻ കഴിയുക, ചിന്തകൾ സൂക്ഷിച്ചു വെയ്ക്കാൻ കഴിയുക, ചിന്തകൾ കൈമാറാൻ കഴിയുക, ചിന്തകൾ അയച്ചു കൊടുക്കാൻ കഴിയുക, ചിന്തകൾ വിൽക്കുക! ഇതൊക്കെ ഒരു വിദൂരഭാവിയിൽ സംഭവിക്കുമെന്നു വെറുതെ ചിന്തിച്ചു കൊണ്ട്‌ നിങ്ങളെ പോലെ ഞാനും..

എന്തായാലും ഒരു കാര്യം ശ്രമിച്ചു നോക്കു - മറ്റൊന്നുമല്ല, ഒന്നും ചിന്തിക്കാതെ ഒരു പത്തു മിനിറ്റ്‌ ഇരിക്കാൻ ;)

ഇനി നാളെ..

Tuesday, 10 September 2013

വീണ്ടും വരികൾ

ഇന്നു 'വീണു' കിട്ടിയ വരികൾ.

കണ്ണീരുപ്പു കലർന്നൂ കടലിൽ..
കരഞ്ഞത്‌ കടലോ കരയോ?..
കണ്ണീർ വാർത്തത്‌ കാർമുകിലോ?
കരകാണാതലയും തിരമാലകളോ?
==============================
വാതിൽ പഴുതിലൂടൊഴുകി വരും
പാൽനിലവെ, വരുവാൻ വൈകിയതെന്തേ?
ഇവിടെ കാത്തിരിക്കുന്നൂ ഞാൻ,
നിന്നെ കാണാൻ കൊതിയോടെ..
==============================
ഓടി വിയർത്തൊരു സൂര്യനതാ,
കടലിൽ ചാടാനോടുന്നു.
==============================
താഴ്‌വരയിലൊരു നിലവിളിയുയർന്നു
കൂട്ടം തെറ്റിയ കുഞ്ഞാടാണോ?
==============================
കുളിപ്പിച്ചു, കുറിയിട്ടു, പിന്നെ മാലയും ചാർത്തി.
ഇനിയോ?
ഇനിയാണ്‌ ബലി..
==============================
താഴേക്ക്‌ വീഴും പഴുത്തില പറഞ്ഞു,
'വേഗം വരണേ, ഞാനൊറ്റയ്ക്കാവും!'
==============================
കരയുന്ന പെൻസിലത്രെ
ചിരിക്കുന്ന കഥയെഴുതിയത്‌
==============================
മഴവില്ല് കണ്ടു ഞാൻ തിരക്കി,
എവിടെ മാനത്തിൻ മാൻമിഴികൾ?
==============================
കടലു പോലഗാധമൊന്നു മാത്രം
അതൊരു പെണ്ണിൻ മനസ്സു മാത്രം..
==============================
മാനത്തുണ്ടൊരു പഞ്ഞിമരം
പഞ്ഞിമരത്തിൽ കായുണ്ടേ
കുഞ്ഞെ, നീയതു കണ്ടൊ വാനിൽ
പാറി നടക്കും പഞ്ഞിക്കൂട്ടം?
==============================
മൺവെട്ടി മുറിച്ചൊരു മണ്ണിര വീണ്ടും,
മണ്ണിൻ ഉള്ളിലുറങ്ങാൻ പോയി..
==============================
പിളർന്നു വീണൊരു നാളികേരം
വെറുതെ വെളുക്കെ ചിരിക്കുന്നുണ്ട്‌
==============================

ഇനി നാളെ..

Monday, 9 September 2013

Osteopathy

ഇങ്ങനെ ഒരു വാക്ക്‌ നിങ്ങൾ കേട്ടിട്ടുണ്ടോ?. ചിലപ്പോൾ കേട്ടുകാണും. ചിലർ വായിച്ചിട്ടുണ്ടാകും. ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്‌. ഓഫീസിൽ പോകുന്ന വഴി ഒരു കെട്ടിടത്തിനു മുൻപിൽ എഴുതിവെച്ചിരിക്കുന്നു. താഴെ താഴെയായി മറ്റു ചില വാക്കുകളും. ഇതൊക്കെയാണവ.
Accupuncture, Massage, Naturopathy

അപ്പോൾ മനസ്സിലായി ഈ Osteopathy യും ഒരു ചികിത്സാസമ്പ്രദായമാണെന്ന്.
അതേക്കുറിച്ചറിയാൻ ഗൂഗിളിൽ നോക്കി.

മരുന്നു കൊടുക്കാതെ/ഉപയോഗിക്കാതെയുള്ള ഒരു ചികിത്സാസമ്പ്രദായമാണത്‌.
കൊച്ചു കുട്ടികൾക്കും, ഗർഭിണികൾക്കും വേണ്ടിയുള്ളതാണ്‌ (പ്രധാനമായും).
ചെറിയ ഉളുക്ക്‌, നടുവേദന അങ്ങനെ പലതിനും.
ചില ശരീരഭാഗങ്ങൾ നിവർത്തിയും മടക്കിയുമൊക്കെയാണ്‌ ചികിത്സ.
നാല്‌, ചില രാജ്യങ്ങളിൽ അഞ്ചു വർഷമാണ്‌ ഈ സമ്പ്രദായം പഠിച്ചെടുക്കാനുള്ള സമയം.
കൂട്ടത്തിൽ ഒരു കാര്യം പ്രത്യേകം പറയുന്നു. ശരീരത്തിനു ഒരു മാതിരി പെട്ട പ്രശ്നങ്ങളൊക്കേയും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നല്ലവണ്ണമറിയാം. അതു ശരീരത്തിനു തന്നെ വിട്ടുകൊടുത്താൽ മാത്രം മതി.
രോഗ ലക്ഷണങ്ങൾ പലതുമുണ്ടെങ്കിലും, എളുപ്പത്തിൽ തിരിച്ചറിയാൻ ഒരു വഴിയുണ്ട്‌.
നിങ്ങൾക്ക്‌ ശരിയായ ഉറക്കം കിട്ടുന്നില്ല എന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക്‌ എന്തോ ഒരു പ്രശ്നമുണ്ട്‌!
ഉറക്കക്കുറവ്‌ കൂടി ഒരു രോഗലക്ഷണമാണ്‌. അതെനിക്ക്‌ ഒരു പുതിയ അറിവായിരുന്നു.
നല്ലവണ്ണം ഉറങ്ങിയാൽ, ശുദ്ധ ജലം നല്ല പോലെ കുടിച്ചാൽ, ശുദ്ധ വായു ശ്വസിച്ചാൽ ഒരു മാതിരി പെട്ട അസ്വസ്ഥതകൾ/രോഗങ്ങൾ മാറി കിട്ടുമെന്നു പറയുന്നു. ശരിയാവണം.

കൂടുതൽ വായിച്ചു. വായിച്ചു വായിച്ചു എവിടെയോക്കെയോ ചെന്നെത്തി (ഇന്റർനെറ്റ്‌ നമ്മൾ വിചാരിക്കുന്ന പോലെയല്ല..ഭീകരനാണ്‌..കൊടും ഭീകരൻ).

രാവിലെ എഴുന്നേൽക്കുമ്പോൾ 2 അല്ലെങ്കിൽ മൂന്ന് ഗ്ലാസ്‌ വെള്ളം കുടിക്കുക.
ഉറങ്ങാൻ പോകും മുൻപ്‌ 2 ഗ്ലാസ്സ്‌ വെള്ളം കുടിക്കുക..

ഇത്ര മാത്രം ചെയ്താൽ തന്നെ നമ്മുടെ ശരീരം ഉള്ളിൽ വൃത്തിയായിരിക്കും എന്നാണ്‌ പറയുന്നത്‌.
പുറമേ തിളങ്ങണ വസ്ത്രവും, അതിനു പുറത്ത്‌ സ്പ്രേയും പൂശി നടക്കുന്നവരെ പറ്റി പറഞ്ഞതാണൊ എന്നറിയില്ല.. പക്ഷെ സംഭവം ശരിയാവാനാണ്‌ വഴി.

കൂട്ടത്തിൽ ഒരു കാര്യം കൂടി ഓർത്തു..
ചിക്കൻ പ്രേമികൾക്കായി..
എന്തൊക്കെയോ ചേർത്ത തീറ്റ കഴിച്ചാണ്‌ കോഴിക്കുഞ്ഞുങ്ങൾ വളരുന്നത്‌ (ഇറച്ചി കോഴികൾ). കുറഞ്ഞ സമയം കൊണ്ട്‌ കൂടുതൽ വലുപ്പത്തിലുള്ള കോഴികളാണ്‌ ലക്ഷ്യം. ചെറിയ ലാഭം ഒന്നും പോരല്ലോ..
വൃത്തിയില്ലാത്ത ചുറ്റുപാടിലാണ്‌ വളരുന്നത്‌.
അതിനു ശേഷം ഹോർമോൺ കുത്തിവെയ്പ്പ്‌.
പിന്നെ തമിഴ്‌ നാട്ടിൽ നിന്നുള്ള വരവ്‌.
അതിനെ കൊല്ലുന്നതും പാകം ചെയ്യുന്നതും വൃത്തിഹീനമായ ചുറ്റുപാടിൽ.
ഉപയോഗിക്കുന്ന കറി മസാലയോ മായം കലർന്നതും.
മായം കലർന്ന, പലവട്ടം തിളപ്പിച്ച എണ്ണ.
വൃത്തിയില്ലാത്ത ഹോട്ടൽ ജീവനക്കാർ.
ഇതിന്റെ കൂടെ പറോട്ടയും..
എത്ര മനോഹരം!
(പഴക്കം ചെന്ന കോഴിയിറച്ചിയുടെ കഥ വേറെ).

ശരീരത്തിനു സ്വയം നന്നാക്കുന്നതിനുമില്ലേ ഒരതിര്‌!

ആദ്യം കൊഴുപ്പ്‌ അടിയട്ടെ, പിന്നെ ഹൃദയം നന്നാക്കിയെടുക്കാം..പക്ഷെ നാവിൽ നിമിഷ നേരം മാത്രം തങ്ങി നിൽക്കുന്ന രുചി.. അതു ഉപേക്ഷിക്കാൻ വയ്യ!.. ഹൃദയത്തിനേക്കാൾ നാവിനു പ്രാധാന്യം കൊടുക്കുമ്പോൾ സംഭവിക്കുന്നതാണ്‌.

നിന്ന നിൽപ്പിൽ ആളുകൾ വീണ്‌ മരിക്കുന്നു..
പെൺകുട്ടികൾ നന്നേ ചെറുപ്പത്തിൽ ഋതുമതികളാവുന്നു..
പുതിയ വാർത്തകളാണ്‌.
എവിടെയോ എന്തോ കുഴപ്പമുണ്ട്‌.
ഇനി പച്ചക്കറി കഴിക്കാമെന്നു വെച്ചാൽ അവിടെയും രാസവളം, മറ്റു മരുന്നടികൾ..അങ്ങനെ അങ്ങനെ..

വീട്ടിൽ കപ്പയും, ചേമ്പും, ചേനയും നട്ടു വളർത്തി അതു പുഴുങ്ങി കഴിക്കുന്ന ഒരു കാലം വരും..
സുവർണ്ണ കാലം ;)
നമ്മുടെ അടുത്ത തലമുറയുടെ ഒരു ഭാഗ്യമേ!

ഇനി നാളെ..

Sunday, 8 September 2013

തേനീച്ചകൾ

തേൻ നുണയുമ്പോൾ തേനീച്ചകളെ ഓർക്കാറുണ്ടോ?..

ഇന്നു തേൻ രുചിച്ചപ്പോൾ ഓർത്തു..തേനീച്ചകളെ പോലുള്ള ചില മനുഷ്യരേയും.
തനിക്ക്‌ വേണ്ടിയല്ല തേൻ ശേഖരിക്കുന്നത്‌ എന്നു തേനീച്ചയ്ക്ക്‌ നല്ല ബോധ്യമുണ്ട്‌. എന്നിട്ടും ഒരു പൂവ്‌ പോലും വിടാതെ അതു ശേഖരിക്കുന്നു. അങ്ങനെ ചിലർ നമ്മുടെ കൂട്ടത്തിലുമില്ലേ?. ചില പ്രവാസികളെങ്കിലും..
മറ്റുള്ളവർക്ക്‌ വേണ്ടി തേൻ ശേഖരിക്കുന്നവർ..
അവരുടെ തേൻ രുചിക്കുന്നവർ അവരെ കുറിച്ച്‌ ഓർക്കുന്നുണ്ടാവുമോ?.

തേൻ രുചിക്കുമ്പോൾ നമുക്ക്‌ തേനീച്ചകളെ കുറിച്ചോർക്കാം..

ഇനി നാളെ..

ചില്ലു ജനാല

വളരെ ചെറിയ കാര്യമാണ്‌.
ഇന്നു രാവിലെ നടന്നത്‌.

ഇതാണത്‌.
ഓണമല്ലേ?. കൂടാതെ അവധി ദിവസവും. വീടു വൃത്തിയാക്കാൻ തീരുമാനിച്ചു. അടുക്കള ജനലിൽ കുറച്ച്‌ നാളായി എന്തോ ചെറിയ അഴുക്ക്‌ പറ്റി പിടിച്ചിരിക്കുന്നത്‌ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. ചില്ലു ജനാലയാണ്‌. ഗ്ലാസ്സ്‌ ക്ലീനർ, തുണി എല്ലാം സംഘടിപ്പിച്ചു പണി തുടങ്ങി. വീടിനു പുറത്ത്‌ പോയി വൃത്തിയാക്കൽ തുടങ്ങി. വെളിച്ചം പ്രതിഫലിക്കുന്നത്‌ കാരണം അഴുക്ക്‌ ശരിക്ക്‌ കാണാൻ കഴിഞ്ഞില്ല. എങ്കിലും 'ആത്മാർത്ഥമായി' തന്നെ വൃത്തിയാക്കി. സംതൃപ്തിയോടെ അകത്ത്‌ വന്നു നോക്കിയപ്പോൾ ദാ, അഴുക്ക്‌ അതു പോലെ തന്നെയുണ്ട്‌!

വീണ്ടും വൃത്തിയാക്കൽ തുടങ്ങി. ഇത്തവണ അകത്തെ വശമാണ്‌. വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ്‌ സംഭവം പിടികിട്ടിയത്‌.
അഴുക്ക്‌ പുറത്തല്ല അകത്താണ്‌!.
ഇത്രയും ദിവസം പുറത്തെന്നു ഞാൻ കരുതിയ അഴുക്ക്‌ അകത്ത്‌ തന്നെയായിരുന്നു!

മിന്നൽ പോലെ ഒരു ചിന്ത വന്നു വീണു.
ഇതു തന്നെയല്ലേ പലപ്പോഴും പലർക്കും (എനിക്കും) സംഭവിക്കുന്നത്‌ ?.
നമ്മൾ പലപ്പോഴും പുറത്തെ അഴുക്ക്‌ കളയാൻ ശ്രമിക്കുമ്പോഴും അറിയുന്നില്ല, ശരിക്കും അഴുക്ക്‌ അകത്താണെന്ന്.

ചിലപ്പോൾ ചെറിയ ചെറിയ സംഭവങ്ങളാവും വെള്ളിടി പോലെ വീണ്‌ ചില സത്യങ്ങൾ പറഞ്ഞു തരുന്നത്‌.

ഇനി നാളെ..